2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

തളപ്പ് *
വെയിലുണരുന്ന 
നാടന്‍ തൊടികളില്‍
കറുക നാമ്പു തിന്നുന്ന പശുക്കളോട്
ഇറച്ചി തിന്നാന്‍ പറയരുത്
ഗതികെട്ട് തീറ്റ മാറ്റുന്ന പുലികളും
പല്ലു കൊഴിഞ്ഞ് ,വേട്ട നിര്‍ത്തിയ
സിംഹരാജന്‍മാരും
മിഴിനീരൊഴുക്കിനില്ക്കുന്ന
മുതലകളും
ജനുസ്സു വേറെ, പക്ഷേ
പശുക്കള്‍
പുല്ലു മാത്രം തിന്നുന്നു!
              നട്ടെല്ലിന്റെ പൈതൃക ഭാരം
ചുമന്നു തളരുന്ന ആമകള്‍ക്ക്
പൂഴിയിലെഴുതാനേ പറ്റൂ
ആകാശത്തിലെ പറവകളുടെ
ചിത്ര ലിപികള്‍ കൊണ്ട്
ആമകളുടെ പൂഴിരേഖകള്‍
വ്യാഖ്യാനിക്കരുത്.
            കാണ്ടാമൃഗങ്ങളുടെ 
മിനുത്ത പുറംതോലില്‍
അമ്പുകള്‍ പോലും
പരാജയപ്പെട്ടേക്കാം
പക്ഷേ,
മുത്തുച്ചിപ്പികള്‍ക്ക്
നേര്‍ത്തൊരു മണല്‍ത്തരി പോലും
കൊടും വേദനയാണ്
ആ വേദനയില്‍ നിന്നാണവ
മുത്തുകളുടെ കവിത രചിക്കുന്നത്.
            മാന്‍ കിടാവിന്റെ കുതിച്ചു ചാട്ടം കണ്ട്
ഒച്ചുവേഗത്തെ പരിഹസിക്കരുത്
ദൈവത്തിന്റെ ഒളിമ്പിക്സില്‍
രണ്ടും രണ്ട്
മത്സരയിനങ്ങളാണ്.
           മിക്കവാറും പൂവുകള്‍
സൂര്യനൊത്ത് ഉദയംകൊള്ളുമ്പോള്‍
നാലുമണിപ്പൂവുണരുന്നത്
പള്ളിക്കടം വിടുമ്പോഴാണ്
രാവില്‍ വിടരുന്ന വെള്ളപ്പൂവുകള്‍
വെളിച്ചം പേടിച്ച്
ഉഷസ്സില്‍ കൊഴിയുന്നു,
പുലരി കണ്ടവ സന്ധ്യയിലും
കാലമാപിനിയുടെ
അളവുകോലുകളാണവ
           ചില മരങ്ങള്‍ പച്ചതന്നെ കത്തുമ്പോള്‍
ചിലത് ഉണങ്ങിയാലും
പതുക്കയേ കത്തൂ
അത് കാടിന്റെ സത്യമാണ്
           മരം കേറികള്‍ ചൊല്ലുന്ന
കേവല സത്യമിങ്ങനെ :
തെങ്ങിനും കവുങ്ങിനും പാടി-
ല്ലൊരേ തളപ്പു*കളെപ്പൊഴും !
              തളപ്പ് - മരം കേറ്റക്കാര്‍ കയറുകൊണ്ടോ മറ്റോ കെട്ടിയുണ്ടാക്കുന്ന ഒരു സൂത്രം

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

പാലാഴി മഥനം (പൂര്‍വ്വ രംഗം)
 പാലാഴി കടയാന്‍ അവരുടെ സഹായം വേണ്ടിവരും.തേടാമല്ലോ. പക്ഷേ, കണ്ടീഷനുണ്ട്. മുദ്രപത്രത്തിലെഴുതി ഒപ്പിടുവിയ്ക്കാം : ഉരുവം കൊള്ളുന്ന അമൃത് നമുക്ക് മാത്രം.
അപ്പോള്‍ അവര്‍ക്കോ ?
അവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നല്കാം. പിന്നെ, ഈ നല്ല കാര്യത്തില്‍ തങ്ങളുടേയും സാമീപ്യമുണ്ടായിരുന്നെന്ന് അഭിമാനിച്ചോട്ടെ അവരും അനന്തര തലമുറകളും !
പ്രക്രിയയ്ക്കിടയിലുണ്ടാകാവുന്ന അന്തരീക്ഷ മലിനീകരണവും മാലിന്യവുമൊക്കെ എന്തു ചെയ്യുമെന്നോ ? അതിനല്ലേ, പൊതുജനമെന്ന പരമശിവന്‍.മൂപ്പരെക്കൊണ്ട്  അതു വിഴുങ്ങിക്കാം, മീഡിയാ കവറേജും നല്കാം.
സംഗതി നമ്മുടെ വരുതിയില്‍ തന്നെ നില്ക്കണം.
അതെ, അതാണു കാര്യം.
അതിലാണു കാര്യം

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച


ഇന്ത്യയെ കണ്ടെത്തല്‍

4- നയതന്ത്രം
അമ്മ ചൊല്ലുന്നൂ "താഴ്ന്ന-
ജാതിയിലാരേയും നീ
പ്രണയിക്കരുതൊരിക്കലും
ജാതിയിലുയര്‍ന്നോരെ
മംഗലം* കഴിച്ചോളൂ,
മാപ്പുനല്കീടാമമ്മ


* മംഗലം ,കല്യാണം എന്ന അര്‍ത്ഥം.

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഇന്ത്യയെ കണ്ടെത്തല്‍


3-വോട്ട്

നേതാക്കന്മാരുടെ കവിളത്ത്
ചെരിപ്പു മുദ്ര പതിപ്പിക്കാന്‍
കരളുറപ്പില്ലാഞ്ഞ്
ഞാന്‍
അവരുടെ അടയാള മുഖത്ത്
മഷി മുദ്ര പതിച്ച്
സന്തോഷിക്കുന്നു !

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

1-പ്രേമം
      എന്തും ലഭിക്കുവാന്‍ മോഹമുണ്ട്,
ഒന്നും കൊടുക്കുവാനാശയില്ല
ഇങ്ങോട്ടു വാങ്ങുവാനേറെയുണ്ട്,
അങ്ങോട്ടു നല്കുവാനൊന്നുമില്ല
ഇന്നിന്‍ നിഘണ്ടുവില്‍ പ്രേമമെന്ന
വാക്കിന്നിതാണര്‍ത്ഥമുള്ളതെന്നോ ?!



2-ഉയരം

...
ഞാനടുക്കുമാറില്ലി-
ന്നാരോടു,മെന്താണെന്നോ ?
അവര്‍ തന്‍ ചാരത്തെന്റെ
ഉയരം കുറയുന്നൂ !

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഒരു പുഴ കണ്ടാല്‍

ഒരു പുഴ കണ്ടാല്‍
പല പേരു തോന്നും
ഒഴുകിടും വഴി
വരവു പോക്കുകള്‍
തൊടും കരകള്‍ തന്‍
കരളിലെ കൊതി
തെളിഞ്ഞ നീറ്റിലെ
പുളയും മീനുകള്‍
അലക്കു കല്ലുകള്‍ 
കുളിക്കടവുകള്‍
മരിക്കുവാന്‍ നൂറു-
കയങ്ങളും കാണും !
പുഴതന്നുള്ളത്തില്‍
നിരന്തരം മിടി-
ച്ചമരുമെത്രയോ
രഹസ്യവും കാണും !


തരം തരം നോക്കി
പുതിയ പേരുകള്‍
ചിലര്‍ കൊടുക്കുന്നൂ,
ചിലരെടുക്കുന്നൂ !
ഒരു പുഴ കണ്ടാല്‍
പല പേരു കാണും
പല നാടു കാണും
ചില ചോടു തെറ്റും
         തളിര്‍പ്പച്ചക്കാലം,
വിളക്കൊയ്ത്തു കാലം
നിണപ്പെയ്ത്തു കാലം
മിഴിപ്പെയ്ത്തു കാലം
-പല കാലം കട-
ന്നൊഴുകുന്നൂ പുഴ !
         ഒരു പുഴയെന്നാല്‍
പല പേരു കാണും
ഒരു പുഴ കണ്ടാല്‍
പല പേരു തോന്നും.

(മലയാളം വാരിക.ലക്കം 20,ഒക്ടോബര്‍ 2012)