2023, ജൂലൈ 4, ചൊവ്വാഴ്ച

 

മുത്തപ്പൻ
-ബാലകൃഷ്ണൻ മൊകേരി
മകരമാസം തണുപ്പിന്റെയൊപ്പം
വെയിലുകായാനിരിക്കുന്ന കാലം,
മലയിറങ്ങും പകലുകൾക്കെല്ലാം
മദമിളക്കുന്ന വാദ്യപ്പെരുക്കം
പലയിടങ്ങളിൽ ചെണ്ടമേളങ്ങൾ
നെഞ്ചിടിപ്പിന്റെ വേഗമേറ്റുമ്പോൾ
മലയിറങ്ങുന്നു മുത്തപ്പ,നേതോ
മടയിൽനിന്നുമനാദികാലത്തിൽ
അണിയലങ്ങൾ,ചുരികക്കുറിയും
കൊടുമുടിയുമണിഞ്ഞ പുരുഷൻ
ചോന്ന പട്ടും കരത്തിലെ വില്ലും
വേലുമേന്തിയൊരൂർജ്ജപ്രവാഹം!
മെതുവെയും പിന്നെ വേഗത്തിലായും
ചലനതാളങ്ങളാവിഷ്ക്കരിക്കേ
വിവിധരൂപങ്ങൾ,കോലങ്ങളെത്തി,
കോവിലിൽ തിറയുത്സവമായി!
ഈ മടപ്പുര നാടിന്റെയാകെ-
യേകലക്ഷ്യമായ് മാറുന്നപോലെ
ജീവിതത്തിൻ ദുരിതക്കയങ്ങൾ
താണ്ടി നീന്താ,നൊരാശ്വാസവാക്യം
കൈപിടിച്ചു പറയുന്നു തെയ്യം
മാതൃചിത്തം കുളിരുന്ന മട്ടിൽ !
കൂടെയുണ്ടെ,ന്നൊരാത്തിരുവാക്യം,
ചേർത്തുനിർത്തും കരുണാപ്രവാഹം
എത്രവീടുകൾക്കുള്ളിൽ പ്രകാശം
വീണ്ടുമെത്തിച്ചു കൂരിരുൾനീക്കി !
ഉള്ളിലിപ്പോളിരുന്നുവാഴുന്നൂ
യൗവ്വനത്തിൻ തിരുവപ്പനായി,
പിന്നെയേറെത്തിരക്കിൽ നടന്നു
വാണിടുന്നുണ്ട് മുത്തപ്പനായി!
ഈ മകരം കുളിരാർന്നു നില്ക്കെ
ചേർന്നുനില്പുണ്ട് തെയ്യവും നാടും
************************
ഫോട്ടോ കടപ്പാട് ഗൂഗിൾ
No photo description available.
All reactions:
Ajith Kumar Othayoth, Karunan K Mullambath and 94 others


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ