2021, ഡിസംബർ 18, ശനിയാഴ്‌ച

 

ഒണക്കച്ചന്റെ കൃഷിപ്പുസ്തകം
-ബാലകൃഷ്ണൻ മൊകേരി
തെക്കേക്കണ്ടത്തിലെ പുളീന്റെ കൊമ്പത്ത്
കാക്കകരയാൻതുടങ്ങുമ്പോൾ
ഒണക്കച്ചൻ
വയലിലേക്കിറങ്ങുന്നു
കുനിയിലെ വാഴയ്ക്ക് തടമിട്ട്
പാളേങ്കയറുമെടുത്ത്
ആണീന്ന് വെള്ളംകോരി നനയ്ക്കുന്നു.
മഞ്ഞേറ്റ് വരമ്പത്തേക്ക്ചാഞ്ഞ
മുണ്ടകൻ നെല്ല്
കുരിശുപോലെ കെട്ടിയുണ്ടാക്കിയ വടികൊണ്ട്
ഞാറുണരാതെ
മെല്ലെ വയലിലേയ്ക്കുതന്നെ ചായ്ച്,
ഉദിച്ചുവരുന്ന വെളിച്ചത്തിനൊപ്പം
വരമ്പത്തെ പുല്ലരിയാൻ വന്ന അമ്മാളുവിനെ
കൂട്ടംകൂടി ഓടിച്ച്,
വയലിൽ ഏറിക്കണ്ട വെള്ളം
ഓവുതുറന്നൊഴുക്കിവിട്ട്,
തോട്ടിലെ തണുത്തവെള്ളത്തിൽ
കാലിലെ ചളികഴുകി,
പടന്നയും കൊടുവാളും തെളക്കി,
തലയിലെ തോർത്തുമുണ്ടഴിച്ച്,
വരവീണ മുഖം തുടച്ച്,
തോർത്തുകുടഞ്ഞ് വീണ്ടുംതലയിൽ മുറുക്കിക്കെട്ടി
ചുമലിൽപടന്നയും കൈയിൽ കൊടുവാളുമായി
പുരയ്ക്കുചെല്ലുന്ന ഒണക്കച്ചന്റെ
കാലൊച്ചകേൾക്കെ മോന്തപൊക്കിയ
ആലയിലെ പൊക്കിപ്പശുവിനോട്
വർത്താനംപറഞ്ഞ്,
വളപ്പിലെ കായ്ക്കാത്ത പ്ലാവിനോട്,
ഇക്കൊല്ലം കായ്ച്ചില്ലങ്കിൽ
മുറിച്ചുകളയുമെന്ന് പേടിപ്പിച്ച്
വടക്കേപ്രത്തെ തെങ്ങിൻതടത്തിൽ
മൂത്രമൊഴിച്ച്,
ആശ്വാസത്തിലൊരു വളിവിട്ട്,
അമ്മിണിയേടത്തിയോട്
ചായയെടുക്കാൻ പറഞ്ഞ്
ഉമ്മറത്തെ ബഞ്ചിലിരുന്ന്
ചുമ്മാ മേലൊട്ടുനോക്കി
ഓലമേയാറായല്ലോ പുരയെന്ന്
ഉറക്കെ ചിന്തിച്ച്
കാത്തിരുന്നു ഒണക്കച്ചൻ!
കുടുവനൊരു പിഞ്ഞാണത്തിൽ
ചിരവിയ തേങ്ങ നേദിച്ച കഞ്ഞിയും,
ഇലച്ചീന്തിലച്ചാറുമായി
അമ്മിണിയേടത്തി
മുറ്റത്തെ വരിക്കപ്ലാവിന്റെ
വീണുകിട്ടിയ പഴുത്തില
കോട്ടിക്കുത്തി കരണ്ടിയാക്കി
മുന്നിൽവെച്ചു.
ഒണക്കച്ചൻ കഞ്ഞികുടിക്കുമ്പോൾ
തോട്ടിൽവീണൊഴുകുന്ന കവുങ്ങിൻപാള
പനിച്ചിപ്പൊന്തയിൽ കുരുങ്ങി നില്ക്കുമ്പോലെ
തങ്ങിനിന്നല്ലോ അമ്മിണിയേടത്തി !
എന്തന്നാക്കളേയെന്ന
സമ്മതംകിട്ടിയപ്പോൾ,
ഒരേയൊരു മോളുടെഭർത്താവിന്റെ
പലചരക്കുകടയിൽനിന്ന്
ഇങ്ങളെന്താന്നിപ്പം
സാധനൊന്നും വാങ്ങിക്കാത്തേന്ന്
അമ്മിണ്യേടത്തി
തഞ്ചംകണ്ട് ചോദിച്ചു!
കഞ്ഞിപ്പാത്രം വായിലേക്കുയർത്തിപ്പാർന്ന്
ഒണക്കച്ചൻ പറയുന്നു
എണേ ,ഇന്റെ മോളെ നായർക്ക്
മേലെ അങ്ങാടീലാ കച്ചോടം,
താഴെ അങ്ങാടിയേക്കാളും
കിലോമ്മല് പത്തുപൈസ അധികാ
ഓന്റെ പീട്യേല്,
പിന്നെങ്ങിനെയാ ആട്ന്ന് വാങ്ങ്വ ?
അച്ഛനെക്കൊണ്ട്
അമ്മയോട് പരാതിപ്പെടാൻ
പുലരുംമുമ്പേ വന്ന മോള്,
ചരുവംപോലെ വീർപ്പിച്ച മീടുംകൊണ്ട്,
അപ്പോൾ,അടുക്കളമറയം വിട്ട്
ഉമ്മറത്തേക്കിറങ്ങിവന്നു.
അച്ഛനിതാര്ക്കാന്ന് ഇനീങ്ങനെ സമ്പാദിക്ക്ന്നേ?
ഓറ് പറഞ്ഞേരം എനക്കങ്ങ് കൊറച്ചിലായിപ്പോയി !
അച്ചാറിന്റെ ഇലച്ചീന്ത്
ഒരൊച്ചയോടെ നക്കിയശേഷം,
ഒണക്കച്ചൻ
ഹാഹാച്ചിരി നീട്ടിച്ചിരിച്ചു.
അത് പറമളേ,അത് ചോയ്ക്കാനാ
പൊലരുംമുമ്പേ ഞ്ഞി വന്നുകേറിയത് ?
മെനഞ്ഞാന്നിവിടുത്തെ അമ്മിണിക്ക്
ഊരവേദനവന്ന് കെടന്ന്പോയേരം
ഒന്ന് വന്ന്നോക്കാൻപോലും നേരേല്ലാഞ്ഞല്ലോ മളേ!
ഒരങ്ങാടീല് പറ്റൂല രണ്ട് വെല
ഇന്റെ നായരോട് വെല കൊറക്കാൻ പറ,
താഴേഅങ്ങാടീന്ന് മേലോളം നടക്ക്വേം
പൈസഅധികം കൊടുക്ക്വേം
എനക്കിതല്ലേ തൊരം,
ഒണക്കച്ചനെണീറ്റ്
മിറ്റത്തിണ്ടുമ്മലെ കിണ്ടീന്റെ വാലിലൂടെ
വെള്ളം വായിലൊഴിച്ച് കുലുക്കുഴിഞ്ഞ്
ഒച്ചയോടെ വള്ളിച്ചോട്ടിൽ തുപ്പുന്നതുനോക്കി
സൂര്യനപ്പോൾ
താഴത്തെത്തൊടിയിലെ
മുരിക്കിന്റെ കൊമ്പത്തിരിക്കുകയായിരുന്നു!
*********************************


 

മുക്കുറ്റി
ബാലകൃഷ്ണൻ മൊകേരി
ഈവഴിയോരത്തൊരു
പാവമാം മുക്കുറ്റിയിൽ,
കമനീയമായുള്ള
സുമങ്ങൾ ചിരിക്കുന്നൂ!
കൺകളിൽപെടാനുള്ളോ-
രുൺമയില്ലവയ്ക്കൊന്നും,
മയക്കും മണത്തിന്റെ
നിയമം വഴിയില്ല !
വളരാൻ വളമാരും
നല്കുകില്ലതി,നല്പം
ജലമേകുവാൻപോലു-
മില്ലാരും, മഴമാത്രം!
ആവഴിനടക്കുവോ-
രിവളെ ശ്രദ്ധിക്കാതെ,
കാലുവെക്കുന്നൂ മേലെ,
തലയോ ചതയുന്നൂ!
ഇങ്ങനെ ദുരന്തങ്ങൾ
ചങ്ങലപോലേ വന്നു
വരിഞ്ഞുമുറുക്കിലും,
കരയാനൊരുങ്ങാതെ,
അതിജീവനത്തിന്റെ
അതിരും ഭേദിച്ചിവൾ
തലപൊന്തിച്ചേ നില്പൂ,
നിലപാടുറച്ചവൾ!
എങ്കിലും മുക്കുറ്റിനീ-
യെന്തിനീയവനിയിൽ,
കുഞ്ഞുപൂവുകൾചൂടി
കാത്തിരിക്കണം നിത്യം?
ആരുനിൻ സുമശില്പ
ചാരുതയറിയുന്നൂ,
ആരാനും നിന്നെക്കാണാൻ
വരുമോ? നിനപ്പൂഞാൻ !
നിനവിൽമുഴുകിഞാ-
നനങ്ങാതിരിക്കവേ,
പറന്നെത്തുകയല്ലോ
ചെറിയ ശലഭങ്ങൾ!
കുഞ്ഞനാം പൂവിൽനിന്നു
കുഞ്ഞുപൂമ്പാറ്റക്കൂട്ടം
മധുവുണ്ണുന്നൂ, ദൃശ്യം
മധുരം മനോഹരം!
ഈവിധം പ്രകൃതിയിൽ
ജീവിതപാരസ്പര്യം
നിലനില്ക്കുന്നൂ,കാല-
ലീലയെന്നതുപോലെ!
******************************

2021, ഡിസംബർ 6, തിങ്കളാഴ്‌ച

 ഗൃഹാതുരം 11

വെള്ളരിക്കണ്ടം
ബാലകൃഷ്ണൻ മൊകേരി-

നെല്ലുമൂർന്നിട്ടു,വെയിലേറുതട്ടി
കല്ലുുപോൽപാടമാറിടും മുമ്പേ
മൂരിവച്ചിട്ടു വയലൊന്നിളക്കി
നീരുവറ്റാനിളവൊന്നുനോക്കി,
വെയിലുമങ്ങുന്നനേരത്തു ഞങ്ങൾ
വിത്തുപാകാനൊരുക്കുംതടങ്ങൾ
അത്തടത്തിൽ മുഴച്ചങ്ങുനില്ക്കുന്ന
കട്ടയെല്ലാമടിച്ചുടയ്ക്കുന്നൂ,
കുഴിയിൽ വെണ്ണീറു,ചാണകംചേര്ത്തു
പാകമാക്കിയാൽ വെള്ളരികുത്തും!
അപ്പുറത്തൊരു കുടുവൻകുളത്തിൻ
നില്പിലല്ലേ കൃഷിക്കരുത്തെല്ലാം ?
വെള്ളമുണ്ടതിൽ നിറയെ,മൺപാത്രം
കൊണ്ടുകോരിയെടുക്കുന്നു ഞങ്ങൾ,
പാത്രധാരയായ് നനതുടങ്ങുന്നൂ
കൈകളാൽ തടയിട്ടു പിശുക്കി,
തീവെയിലിന്റെ മടിയിൽമുളച്ചാൽ
ജീവനം ഞങ്ങള് പങ്കിട്ടുനല്കും!
(രാഗനാമ്പുകൾചിലതൊക്കെയപ്പോൾ
പൊങ്ങിയേക്കും,മനസ്സുും കുളിരും! )
വെള്ളരിച്ചെടിയാവേശമൊടങ്ങു
വള്ളിവീശിപ്പടര്ന്നു നിറയും,
പൂവുകാട്ടും,തുടര്ന്നവയൊക്കെയും
കായ്കളായിത്തുടുത്തുതുടങ്ങും!
(പ്രാണിബാധകൾ കുറവായിരുന്നു,
നാട്ടിലെല്ലാം കൃഷിയായിരുന്നു!)
പാകമാകാൻതുടങ്ങുന്നകാലത്ത്
വന്നുചേരുന്നു കുഞ്ഞികുറുക്കൻ !
രാത്രികാവലുതുടങ്ങുമക്കാലം
പന്തൽകെട്ടിച്ചെറുബാല്യവൃന്ദം
റാന്തലിൻ ചെറിയനാളംതരുന്ന
നേര്ത്തചുടിൽ, ഇമയടക്കാതെ
കാവൽ നില്ക്കെയ,വര്നാടകങ്ങളെ
ജീവിതത്തിൽനിന്നൂറ്റിയെടുക്കും
രാത്തണുപ്പിന്റെ നേരങ്ങള്,വൈകിയാൽ
നാടകത്തിൻ കളരിയായ് മാറും!
നെഞ്ചുകീറുന്ന സംഭാഷണങ്ങളാ
നാട്ടകങ്ങൾ കുലുക്കിയുണര്ത്തും!
കാവലാൾക്കുമയക്കംപിടിക്കുവാൻ
കാത്തുനില്ക്കും സൃഗാലമൂപ്പന്മാര്
കട്ടുതിന്നാൻ മറന്നുപോം ചുറ്റിലും
ഞെട്ടിയോടുമാച്ചെത്തങ്ങൾ കേള്ക്കെ!
കൊന്നകൾപൊന്നിൻ ഞാത്തണിയുന്നേരം
വന്നുചേരും വിഷുവിന്നു മുൻപേ,
ചോന്നുനില്ക്കുന്ന വെള്ളരിക്കായകൾ
ചെന്നുഞങ്ങള് വിളവെടുക്കുമ്പോൾ,
ആവയലിന്നുടയോരുവന്നിട്ടു
പാട്ടമെണ്ണും,വരികൾക്കൊരെണ്ണം!
ബാക്കിയുള്ളതു ചാക്കിൽ നിറച്ചാണ്
ഞങ്ങളുംവിട്ടിൽകൊണ്ടുപോകുന്നു!
അന്നുരാവിലാവെള്ളരിക്കണ്ടങ്ങൾ
നാടകത്താൽ പ്രകമ്പനംകൊള്ളും!
നീക്കിബാക്കിയാ വെള്ളരിക്കണ്ടത്തിൽ
ഗ്രാമജീവിതംപോൽവളമാകും!
ഇന്നുമോര്മ്മയിലൊരു മേക്സിന്റെവെട്ടം
മിന്നിനില്ക്കു്ന്നു വെള്ളരിക്കണ്ടം!
.........................................

 അർത്ഥം

ബാലകൃഷ്ണൻ മൊകേരി
how long have I been
to wait for
thine soft touch
to transform
me,
a black rock,
in to life?
മുറിയിലെത്തുമ്പോൾ
എന്റെ ചങ്ങാതി,
ഡയറിയിൽനിന്ന് ചീന്തിയെടുത്തൊരു
കടലാസുകഷണത്തിൽനോക്കിയിരിക്കുന്നു.
ഇതുനോക്കൂ,ചൊന്നാനവൻ,
അപ്പുറത്തുള്ളവീട്ടിലെ പുതിയ അതിഥി
അവിടുത്തെ ചേച്ചിയുടെ
സർക്കസ്സുുകാരിയായ അനിയത്തി,
ലീവിൽവന്നവൾ
അതിരാവിലെ കസർത്തുകളിക്കുവോൾ,
മലക്കംമറിയുവോൾ
അർഥംപറയാൻ തന്നതാണ്.
അപ്പുറത്തെ വീട്ടിന്റെ
പിന്നാമ്പുറത്തെ
പാതിയടഞ്ഞ ജനൽപ്പാളിക്കപ്പുറം
ആർദ്രമായ രണ്ടുമിഴികൾ
എന്റെ സുന്ദരനായ ചങ്ങാതിയെ
ഇടയ്ക്കിടെ വന്നുതലോടുന്നുണ്ടായിരുന്നു.
പ്രേമലേഖനമല്ലേയെന്ന്
സാമാന്യവത്ക്കരിച്ചപ്പോളവൻ
അവളിതിന്റെ അർത്ഥം എഴുതിക്കൊടുക്കാൻ
ഏല്പിച്ചതാണെന്ന് പറയുന്നു.
ഏത് ശുഷ്ക്കനിരൂപകനും
ഈ വരികളുടെ പ്രണയസൂചന മനസ്സിലാവുമെന്ന്
ഞാൻ പറഞ്ഞപ്പോൾ,
നീയതിന് നിറംകൊടുക്കുകയാണ്,
അവൾ, ആ പാവം പെൺകുട്ടി
അർത്ഥമറിയാനായിമാത്രം ചോദിച്ച
ഒരു കാവ്യശകലം
ചില കാവ്യനിരൂപകരെപ്പോലെ
ദുർവ്യാഖ്യാനംചെയ്യരുതു നീയെന്ന്
ശബ്ദമുയർത്തി ചങ്ങാതി.
അവളിവിടെ ഒരുമാസക്കാലംകാണുമെന്നു
ചേച്ചിപറഞ്ഞിട്ടുണ്ടെന്നും,
നിന്റെ ദുസ്സംശയങ്ങളെല്ലാം
അപ്പോൾതീരുമെന്നുംപറഞ്ഞു ചങ്ങാതി.
പിന്നെയാകടലാസ്സിന്റെ
മറുപുറത്തയാൾ,
അക്കവിത മലയാളത്തിലേക്ക്
മൊഴിമാറ്റിക്കൊണ്ടിരുന്നു.
രാവിലെ കോളേജിലേക്കുപോകുമ്പോൾ
അതയാളവൾക്കു കൈമാറിയത്രേ.
സന്ധ്യക്കുതിരിച്ചെത്തുമ്പോൾ,
മുറ്റത്തുനില്ക്കുന്ന ചേച്ചിയോട്
സർക്കസ്സുകാരിയെപ്പറ്റി ചോദിക്കെ
അവൾ തിരിച്ചുപോയെന്നവർ.
ലീവുകേൻസൽചെയ്ത്പോയതാണെന്നും
പെട്ടെന്ന് തിരിച്ചുചെല്ലാൻ
മെസേജുവന്നെന്ന്
അവൾ പറഞ്ഞന്നും ചേച്ചി.
പാവം,കുട്ടി,
ആളും ആരവങ്ങളുമൊഴിഞ്ഞ്
ചേച്ചീടെകൂടെനില്ക്കുമ്പോൾ
എന്തൊരു സന്തോഷമാണെന്ന്
കഴിഞ്ഞദിനവും പറഞ്ഞിരുന്നു!
കൊതിക്കണ്ണുകള്ക്കിരയായി
ട്രപ്പീസിൽ തൂങ്ങിയാടാനാണ്
പാവത്തിന്റെ വിധിയെന്ന്
ചേച്ചിയുടെകണ്ണിൽ
നീരുറയുന്നതുകണ്ടപ്പോൾ,
ഇതിനെപ്പറ്റി
ചങ്ങാതിയെന്താവും പറയുകയെന്ന്
ചിന്തിക്കയായിരുന്നു ഞാൻ !
********************************