2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

തളപ്പ് *
വെയിലുണരുന്ന 
നാടന്‍ തൊടികളില്‍
കറുക നാമ്പു തിന്നുന്ന പശുക്കളോട്
ഇറച്ചി തിന്നാന്‍ പറയരുത്
ഗതികെട്ട് തീറ്റ മാറ്റുന്ന പുലികളും
പല്ലു കൊഴിഞ്ഞ് ,വേട്ട നിര്‍ത്തിയ
സിംഹരാജന്‍മാരും
മിഴിനീരൊഴുക്കിനില്ക്കുന്ന
മുതലകളും
ജനുസ്സു വേറെ, പക്ഷേ
പശുക്കള്‍
പുല്ലു മാത്രം തിന്നുന്നു!
              നട്ടെല്ലിന്റെ പൈതൃക ഭാരം
ചുമന്നു തളരുന്ന ആമകള്‍ക്ക്
പൂഴിയിലെഴുതാനേ പറ്റൂ
ആകാശത്തിലെ പറവകളുടെ
ചിത്ര ലിപികള്‍ കൊണ്ട്
ആമകളുടെ പൂഴിരേഖകള്‍
വ്യാഖ്യാനിക്കരുത്.
            കാണ്ടാമൃഗങ്ങളുടെ 
മിനുത്ത പുറംതോലില്‍
അമ്പുകള്‍ പോലും
പരാജയപ്പെട്ടേക്കാം
പക്ഷേ,
മുത്തുച്ചിപ്പികള്‍ക്ക്
നേര്‍ത്തൊരു മണല്‍ത്തരി പോലും
കൊടും വേദനയാണ്
ആ വേദനയില്‍ നിന്നാണവ
മുത്തുകളുടെ കവിത രചിക്കുന്നത്.
            മാന്‍ കിടാവിന്റെ കുതിച്ചു ചാട്ടം കണ്ട്
ഒച്ചുവേഗത്തെ പരിഹസിക്കരുത്
ദൈവത്തിന്റെ ഒളിമ്പിക്സില്‍
രണ്ടും രണ്ട്
മത്സരയിനങ്ങളാണ്.
           മിക്കവാറും പൂവുകള്‍
സൂര്യനൊത്ത് ഉദയംകൊള്ളുമ്പോള്‍
നാലുമണിപ്പൂവുണരുന്നത്
പള്ളിക്കടം വിടുമ്പോഴാണ്
രാവില്‍ വിടരുന്ന വെള്ളപ്പൂവുകള്‍
വെളിച്ചം പേടിച്ച്
ഉഷസ്സില്‍ കൊഴിയുന്നു,
പുലരി കണ്ടവ സന്ധ്യയിലും
കാലമാപിനിയുടെ
അളവുകോലുകളാണവ
           ചില മരങ്ങള്‍ പച്ചതന്നെ കത്തുമ്പോള്‍
ചിലത് ഉണങ്ങിയാലും
പതുക്കയേ കത്തൂ
അത് കാടിന്റെ സത്യമാണ്
           മരം കേറികള്‍ ചൊല്ലുന്ന
കേവല സത്യമിങ്ങനെ :
തെങ്ങിനും കവുങ്ങിനും പാടി-
ല്ലൊരേ തളപ്പു*കളെപ്പൊഴും !
              തളപ്പ് - മരം കേറ്റക്കാര്‍ കയറുകൊണ്ടോ മറ്റോ കെട്ടിയുണ്ടാക്കുന്ന ഒരു സൂത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ