2023, ജൂലൈ 4, ചൊവ്വാഴ്ച

 മലഞ്ചരിവിൽ

ബാലകൃഷ്ണൻ മൊകേരി
ഈ മലഞ്ചെരിവിലൂ-
ടിങ്ങനെ പോകുന്നേരം
വഴിയിൽ വിലങ്ങനെ
മുളമ്പാത്തികൾ കാൺമൂ
(മുളമ്പാത്തികൾ ,പിന്നെ-
ക്കറുത്ത ഹോസും,മല-
മുടിതൻ പറക്കുന്ന
മുടിനാരുകൾ പോലെ..)
അപ്പുറത്തേതോ മല-
മുകളിൽക്കിനിയുന്ന
ഉറവിൻ ധാരയ്ക്കിവ-
രൊരുക്കും വഴികളിൽ
ഇടതടവില്ലാതെ വ-
ന്നവ വീഴുന്നൂ മണ്ണിൽ,
മനുഷ്യരൊരുക്കിയ
കിണറ്റിൽ, നിരന്തരം !
എന്തൊരു കുളിർമ്മയാ-
നീർക്കണങ്ങളിൽ, മല-
മുടിതൻ വാത്സല്യത്തിൻ
സ്തന്യമാ ജലസ്പർശം!
ആവാസ കേന്ദ്രങ്ങളിൽ
വെള്ളമില്ലെന്നാലുമീ-
മനുഷ്യർ വരുത്തുന്നൂ
ജല നിർഝരി മുന്നിൽ!
അത്രമേൽ ലളിതമാ,-
യത്രമേലനായാസം,
പ്രാതികൂല്യങ്ങൾ തന്നെ-
യനുകൂലമായ് മാറ്റി !
പാറകൾ പഴുതില്ലാ-
ക്കോട്ടകൾ തീർക്കുന്നേരം
മാനവർ കൃഷിയേറ്റി
വിളയിക്കുന്നൂ സ്വപ്നം !
അതിജീവനത്തിന്റെ
കരുത്തു,മധ്വാനത്തിൻ
വീറുമേന്തുന്നൂ, മല-
ഞ്ചെരിവിൽ വസിക്കുവോർ!
(വിളകൾ , മുല്യംനശി-
ച്ചളമുട്ടീടുമ്പോഴും,
ഇവർ കാക്കുന്നൂ,വരും
നല്ലൊരു കാലം,നാളെ !)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ