2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഒരു പുഴ കണ്ടാല്‍

ഒരു പുഴ കണ്ടാല്‍
പല പേരു തോന്നും
ഒഴുകിടും വഴി
വരവു പോക്കുകള്‍
തൊടും കരകള്‍ തന്‍
കരളിലെ കൊതി
തെളിഞ്ഞ നീറ്റിലെ
പുളയും മീനുകള്‍
അലക്കു കല്ലുകള്‍ 
കുളിക്കടവുകള്‍
മരിക്കുവാന്‍ നൂറു-
കയങ്ങളും കാണും !
പുഴതന്നുള്ളത്തില്‍
നിരന്തരം മിടി-
ച്ചമരുമെത്രയോ
രഹസ്യവും കാണും !


തരം തരം നോക്കി
പുതിയ പേരുകള്‍
ചിലര്‍ കൊടുക്കുന്നൂ,
ചിലരെടുക്കുന്നൂ !
ഒരു പുഴ കണ്ടാല്‍
പല പേരു കാണും
പല നാടു കാണും
ചില ചോടു തെറ്റും
         തളിര്‍പ്പച്ചക്കാലം,
വിളക്കൊയ്ത്തു കാലം
നിണപ്പെയ്ത്തു കാലം
മിഴിപ്പെയ്ത്തു കാലം
-പല കാലം കട-
ന്നൊഴുകുന്നൂ പുഴ !
         ഒരു പുഴയെന്നാല്‍
പല പേരു കാണും
ഒരു പുഴ കണ്ടാല്‍
പല പേരു തോന്നും.

(മലയാളം വാരിക.ലക്കം 20,ഒക്ടോബര്‍ 2012)

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ