2021, ഡിസംബർ 18, ശനിയാഴ്‌ച

 

മുക്കുറ്റി
ബാലകൃഷ്ണൻ മൊകേരി
ഈവഴിയോരത്തൊരു
പാവമാം മുക്കുറ്റിയിൽ,
കമനീയമായുള്ള
സുമങ്ങൾ ചിരിക്കുന്നൂ!
കൺകളിൽപെടാനുള്ളോ-
രുൺമയില്ലവയ്ക്കൊന്നും,
മയക്കും മണത്തിന്റെ
നിയമം വഴിയില്ല !
വളരാൻ വളമാരും
നല്കുകില്ലതി,നല്പം
ജലമേകുവാൻപോലു-
മില്ലാരും, മഴമാത്രം!
ആവഴിനടക്കുവോ-
രിവളെ ശ്രദ്ധിക്കാതെ,
കാലുവെക്കുന്നൂ മേലെ,
തലയോ ചതയുന്നൂ!
ഇങ്ങനെ ദുരന്തങ്ങൾ
ചങ്ങലപോലേ വന്നു
വരിഞ്ഞുമുറുക്കിലും,
കരയാനൊരുങ്ങാതെ,
അതിജീവനത്തിന്റെ
അതിരും ഭേദിച്ചിവൾ
തലപൊന്തിച്ചേ നില്പൂ,
നിലപാടുറച്ചവൾ!
എങ്കിലും മുക്കുറ്റിനീ-
യെന്തിനീയവനിയിൽ,
കുഞ്ഞുപൂവുകൾചൂടി
കാത്തിരിക്കണം നിത്യം?
ആരുനിൻ സുമശില്പ
ചാരുതയറിയുന്നൂ,
ആരാനും നിന്നെക്കാണാൻ
വരുമോ? നിനപ്പൂഞാൻ !
നിനവിൽമുഴുകിഞാ-
നനങ്ങാതിരിക്കവേ,
പറന്നെത്തുകയല്ലോ
ചെറിയ ശലഭങ്ങൾ!
കുഞ്ഞനാം പൂവിൽനിന്നു
കുഞ്ഞുപൂമ്പാറ്റക്കൂട്ടം
മധുവുണ്ണുന്നൂ, ദൃശ്യം
മധുരം മനോഹരം!
ഈവിധം പ്രകൃതിയിൽ
ജീവിതപാരസ്പര്യം
നിലനില്ക്കുന്നൂ,കാല-
ലീലയെന്നതുപോലെ!
******************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ