2023, ജൂലൈ 4, ചൊവ്വാഴ്ച

 

ജെസിബി
ബാലകൃഷ്ണൻ മൊകേരി
വാനത്തിൻ മോന്തായത്തിൽ
കേറിനിന്നവൻ സൂര്യൻ
തീപെയ്യിക്കുമുച്ചയിൽ,
ഗ്രാമത്തിൻ ചെമ്മൺ പാത
ചാലിട്ടിട്ട് നിരന്തരം
പൊടിക്കാറ്റുപാറ്റിപ്പായുന്ന
ടിപ്പർലോറികൾ കണ്ട്
നമ്മുടെ നാടെന്നും,
നമ്മുടെ പ്രകൃതിയെന്നും
മോങ്ങാനിരിക്കും കവിയോട്
നിർത്തെടാ നീയെന്ന്
കാർക്കിച്ചുതുപ്പുന്നു
മുൻ വിപ്ലവക്കാരൻ!
നീ കാണുന്നതൊരുവശം
മാത്രമെന്നയാൾ ,
മറുവശം വിപ്ലവാനുകൂലം
അതുകാണാതിരിക്കയോ ?
"യന്ത്രമാം രാക്ഷസക്കൂട്ടം
മദിക്കുന്നതും നോക്കി
മിണ്ടാതിരിക്കുവാനാമോ
നമുക്കെ?"ന്നാക്കവി ചോദ്യമായ്
കയർത്താൻ വിപ്ലവക്കാരൻ,
നിനക്കറിയില്ലൊരു ചുക്കുമേ,
നിനച്ചാലേതു വിപ്ലവത്തേക്കാൾ
മാറ്റം വരുത്തുവോരിവർ,
ചോരചിന്താത്ത രാക്ഷസർ!
സവർണ്ണത്തമ്പുരാക്കൾത-
ന്നെട്ടുകെട്ടുകൾ,കോട്ടകൾ
ജെസിബി കുഴികോരുന്നൂ
ടിപ്പർ നാട്ടിൽ പരക്കെയായ്
കൊണ്ടുപോയവർണ്ണർതൻ
കുപ്പയിൽ കുഴിമൂടുന്നൂ!
നിനച്ചിരിപ്പതിൻ മുമ്പേ
മാറുന്നൂ നാട്ടിൻപുറം !
ഏതുവിപ്ലവമിതേപ്പോലെ,
മാറ്റമുണ്ടാക്കി നാടിതിൽ ?
സമൂഹമാറ്റമുണ്ടാക്കാൻ
തോക്കുകൾ തോറ്റുപോയെടോ
ആയുധങ്ങൾ യഥാകാലം
പുതുക്കിവെക്കണമെപ്പൊഴും
കാല്പനിക വിപ്ലവക്കാരൻ
മുന്നോർമ്മയിൽ കൺകളിൽ
പന്തങ്ങളെരിയിക്കവേ
കവി മിണ്ടാതിരിക്കയായ്!
അപ്പോഴും മോന്തായത്തിൽ
തീവാരിയെറിഞ്ഞുകൊ-
ണ്ടിരിക്കയാണാസൂര്യൻ
ആരെക്കാത്തിരിക്കയോ ?! ?
*****************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ