2023, ജൂലൈ 4, ചൊവ്വാഴ്ച

 

ഷക്കീൽ അഹമ്മദിന്റെ പുരവഞ്ചി
ബാലകൃഷ്ണൻ മൊകേരി
ഷക്കീൽ അഹമ്മദിന്റെ പുരവഞ്ചിയിൽ
കാലത്തെ ഉപ്പിലിട്ടുവച്ചിരിക്കുന്നു.
പഴമയുടെ ചെടിപ്പിക്കുന്ന മണം
കൊതുകിനെപ്പോലെ പറന്നുനടക്കുന്നു!
ദാൽതടാകത്തിലെ കാറ്റ്
വിറച്ചുവിറച്ച് കടന്നുവരുന്നു.
ഏതോ അതീതകാലത്തിൽനിന്ന്
നുഴഞ്ഞിറങ്ങി,
ഗാഢമായി ആലിംഗനംചെയ്യുന്ന
പ്രായംകൂടിയ തണുപ്പ്
മുന്നിലെ മരക്കസാരയിലിരുന്ന്
വിറച്ചുവിറച്ചുകൊണ്ട്
എന്നെനോക്കി ചിരിക്കുമ്പോൾ ,
എനിക്ക് ചിരിക്കാനാവുന്നില്ല!
ചെറുവഞ്ചിയിലെത്തി,
നിലത്തെ കംബളത്തിൽ
വജ്രാസനത്തിലിരിക്കുന്ന
ചെറുപ്പക്കാരന്റെ മുന്നിൽ,
നിരത്തിവച്ച കുഞ്ഞുകുഞ്ഞു ഡബ്ബകളിൽ
കുങ്കുമപ്പൂനിറമുള്ള
ആർത്തിതിളങ്ങുന്നു!
പുരവഞ്ചിയിലെ
രഹസ്യവാതിലുകള്തുറന്ന്,
കൈയില്ലാപ്രേതംപോലെ പറന്നിറങ്ങി
ഷക്കീലഹമ്മദ് പൊട്ടിച്ചിരിക്കുന്നു!
ശൂന്യമായ കുപ്പായക്കൈ ആട്ടിയാട്ടി
അയാൾ അപ്രത്യക്ഷനാകുന്നു.
അങ്ങേത്തീരത്തെ
പള്ളിമിനാരങ്ങളിൽനിന്ന്
ബാങ്കുവിളികൾ പറവക്കൂട്ടംപോലെ,
എങ്ങോ പറന്നകലുന്നു.
അസ്തമിച്ചുതീര്ന്ന സൂര്യന്റെ
ഇറ്റിവീണ ചോരത്തുള്ളിപോലെ
തടാകത്തിൽ വെട്ടം തിളങ്ങുന്നു!
ഇടയ്ക്ക് ഒരു കരിമ്പടംപോലെ ഇരുട്ട്
തടാകത്തെ മൂടിക്കളയുന്നു!
പ്രഭാതത്തിന്റെ തുടുപ്പ്
അതിജീവനത്തിന്റെ കരുത്തിൽ
പൂക്കള്നിറഞ്ഞ ചെറുവഞ്ചികളായി
മുന്നിലൂടെ കടന്നുപോകുന്നു.
വാണിഭക്കാരുടെ കണ്ണുകളിലെ
അത്യാർത്തിയുടെ ചൂണ്ട
ഞങ്ങളെ തടാകത്തിലേക്ക് തട്ടിയിടുന്നു!
അപ്പോൾ , ആകാശത്തിന്റെ
അങ്ങേച്ചരിവിൽനിന്ന്,
ശൂന്യമായ കുപ്പായക്കൈകള് ചിറകുകളാക്കി
ഷക്കീൽ അഹമ്മദ്
ഞങ്ങള്ക്കുനേരെ പറന്നിറങ്ങുന്നു!
ഞങ്ങള് ദാൽ തടാകത്തിൽനിന്ന്
കരയുടെ തീവെയിലിലേക്ക്
നടന്നുകയറുന്നു !
*******************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ