2023, ജൂലൈ 5, ബുധനാഴ്‌ച

 

കവിത)
ഡ്രാക്കുളപ്രഭു
ബാലകൃഷ്ണൻ മൊകേരി
കൊട്ടുവണ്ടി*യിൽ, എന്നോ
നിറച്ച മണ്ണുമായ്
ഡ്രാക്കുളപ്രഭുവിതാ
നില്ക്കുന്നുണ്ട് മുന്നിൽ !
ഓർമ്മയിൽപ്പോലും
കൃഷിചെയ്യാത്ത വയലൊന്നീ-
പ്രഭുവിൻപേരിൽ
മുദ്രപത്രത്തിൽ പതിച്ചത്രേ!
ആ വയൽ നികത്തുവാൻ
മണ്ണുമായെത്തീ സാക്ഷാൽ
ഡ്രാക്കുളപ്രഭു,വെന്നാൽ
നില്ക്കുന്നു മുന്നിൽ ഞങ്ങൾ,
ധീരമായ് തടയുന്നൂ!
ഈ വയൽ നികത്തിയാൽ
മുട്ടില്ലേ കൃഷി,ഞങ്ങൾ
കാർഷിക സംസ്കാരത്തെ
മനസ്സാ പൂജിക്കുവോർ!
കിണറിൽ ജലം വറ്റും,
മാറിടുമൃതുക്കളും,
വായുവിൻ നിലമാറും,
നശിക്കും നാടും , നാട്ടു
വഴക്കങ്ങളും മാറും !
കോമ്പല്ലിൽ ചിരിതേച്ചു
ഡ്രാക്കുള മൊഴിയുന്നൂ
നിങ്ങളൊക്കെയും തെറ്റി-
ദ്ധാരണപുലർത്തുവോർ !
വികസന നിനവുകൾ
പുതുക്കാത്തവർ,എന്നും
പഴമ മാത്രം സ്വന്തം
ചിന്തയാൽ ലാളിക്കുവോർ!
ഈ വയൽ നികത്തി
ഞാൻ
പടുക്കും കൃഷിയിടം,
അവിടെ വിതയ്ക്കുന്ന
രക്ഷസ്സുവിത്തിൽനിന്ന്
ഈരിലത്തൊഴുകൈയോ-
ടുണരുന്നതീ നാടിൻ
രുധിര സംസ്കാരങ്ങൾ,
നാടിന്റെ പരം പുണ്യം !
എന്തിനു തടയണം?,
കൂടുവിൻ കൂടെ,നമു-
ക്കിവിടം ഹ്ലാദത്തിന്റെ
നാകങ്ങൾ പണിതിടാം !
ഡ്രാക്കളയ്ക്കൊപ്പം ഞങ്ങൾ
പാനോപചാരം ചെയ്തു
വെക്കുന്ന ചുവടുകൾ
നൃത്തമായ്ത്തീരുന്നേരം,
കാണുന്നു,നാട്ടിൻ നാനാ-
മൂലയിൽനിന്നും കണ്ണു-
പൊത്തിയങ്ങോടുന്നല്ലോ
പിതൃക്കൾ,പ്രേതാത്മാക്കൾ !
***********************
കൊട്ടുവണ്ടി* ടിപ്പർലോറി

 

ആക്സിഡണ്ട് (കവിത)May be an image of 1 person and text that says '2:58 PM 0.0KB/s online.fliphtml5.com/ ഇതൾ മാസിക കവിത 2023 ജൂൺ ബാലകൃഷ്‌ണൻ ഷ്‌ണൻ മൊകേരി ആക്‌സിഡൻ്റ് തെക്കുവടക്കൻ പാതയിലൂടെ തെക്കോട്ടു ിഞ്ഞാറൻ പാതയിൽ മുമ്പ് ഇൻഡിക്കേറ്ററിൽ വലത്തേക്ക ജീവൻ നല്‌കി. സ്‌കൂട്ടർ നിർത്തി നോക്കി ഞങ്ങൾ ആകാശം കാണുന്നു! ചോരയണിഞ്ഞ് വേദനിച്ച് എഴുന്നേല്ക്കാൻ ശമിക്കുമ്പോൾ ഓടി വന്ന് സഹായിക്കുന്നവർ പറയുന്നു: പാതയിൽ പ്രവേശിച്ച്, മദ്ധ്യരേഖ കടന്നപ്പോൾ മിന്നൽ പോലൊരു യുവാവ് അവർ ഞങ്ങളെ വണ്ടിയിൽ ബ്രേക്കുകളും ഞാനും കിണഞ്ഞു ണിഞ്ഞെങ്കിലും ഡോകർ പറയുന്നു: ആക്‌സിഡൻ്റ്. പല്ലുമായി ഇരുവശത്തും തെറിച്ചു വീണ് യുവാവും ചതഞ്ഞ പേശികളുമായി ഞാനും മുഖത്തോടു നോക്കുന്നു ഞങ്ങൾ ഉൾക്കൊള്ളുന്നു ആക്സിഡൻ്റ്. Ads 7-DAY MONEY BACK CHALLENGE! SHOPNOW mohat'

 

രാഷ്ട്രതന്ത്രം
-ബാലകൃഷ്ണൻ മൊകേരി
ചരിത്രം ചവച്ചുതുപ്പിയ
മീൻമുള്ളുപോലുള്ള
ഒരു വടിക്കഷണത്താൽ
ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ
ആകാശങ്ങളിൽ
അതിരുകൾ നാട്ടിവെക്കാമെന്ന്
വ്യാമോഹിക്കരുത് !
വെറുമൊരു ക്രൂരമൃഗമായ
സിംഹത്തിന്റെ രൂപംകൊത്തിയ
പാഴ് ക്കസേരയിലിരുന്നാൽ,
ഞങ്ങളെ ഊഴമിട്ട് തിന്നാമെന്ന്
നീ കൊതിയൊഴുക്കരുത് !
ആരോ പൂഴ്ത്തിവെച്ച
പൊന്നും മണികളുംകൊണ്ട്
കിരീടംതീർത്ത് തലയിൽവെച്ചാൽ
നീ ഞങ്ങളുടെ ഉടയോനാവില്ല!
ലഹരികളിൽ വാറ്റിയെടുത്ത
പാഴ് മന്ത്രങ്ങളുരുക്കഴിച്ച്
ബ്രാഹ്മണ്യം നിന്റെ മേൽ തളിക്കുന്നത്
അവരുടെ വിസർജ്ജ്യം മാത്രം !
എത്ര മന്ദിരങ്ങളുടച്ചുവാർത്താലും,
വാസ്തുപുരുഷനെന്ന്
ആണയിട്ടാലും,
പൊള്ളവാക്കുകളുടെ
മൊത്തവ്യാപാരികൾ
നാവുകുഴയുംവരെ പാടിയാലും
ഞങ്ങളുടെ സ്വാതന്ത്ര്യത്തെ
നിന്റെ തൊഴുത്തിൽ
വരടുപോലെ ചിക്കിയിടാൻ
ഞങ്ങളൊരുക്കമല്ല !
ഉപജാപകരുടെ
താടിയും മുടിയുംകണ്ട്,
അതിനുള്ളിലെ ഇരുട്ട്മാത്രം കണ്ട്
നീയെന്തുഭാവിച്ചാലും,
ഹേ ,അജ്ഞശിരോമണീ !
നോക്കൂ,
ഞങ്ങളുടെ ഇടംകൈയിലെ
ചൂണ്ടുവിരലിന്റെ
നഖത്തിൻമേലുള്ള പാപക്കറ
മായ്ച്ചുകളയുന്നതോടെ
നീയും മാഞ്ഞുപോകും !
മഴക്കാർ നീങ്ങിയ വാനിലെ
സൂര്യനെപ്പോലെ,
ഞങ്ങളുടെ സ്വാതന്ത്ര്യം
വീണ്ടുമിവിടെ പകൽപൊഴിക്കും !
************************

2023, ജൂലൈ 4, ചൊവ്വാഴ്ച

 

കൊക്ക്
ബാലകൃഷ്ണൻ മൊകേരി
വറ്റാറായ വയലിലെ
ചളിവെള്ളത്തിലൊരു കൊക്ക്
ഒറ്റക്കാലിൽ നില്ക്കുന്നു.
തെളിഞ്ഞു കാണില്ലെങ്കിലും
നേർത്ത ചലനം പോലും
പിടിച്ചെടുത്ത്
അത് മീനുകളെ പിടികൂടുന്നുണ്ട് ,
രുചിയോടെ തിന്നുന്നുണ്ട് !
ചായ്പിലെ ചൂടിക്കട്ടിലിൽ
കുന്തിച്ചിരുന്ന്
അപ്പാപ്പനും
വറ്റിപ്പോകുന്ന ഓർമ്മയുടെ
ചളിക്കൂനയിൽ നിന്ന്
ഇതു പോലെ
ഓർമ്മപ്പരലുകളെ പിടികൂടി
നൊട്ടിനുണയാറുണ്ട്.!

 

ഷക്കീൽ അഹമ്മദിന്റെ പുരവഞ്ചി
ബാലകൃഷ്ണൻ മൊകേരി
ഷക്കീൽ അഹമ്മദിന്റെ പുരവഞ്ചിയിൽ
കാലത്തെ ഉപ്പിലിട്ടുവച്ചിരിക്കുന്നു.
പഴമയുടെ ചെടിപ്പിക്കുന്ന മണം
കൊതുകിനെപ്പോലെ പറന്നുനടക്കുന്നു!
ദാൽതടാകത്തിലെ കാറ്റ്
വിറച്ചുവിറച്ച് കടന്നുവരുന്നു.
ഏതോ അതീതകാലത്തിൽനിന്ന്
നുഴഞ്ഞിറങ്ങി,
ഗാഢമായി ആലിംഗനംചെയ്യുന്ന
പ്രായംകൂടിയ തണുപ്പ്
മുന്നിലെ മരക്കസാരയിലിരുന്ന്
വിറച്ചുവിറച്ചുകൊണ്ട്
എന്നെനോക്കി ചിരിക്കുമ്പോൾ ,
എനിക്ക് ചിരിക്കാനാവുന്നില്ല!
ചെറുവഞ്ചിയിലെത്തി,
നിലത്തെ കംബളത്തിൽ
വജ്രാസനത്തിലിരിക്കുന്ന
ചെറുപ്പക്കാരന്റെ മുന്നിൽ,
നിരത്തിവച്ച കുഞ്ഞുകുഞ്ഞു ഡബ്ബകളിൽ
കുങ്കുമപ്പൂനിറമുള്ള
ആർത്തിതിളങ്ങുന്നു!
പുരവഞ്ചിയിലെ
രഹസ്യവാതിലുകള്തുറന്ന്,
കൈയില്ലാപ്രേതംപോലെ പറന്നിറങ്ങി
ഷക്കീലഹമ്മദ് പൊട്ടിച്ചിരിക്കുന്നു!
ശൂന്യമായ കുപ്പായക്കൈ ആട്ടിയാട്ടി
അയാൾ അപ്രത്യക്ഷനാകുന്നു.
അങ്ങേത്തീരത്തെ
പള്ളിമിനാരങ്ങളിൽനിന്ന്
ബാങ്കുവിളികൾ പറവക്കൂട്ടംപോലെ,
എങ്ങോ പറന്നകലുന്നു.
അസ്തമിച്ചുതീര്ന്ന സൂര്യന്റെ
ഇറ്റിവീണ ചോരത്തുള്ളിപോലെ
തടാകത്തിൽ വെട്ടം തിളങ്ങുന്നു!
ഇടയ്ക്ക് ഒരു കരിമ്പടംപോലെ ഇരുട്ട്
തടാകത്തെ മൂടിക്കളയുന്നു!
പ്രഭാതത്തിന്റെ തുടുപ്പ്
അതിജീവനത്തിന്റെ കരുത്തിൽ
പൂക്കള്നിറഞ്ഞ ചെറുവഞ്ചികളായി
മുന്നിലൂടെ കടന്നുപോകുന്നു.
വാണിഭക്കാരുടെ കണ്ണുകളിലെ
അത്യാർത്തിയുടെ ചൂണ്ട
ഞങ്ങളെ തടാകത്തിലേക്ക് തട്ടിയിടുന്നു!
അപ്പോൾ , ആകാശത്തിന്റെ
അങ്ങേച്ചരിവിൽനിന്ന്,
ശൂന്യമായ കുപ്പായക്കൈകള് ചിറകുകളാക്കി
ഷക്കീൽ അഹമ്മദ്
ഞങ്ങള്ക്കുനേരെ പറന്നിറങ്ങുന്നു!
ഞങ്ങള് ദാൽ തടാകത്തിൽനിന്ന്
കരയുടെ തീവെയിലിലേക്ക്
നടന്നുകയറുന്നു !
*******************

 

കശ്മീർ
ബാലകൃഷ്ണൻ മൊകേരി
കശ്മീരിൽ
മഞ്ഞുമൂടിയ മലകളിലെല്ലാം
തണുത്ത കാറ്റുവീശുന്നുണ്ട്,
ജാക്കറ്റിനുള്ളിൽ
കിടുകിടുപ്പ് താളംപിടിക്കുന്നു
നട്ടുച്ചയ്ക്കും കശ്മീരികൾ
വെയിലുകായാനിരിക്കുന്നുണ്ട്!
പരത്തിയിട്ട പഞ്ഞിത്തുണ്ടുപോലുള്ള
മഞ്ഞുമെത്തയിൽ
സന്ദര്ശകർ ചാടിമറിയുന്നുമുണ്ട്,
മഞ്ഞുരുട്ടി തമ്മിലെറിയുന്ന
സഹയാത്രികർ
തണുത്തകാറ്റിൽ തുടുത്ത കവിളുകളുമായി
താഴ് വരയിൽ
അർമാദിക്കുന്നുമുണ്ട്!
അപ്പോഴും പശ്ചാത്തലത്തിലൊരു
ക്രൂരമായ മൗനം
മഞ്ഞുപോലെ പെയ്യുന്നുണ്ട്!
ചാണകംപുരണ്ട കുതിരകളും
ഉടുപ്പിന്റെ കൈക്കുള്ളിലേക്ക്
സ്വന്തംകൈ വലിച്ചെടുത്ത്
മുന്നോട്ടാഞ്ഞുനടന്നുപോകുന്ന
കശ്മീരികളും
ടിപ്പിനുവേണ്ടി ചാടിവീഴുന്ന
കൊതിക്കണ്ണുകളും
ഏതുനിമിഷവും
നിലയിളകി വീഴാവുന്ന മലനിരകളും
മാന്തിപ്പറിക്കുന്ന കാറ്റും
ഉച്ചച്ചൂടിന്റെ പൊള്ളലും
വെടിമരുന്നിന്റെ
പൊള്ളുന്ന മണവും
ആകാശത്തിലൊരു വന്യത ചേർക്കുമ്പോൾ,
അജ്ഞാതമായ ചാരനേത്രങ്ങൾ
എന്റെ ചലനങ്ങളും
ഒപ്പിയെടുക്കുന്നുണ്ടെന്ന
അകാരണമായൊരു ഭയം
എന്നെ വലയംചെയ്യുകയാണ്,
എന്നെ വലയംചെയ്യുകയാണ്!
ഞാനിപ്പോൾ
കശ്മീരിലാണ്..................
***********************

 

താജ്മഹൽ
ബാലകൃഷ്ണൻ മൊകേരി
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങൾ കലപിലകൂട്ടുമ്പോൾ
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു :
തന്റെ പതിനാലുമക്കളുടെ അമ്മയായ ആ വനിതയെ
ഷാജഹാൻ സ്നേഹിച്ചിരുന്നുവോ ?
അതോ ,അവർ മരിച്ചുപോയിട്ടും
ഒരു പ്രണയക്കല്ലറയിൽ
തടവിലിടുകയായിരുന്നുവോ അവരെ ?
ഒടുവിൽ താനും, മരണശേഷം
ആ തടവിൽകിടന്ന്
കാലത്തിന്റെ ഋതുപ്പകർച്ചകൾക്ക്
സാക്ഷ്യംവഹിക്കുമെന്ന്
ആ കാല്പനികചക്രവർത്തി
എന്നെങ്കിലും ചിന്തിച്ചിരിക്കുമോ ?
(ഒരു ചക്രവർത്തിക്കും
കാലത്തെ വായിക്കാനാവില്ലെന്ന്
ആർക്കാണറിയാത്തത് ! )
വെണ്ണക്കല്ലിനാൽ തീർത്ത
ലോകാദ്ഭുതത്തിന്റെ മുന്നിൽ
ഇമചിമ്മാതെനില്ക്കെ,
വർഷങ്ങൾ
ശരത്ക്കാലമെന്നപോലെ
എനിക്കുമുകളിൽ
ഇലപൊഴിച്ചുകൊണ്ടിരുന്നു!
എന്റെ മുന്നിലപ്പോൾ,
വിനോദയാത്രയ്ക്കുവന്ന കുട്ടികൾ
അദ്ധ്യാപകരുടെകൂടെ
താജിന്റെ നിർമ്മിതിപ്പെരുമയിൽ
അമ്പരക്കുകയായിരുന്നു.!
കാവിത്തലപ്പാവണിഞ്ഞ ഗൈഡിന്റെ
വാക്കുകൾ പൊടിക്കാറ്റുപോലെ
കുട്ടികളെ
വലയംചെയ്യുന്നുണ്ടായിരുന്നു !
അയാൾ പറയുന്നു,കുട്ടികളേ !,
ഈ വെണ്ണക്കൽ സൗധം
ഒരു ഹിന്ദുക്ഷേത്രമായിരുന്നു
അതിക്രമിച്ചുവന്ന മുഗളന്മാർ
പ്രതിമകൾ തച്ചുടച്ച്
പുഴയിലെറിഞ്ഞതാണ്!
അവരീ കെട്ടിടത്തിന്റെ നിലവറയെ
ഒരു ശ്മശാനമാക്കുകയായിരുന്നു.
ഇതു ഞങ്ങളുടെ
ചരിത്ര പാഠപുസ്തകങ്ങളിലുണ്ടെന്ന്
കുട്ടികൾ ആർത്തുവിളിച്ചപ്പോൾ
ഗൈഡിന്റെ മുഖത്തൊരു
താമരപ്പൂവു വിരിഞ്ഞുവന്നു!
കുട്ടികൾ സന്തോഷത്തോടെ
സെൽഫികളിൽ മുഴുകുമ്പോൾ,
ഞെട്ടിയുണർന്നുപോയ ഞാൻ
വെളിച്ചത്തെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന
കൂരിരുൾ കണ്ട്ചാടിയെണീറ്റ്
പുറത്തേക്കുള്ള വഴിതേടി.
അപ്പോൾ ,എന്റെ മുന്നിൽ,
ഷാജഹാനെന്നൊരു വൃദ്ധൻ
മുംതാസെന്നൊരു വൃദ്ധയുടെ കൈപിടിച്ച്
ധൃതിയിൽ പുറത്തേക്ക് നടക്കുകയായിരുന്നു !
*******************************

 മലഞ്ചരിവിൽ

ബാലകൃഷ്ണൻ മൊകേരി
ഈ മലഞ്ചെരിവിലൂ-
ടിങ്ങനെ പോകുന്നേരം
വഴിയിൽ വിലങ്ങനെ
മുളമ്പാത്തികൾ കാൺമൂ
(മുളമ്പാത്തികൾ ,പിന്നെ-
ക്കറുത്ത ഹോസും,മല-
മുടിതൻ പറക്കുന്ന
മുടിനാരുകൾ പോലെ..)
അപ്പുറത്തേതോ മല-
മുകളിൽക്കിനിയുന്ന
ഉറവിൻ ധാരയ്ക്കിവ-
രൊരുക്കും വഴികളിൽ
ഇടതടവില്ലാതെ വ-
ന്നവ വീഴുന്നൂ മണ്ണിൽ,
മനുഷ്യരൊരുക്കിയ
കിണറ്റിൽ, നിരന്തരം !
എന്തൊരു കുളിർമ്മയാ-
നീർക്കണങ്ങളിൽ, മല-
മുടിതൻ വാത്സല്യത്തിൻ
സ്തന്യമാ ജലസ്പർശം!
ആവാസ കേന്ദ്രങ്ങളിൽ
വെള്ളമില്ലെന്നാലുമീ-
മനുഷ്യർ വരുത്തുന്നൂ
ജല നിർഝരി മുന്നിൽ!
അത്രമേൽ ലളിതമാ,-
യത്രമേലനായാസം,
പ്രാതികൂല്യങ്ങൾ തന്നെ-
യനുകൂലമായ് മാറ്റി !
പാറകൾ പഴുതില്ലാ-
ക്കോട്ടകൾ തീർക്കുന്നേരം
മാനവർ കൃഷിയേറ്റി
വിളയിക്കുന്നൂ സ്വപ്നം !
അതിജീവനത്തിന്റെ
കരുത്തു,മധ്വാനത്തിൻ
വീറുമേന്തുന്നൂ, മല-
ഞ്ചെരിവിൽ വസിക്കുവോർ!
(വിളകൾ , മുല്യംനശി-
ച്ചളമുട്ടീടുമ്പോഴും,
ഇവർ കാക്കുന്നൂ,വരും
നല്ലൊരു കാലം,നാളെ !)