2023, ജൂലൈ 5, ബുധനാഴ്‌ച

 

രാഷ്ട്രതന്ത്രം
-ബാലകൃഷ്ണൻ മൊകേരി
ചരിത്രം ചവച്ചുതുപ്പിയ
മീൻമുള്ളുപോലുള്ള
ഒരു വടിക്കഷണത്താൽ
ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ
ആകാശങ്ങളിൽ
അതിരുകൾ നാട്ടിവെക്കാമെന്ന്
വ്യാമോഹിക്കരുത് !
വെറുമൊരു ക്രൂരമൃഗമായ
സിംഹത്തിന്റെ രൂപംകൊത്തിയ
പാഴ് ക്കസേരയിലിരുന്നാൽ,
ഞങ്ങളെ ഊഴമിട്ട് തിന്നാമെന്ന്
നീ കൊതിയൊഴുക്കരുത് !
ആരോ പൂഴ്ത്തിവെച്ച
പൊന്നും മണികളുംകൊണ്ട്
കിരീടംതീർത്ത് തലയിൽവെച്ചാൽ
നീ ഞങ്ങളുടെ ഉടയോനാവില്ല!
ലഹരികളിൽ വാറ്റിയെടുത്ത
പാഴ് മന്ത്രങ്ങളുരുക്കഴിച്ച്
ബ്രാഹ്മണ്യം നിന്റെ മേൽ തളിക്കുന്നത്
അവരുടെ വിസർജ്ജ്യം മാത്രം !
എത്ര മന്ദിരങ്ങളുടച്ചുവാർത്താലും,
വാസ്തുപുരുഷനെന്ന്
ആണയിട്ടാലും,
പൊള്ളവാക്കുകളുടെ
മൊത്തവ്യാപാരികൾ
നാവുകുഴയുംവരെ പാടിയാലും
ഞങ്ങളുടെ സ്വാതന്ത്ര്യത്തെ
നിന്റെ തൊഴുത്തിൽ
വരടുപോലെ ചിക്കിയിടാൻ
ഞങ്ങളൊരുക്കമല്ല !
ഉപജാപകരുടെ
താടിയും മുടിയുംകണ്ട്,
അതിനുള്ളിലെ ഇരുട്ട്മാത്രം കണ്ട്
നീയെന്തുഭാവിച്ചാലും,
ഹേ ,അജ്ഞശിരോമണീ !
നോക്കൂ,
ഞങ്ങളുടെ ഇടംകൈയിലെ
ചൂണ്ടുവിരലിന്റെ
നഖത്തിൻമേലുള്ള പാപക്കറ
മായ്ച്ചുകളയുന്നതോടെ
നീയും മാഞ്ഞുപോകും !
മഴക്കാർ നീങ്ങിയ വാനിലെ
സൂര്യനെപ്പോലെ,
ഞങ്ങളുടെ സ്വാതന്ത്ര്യം
വീണ്ടുമിവിടെ പകൽപൊഴിക്കും !
************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ