2020, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ചാത്തുനായര്‍
കവിത)-ബാലകൃഷ്ണന്‍ മൊകേരി.

      ഇരുണ്ടുണങ്ങിയ ദേഹത്തില്‍
കഞ്ഞിപ്രാക്കു ധരിച്ചയാള്‍
കണങ്കാല്‍വരെയെത്തുന്ന
മല്‍മല്‍മുണ്ടു,മിടത്തുകൈ-
ത്തണ്ടയില്‍ തൂക്കിയിട്ടുള്ള
കാലന്‍കുടയുമങ്ങനെ
മുട്ടത്തോടുപോല്‍ മിന്നും
മുഖത്തു ചിരിചിന്നിയും
ഓര്‍മ്മതന്നിടവഴികളില്‍
ചാത്തുനായര്‍ കന്നുമേയ്ക്കുന്നു !
പുറംകണ്ണു കാണാത്തയാള്‍,
അകക്കണ്ണു തുറന്നയാള്‍,
കാലൊച്ചകേള്‍ക്കെയെപ്പോഴും
ആളെ വേറിട്ടറിയുവോന്‍ !
താന്‍പോറ്റും പശുവിന്‍പാലില്‍
ജീവിതം നെയ്തിടുന്നവന്‍,
മോന്തിയാംമുമ്പ്,കിണറിന്റെ
കരയില്‍ ചെന്നു കുളിക്കുവോന്‍,
അത്താഴമുണ്ടതിന്‍ശേഷം
തിണ്ണയില്‍ചെന്നങ്ങിരിക്കയായ്
ഇറയില്‍ തിരുകിവെച്ചുള്ളോ-
രോടക്കുഴലങ്ങെടുക്കയായ്,
പിന്നെയാ വീടും നാടും
വെളിച്ചത്തില്‍കുളിക്കയായ് !
സംഗീതം ചിങ്ങമഴപോലെ
ശമിപ്പിക്കുന്നു മാനസം !
പിറ്റേന്നും കന്നുമേയ്ക്കുന്നൂ
കണ്ണകാണാത്ത മാനവന്‍
കുഴിയും കല്ലും കാടും
പാമ്പുകള്‍പോലുമെപ്പൊഴും
വഴിമാറിക്കൊടുക്കുന്നൂ
-വഴിതെറ്റാതെ ഗായകന്‍ !
കണ്ണുകാണാത്ത ചാത്ത്വാരേ,
കന്നുമേയ്ക്കുന്ന ഗായകാ
ഒച്ചകേട്ടിപ്പോഴും നിങ്ങള്‍
നാടിന്‍മിടിപ്പറിയുമോ ?
ഒച്ചയില്ലാ നടത്തങ്ങള്‍,
ഒപ്പമില്ലാത്ത നാടകം ?
ഓര്‍മ്മയില്‍ ചാത്തുനായര്‍ക്ക്
കത്തും കണ്ണുമുളയ്ക്കയായ് !
(നാടുവി,ട്ടേറെക്കാലം
കഴിഞ്ഞാവഴിപോകവേ
നിനക്കീവഴിയിപ്പോഴും
അറിയുമോയെന്നചോദ്യമായ്
ചാത്ത്വായര്‍ കന്നുമേയ്ക്കുന്നൂ
പുല്ലുണങ്ങിയൊരോര്‍മ്മയില്‍)

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച


പക്ഷിശാസ്ത്രം
ചൂടുപെയ്യുംപക,ലന്നൊരുച്ചയില്‍
കേറിവന്നാള്‍ കുറത്തി,യെന്‍വീടിന്റെ-
യങ്കണത്തില്‍ പതുക്കെയിരുന്നവള്‍
ഏറെയാവില്ല പ്രായം,മുറുക്കിനാല്‍-
ചോന്ന ചുണ്ടുകള്‍,മഷിചേര്‍ന്ന കണ്ണുകള്‍,
(കണ്ണിലെക്കയനീലിമയ്ക്കുള്ളിലെ
വെള്ളിമീനുകള്‍ ചാടിക്കളിച്ചുവോ? )
നെറ്റിയില്‍ കുറി,രുദ്രാക്ഷമാലയൊ-
ന്നാകഴുത്തില്‍,വിയര്‍പ്പില്‍ കുളിക്കയാം.
തോളിലുണ്ട് തുണിസഞ്ചി,കൈകളി-
ലൊന്നിലാകിളിക്കൂട്,ആ കൂട്ടിലോ
നിന്നുറങ്ങുന്നു പഞ്ചവര്‍ണ്ണക്കിളി!
"എന്തു വേണം ?"പറഞ്ഞിടാമൊക്കെയും,
പക്ഷിശാസ്ത്രം,പഴുതറ്റ വാക്കുകള്‍.
വര്‍ത്തമാനവും, ഭൂതവും ഭാവിയും
ചെറ്ററിയാന്‍ കൊതിയിരിപ്പീലയോ ?
കൂട്ടിലെക്കിളിച്ചുണ്ടുകള്‍ ചീട്ടുകള്‍
സാറിനായി തെരഞ്ഞെടുക്കട്ടെയോ ?”
സ്തബ്ധനായി ഞാന്‍ തത്തയെ നോക്കവേ,
കൂട്ടിലെക്കിളിയെന്തോ പുലമ്പിയോ !
"കൃത്യമായവള്‍ ചീട്ടുവലിക്കുമെ”-
ന്നപ്പൊഴും പറയുന്നൂ കുറത്തിയാള്‍,
കൂട്ടിലെക്കിളി, യപ്പോഴുമെന്റെ നേര്‍-
ക്കൊച്ചകള്‍ നീട്ടി,യെന്തോ പുലമ്പിയോ ?
കൂടുമേലെയടുക്കിയ ചീട്ടുകള്‍,
ആ കുറത്തി തന്‍മുന്നില്‍ നിരത്തിനാള്‍,
പിന്നെയാക്കിളിക്കൂടു തുറക്കയായ്
പൈങ്കിളി പുറത്തെത്തീ പതുക്കവേ,
ചീട്ടുകള്‍, പല ചിത്രങ്ങളങ്കിത-
മായ ചീട്ടുകള്‍, രാമായണംകഥ,
ഭാരതം, ചില സന്ദര്‍ഭചിത്രങ്ങ-
ളൊക്കെയും പരതുന്നുണ്ട് ശാരിക !
എന്റെ ഭൂതവും ഭാവിയും,പിന്നെയീ
വര്‍ത്തമാനവും, ചീട്ടിലതൊന്നിലും
കണ്ടെടുക്കാന്‍ കഴിയാതെ, പൈങ്കിളി
ഒന്നു നിന്നുവോ, എന്റെയീ കണ്‍കളി-
ലുറ്റുനോക്കിയോ,ഒച്ചയുണ്ടാക്കിയോ ?
ഞെട്ടലില്‍നിന്നുണര്‍ന്നുഞാന്‍ നോക്കവേ
തത്ത വാനില്‍ പറന്നങ്ങു പോകയായ്!
2
"കഷ്ടമായീ, കുറത്തീ,യിനിയെന്തു
ചെയ്തിടും നിങ്ങ"ളെന്നു ചോദിക്കവേ,
ഞെട്ടലോടെ ഞാന്‍ കാണ്മിതവളൊരു
മന്ത്രമോതി,യൊരിറ്റുനീരെന്റെ മേല്‍
മെല്ലെ മെല്ലെ കുടയുന്നു, ഞാനൊരു
തത്തയാകുന്നു,പഞ്ചവര്‍ണ്ണക്കിളി !
എന്‍ ചിറകുകള്‍ കൂട്ടിപ്പിടിച്ചവള്‍
തന്റെ കൂടിനകത്തേക്കെറിയുന്നു,
വാതില്‍ മെല്ലെയടച്ചുപൂട്ടീടുന്നു,
കൂടു തൂക്കി നടക്കുന്നു പിന്നെയും!

2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

പാലങ്ങള്‍
ഇക്കാണും പുഴമേലെ
പലജാതിപ്പാലങ്ങള്‍
പലപുകിലില്‍,മറുകരയില്‍
പോകുകയാണിരതേടി
കയറാല്‍,ചില വള്ളികളാല്‍
തൊട്ടില്‍പോലാടുന്നവ,
കമ്പികളാല്‍ കോണ്‍ക്രീറ്റാല്‍
സ്ഥാവരമെന്നോര്‍ക്കുന്നവ,
കൈവരിയില്‍ ചൂണ്ടയിടാന്‍
ജനമെത്തിത്തിങ്ങുന്നവ
-ഇവയെല്ലാം പെരുമഴയില്‍
പലവഴിയേ തകരുന്നവ
(ഇതുകാണും പുഴപോലും
നാണിച്ചുചുരുങ്ങിപ്പോം)

 എന്നാല്‍ മറ്റുചില പാലങ്ങളുണ്ട്.
അവ അനുഭവത്തിന്റെ സിമന്റും
പ്രത്യാശയുടെ മെറ്റലും
നിലപാടുകളുടെ
ഉരുക്കുകമ്പികളുംകൊണ്ട്
പണിതുയര്‍ത്തിയവ
കാലാവസ്ഥയുടെ കലഹത്തിനുമുകളില്‍
ഭൂത-ഭാവികളെ കൂട്ടിയിണക്കിക്കൊണ്ട്
അവയെന്നും തലയുയര്‍ത്തിനില്ക്കുന്നു.
അക്കരപ്പച്ചയുടെ മൂടല്‍മഞ്ഞിലേയ്ക്ക്
തുളച്ചുകയറുന്ന സര്‍ച്ച് ലൈറ്റുമായി,
കീഴെ ഒഴുകിപ്പോവുന്ന
പുഴയുടെ മിടിപ്പുകള്‍ അളന്നറിഞ്ഞ്,
അരിച്ചെടുക്കുന്ന ചരിത്രവും
മാനവസംസ്കാരവും
അവ കാത്തുവയ്ക്കുന്നു.
ഏതു നട്ടുച്ചകളിലും യാത്രികര്‍ക്കവ
ആശ്വാസക്കുളിര്‍കാറ്റും
പ്രതീക്ഷയുടെ ഉള്‍ക്കരുത്തും നല്കുന്നു
നിങ്ങളുടെ പുതുതലമുറവണ്ടികളില്‍
പാലങ്ങള്‍കടന്നുപോകുമ്പോള്‍
ഒരിത്തിരി ആദരവോടെ
അരനിമിഷം ഒതുങ്ങിനിന്നാല്‍,
സംശയിക്കേണ്ട,കൂടെയുണ്ടാവും
പാലത്തിന്റെ നിലയ്ക്കാത്ത മിടിപ്പുകള്‍
എന്നും......