2023, ജൂലൈ 4, ചൊവ്വാഴ്ച


കളിയാട്ടം
-ബാലകൃഷ്ണൻ മൊകേരി
ഉണരുന്നു കാവിന്റെ
കളിയാട്ടമൈതാന,-
മവിടെയിന്നാളുകൾ
തിക്കുകൂട്ടീ
തെയ്യങ്ങൾ ചുവടുവെ-
ച്ചുറയുന്നു,മേളക്കാർ
കൈമെയ് മറന്നു
മുറുകി താളം !
തോറ്റങ്ങളുണരുന്നു,
മുടിവെച്ച കോലങ്ങൾ
ദ്രുതനടനചാരുതയിൽ,
കാവുണർന്നു !
ഭയഭക്തി നീലച്ച-
മിഴികളിൽ ഭീതിയുടെ
ലഹരിനിറഞ്ഞണയുകയായ്
ജനസഹസ്രം !
നീ പണ്ടു നില്ക്കുമാ-
പ്പാലയുടെ കീഴിലി-
ന്നാരൊക്കെയോ വന്നു
നില്പതുണ്ട് !
നെഞ്ചകത്തെരിയുന്നൊ-
രഗ്നികുണ്ഠത്തിൽ വ-
ന്നോർമ്മകൾ തീയാടി
നില്ക്കയല്ലോ !
നീയെവിടെയാവു?,മാ-
മിഴികളിലെനിക്കായി
വിരിയില്ല പൂക്കളിനി,
വെറുതെ മോഹം !
ഓർമ്മയുടെ കളിയാട്ട,
മതുമാത്രമുണ്ടാവും,
തെയ്യപ്പറമ്പിൽ ഞാൻ
വെറുതെ നില്പൂ!
കാവിലെത്തിറയാട്ട
നാളുകള് കഴിയുമ്പോൾ
വിജനമായ്ത്തീരുമീ-
പ്പരിസരങ്ങൾ !
ഇവിടെയിപ്പാലതൻ
ചോട്ടിൽ ഞാനെപ്പോഴും
കളിയാട്ടനാളുകൾ
കാത്തിരിക്കും !


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ