2014, ഡിസംബർ 30, ചൊവ്വാഴ്ച

പുതു വത്സരം

ഒരു വന്‍മരം കടപുഴകി വീണാലെന്താ-
ണൊരു തുച്ഛമാം വിത്തുണ്ടപ്പുറം മുളയ്ക്കുന്നൂ...
അതിനും വഴിപോലെ വളരാനാകാശവും
ഭൂമിയുമൊരുക്കുവാനിത്തിരി നേരം കാണാം
കുഞ്ഞനാം തൈയും വളര്‍ന്നുയരും,ഇലച്ചാര്‍ത്തില്‍
പൂക്കളാലലങ്കാരത്തോരണങ്ങളും തൂക്കും
അതിലും കിളിയെത്തിക്കൂടുകള്‍ കൂട്ടും, കുഞ്ഞു-
ചുണ്ടുകളുതിര്‍ക്കുന്ന സംഗീതമുയര്‍ന്നീടും
വീണ വന്‍മരം നൂറു നന്‍മകള്‍ നിറഞ്ഞതാ-
ണതിലും നന്നായ് വളര്‍ന്നീടുമീ ചെറു തൈയും
പോയകാലത്തിന്നോര്‍മ്മ നല്ലതു, പക്ഷേ, പുതു-
വത്സരത്തിനായുള്ളിന്‍ കതകു തുറക്കുക !

2014, ഡിസംബർ 24, ബുധനാഴ്‌ച

ക്രിസ്തുമസ് 2014

അന്യര്‍ക്കായവനവനെ
കുരിശിലേറ്റിയോന്‍
പ്രത്യാശ തന്‍ പ്രകാശമായ്
കല്ലറയിലുയിര്‍ക്കൊണ്ട്
കാലത്തിനാകാശത്തില്‍
നിത്യ സാധനാ പാഠമായ്
അനുഗ്രഹം തന്നേ നില്ക്കെ,
നമ്മളോ പാപികള്‍
ആശംസാ വചനത്തിന്റെ
സ്വര്‍ണ്ണപ്രഭയില്‍ മുങ്ങി
പാനോത്സവങ്ങളില്‍
മതിമറന്നിരിപ്പല്ലോ !
ചരിത്ര സന്ധികള്‍ തന്‍
രക്ത സാക്ഷിത്വം നമ്മള്‍
വെറുമൊരാഘോഷമായ് മാത്രം
കൊണ്ടാടുന്നവരല്ലോ..........

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

വ്യാഖ്യാനം
           ഇത് വ്യാഖ്യാനങ്ങളുടെ കാലമാണ്
എന്തും എങ്ങനെയും
എവിടേയും പറയാനാവും
ചിരിയും കരച്ചിലും
പല വിധത്തിലെഴുതാം
നെഞ്ചു പിളര്‍ന്ന്കാണിക്കുന്ന ഹൃദയം
പിഴിഞ്ഞെടുത്ത് ലഹരി നുണയാം !
ജീവിതത്തെ മരണമെന്നും
മരണത്തെ ജീവിതമെന്നും
വാദിച്ചുറപ്പിക്കാം
           ഒടുവില്‍ നമുക്കുതന്നെ
നമ്മെ സംശയമാകും
അതാണ് വ്യാഖ്യാതാ വേത്തി..
അതിജീവനത്തിന്
വഴിയൊന്നു മാത്രം
അവനവന്‍ അവനവനെന്ന
ആത്മവിശ്വാസത്തിന്റെ പുല്‍നാമ്പ്
മനസ്സില്‍ നട്ടുവളര്‍ത്തുക
          ഏതു കൊടും വേനലിലും
ബാക്കിയാവുന്നുണ്ട് ചില തൃണങ്ങള്‍ !

2014, ജൂൺ 2, തിങ്കളാഴ്‌ച

മരണം
മരിച്ചുപോയൊരാള്‍, ആളുകള്‍ മൃത്യുവിന്‍
വ്യാകരണം ചര്‍വ്വണം ചെയ്യവേ,
മടിയെഴാതെ മരിച്ചയാള്‍, പോയയാള്‍ !


ഊണ്
ഇടിയുണ്ടു,മിന്നലു-
ണ്ടിടറാത്ത മഴയുണ്ടു,
കരയുന്ന കുഞ്ഞൊന്നുമുണ്ടീല !

2014, മേയ് 28, ബുധനാഴ്‌ച

മുരളി

പുല്ലെന്നു പുച്ഛമായ് കൂരാണിയാല്‍ മനം
നിര്‍ദ്ദയം കുത്തി നോവിക്കിലുമെന്നുടെ
നോവിന്റെ ഗാനം കൊതിച്ചു നില്ക്കുന്നു നീ !

2014, മേയ് 24, ശനിയാഴ്‌ച

കവിത
 വരമ്പിന്റെ പള്ളയില്‍
വളരുന്ന പുല്‍കളില്‍
വിരിയുന്നു കവിതകള്‍, മോക്ഷദങ്ങള്‍ !

2014, മേയ് 18, ഞായറാഴ്‌ച

കണിക്കൊന്ന
മലയാളിയാണീ കണിക്കൊന്ന, പുത്രിതന്‍
മാംഗല്യമോടിക്കു പൊന്‍ തിളക്കം തേടി
മുറ്റിയ പൈതൃകം ധൂര്‍ത്തു ചെയ് വോരവര്‍ !

2014, മേയ് 8, വ്യാഴാഴ്‌ച

ഏകാകി

                   മുന്നിലായിരം പേരു-
ണ്ടതുപോല്‍ പിന്നിലു,മെന്നാല്‍...
നടുവില്‍ നില്പു ഞാനേകന്‍ !

2014, ജനുവരി 9, വ്യാഴാഴ്‌ച

താമരപ്പൂക്കള്‍

ഓര്‍മ്മകള്‍
താമരപ്പൂക്കളാണ്
അനുഭവങ്ങളുടെ ചെളിയില്‍നിന്ന്
കാലത്തിന്റെ
ജലരാശിയിലൂടെ
മനസ്സിന്റെ ഓളങ്ങളില്‍
വിരിഞ്ഞു നില്ക്കുന്ന
താമരപ്പൂവുകള്‍
അറുത്തെടുത്ത് അര്‍ച്ചിക്കുമ്പോള്‍
തിരസ്കരിക്കാന്‍
ആര്‍ക്കു കഴിയും ?