2023, ജൂലൈ 4, ചൊവ്വാഴ്ച

 


ഊണെടം
-ബാലകൃഷ്ണൻ മൊകേരി
പച്ചക്കറിയാലൊരുക്കട്ടേ
പഴേടം സദ്യ കേമമായ്,
മീനിറച്ചി പചിക്കാനായ്
മേനികാട്ടട്ടെ പുതിയെടം !
ഇടങ്ങളേതുമതാകട്ടേ,
ഇടയുണ്ടെന്റെ വയറ്റിലെ
ശമിക്കാതെ കത്തിനില്ക്കുന്ന
അഗ്നിയിൽ വെച്ചെരിക്കുവാൻ!
ജാതിയു,മാ മതവും നോക്കി
ഭുജിക്കാനായ് വന്നുചേരുവോർ
ദുഷ്ടലാക്കിന്റെ രാഷ്ട്രീയം
കളിക്കുവാനറിയുന്നവർ !
മതത്തിന്റെ മെനുവുംനോക്കി-
യവരുവയ്ക്കട്ടെ ഭക്ഷണം,
മതത്തിന്റെ മെനുകാണിച്ചി-
ട്ടവരൂട്ടട്ടെ യഥാക്രമം !
കേവലമാം നരവംശത്തിൽ
പിറവികൊണ്ടോർക്കു മാത്രമായ്
സർക്കാരിന്റെ വകയായ് നല്കാം
തിന്നാനുള്ളവ വൃത്തിയായ്!
കലാസാഹിത്യമേളയ്ക്കായ്
വന്നാഘോഷിക്കട്ടെ കുട്ടികൾ,
ഉജ്വലിക്കട്ടെയീ ദീപങ്ങൾ
ഊണിടത്തല്ലല്ല, വേദിയിൽ!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ