2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ചളിക്കണ്ടം
ബാലകൃഷ്ണൻ മൊകേരി
കുറിയാടുകള് മദി-
ച്ചെത്തിയ പൊടിമണ്ണിൽ,
കുറിയോനൊരാള് പെരും-
കലപ്പക്കൊഴുപോലെ
പരന്ന പാദങ്ങളാൽ
ചവിട്ടിത്താഴ്ത്തീപോലും,
പ്രജകള്ക്കൊരേപോലെ
അന്നമായ് വിശപ്പാറ്റി
നിന്നരാജനെ,ക്കാലം
കലങ്ങിമറിഞ്ഞുപോൽ,
തിളച്ചു കുറുകിപോൽ !
നോവുകള് പ്രതീക്ഷയായ്
വാറ്റിയ ലഹരിയിൽ
പുഴുക്കള്പോലെയവര്
ശലഭക്കൊതികളിൽ
കാത്തിരുന്നുപോ,ലൊരു
തിരിച്ചുവരവിനെ!
മാനവും മണ്ണും തെളി-
വെയിലിൽ കുളികഴി-
ഞ്ഞെത്തുന്ന ജലയാന-
വഴിയിൽ കാത്തേനിന്നു!
മഞ്ഞലോഹത്തിൻ നിറം
ശ്രാവണപ്പകൽകളിൽ
പകരും നിറച്ചാര്ത്തിൻ
പൊലിമയ്ക്കരുനിന്നൂ!
തലയിൽ സുവര്ണ്ണമാം
മുടിയേന്തിയ രാജൻ
നാടിനെയൂട്ടാനെത്തി
നോവിനെ മറക്കവേ,
പൂവേന്തി വരവേറ്റൂ
കാടുക,ളുത്സാഹത്തി-
ന്നാരവങ്ങളിൽ നീന്തി
നടന്നൂ ജനതതി!
ഉടുത്തൂ, പുതിയതാ-
മാടകള്,ക്ഷാമത്തിന്റെ
വയറും നിറഞ്ഞ,തു
മതികെട്ടുറക്കമായ്!
ഉയിരിൻ തിമര്പ്പുക,-
ളുയരും താലോലങ്ങള്,
മണ്ണിലും വിണ്ണിൻ ചേലിൽ
സുഗന്ധം പരക്കുന്നൂ!
അലസം ദിനം പോകെ
ക്കലഹം മനങ്ങളിൽ
കൂടുകള് പണിയുന്നൂ
കാടുകള് വളരുന്നൂ!
പിന്നെയും മാഞ്ഞൂ പക-
ലിരുളിൻ കനംവായ്ച
മൂകതയ്ക്കുള്ളിൽ മൂടി-
ക്കിടന്നൂ മണ്ണിൻ വിധി!
അപ്പോഴാക്കുറിയവൻ
വീണ്ടുമെത്തുന്നൂ,പൊന്നിൻ
മന്നനെ,ക്കുറിയാടിൻ
തിറയാടിയമണ്ണിൽ
ചവിട്ടിയമര്ത്തുന്നൂ,
നടുവു നിവര്ത്തുന്നൂ!
പിന്നെയും കാലം വെറും
കാത്തിരിപ്പായ്തീരുന്നൂ,
ചരിത്രം തുടര്ച്ചതൻ
ചളിക്കണ്ടവുമത്രേ !

2021, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

 പതാക

-ബാലകൃഷ്ണൻ മൊകേരി
രാവിലെൻ ചുമരിൽ വരച്ചുഞാൻ
കാറ്റിലിളകുന്നൊരു
അരുമയാം മൂവര്ണ്ണക്കൊടി.
അതിനടിയിൽ,
സ്വാതന്ത്ര്യദിനാശംസകളെന്ന്
സുവര്ണ്ണലിപികളിലെഴുതിവെച്ചു!
രാവിലെയുണര്ന്നുനോക്കുമ്പോള്,
കൊടിയിലൊരു വലിയ ചിലന്തിവല
തുഷാരമാലയണിഞ്ഞു തിളങ്ങുന്നു!
അതിലെവിടെയോ,
ഒളിഞ്ഞുനില്ക്കുന്ന കൊതിക്കണ്ണുകള്!
വലയിലൊരു ചിത്രശലഭത്തിന്റെ
ചേതനയറ്റഭംഗി
കാറ്റിലിളകിക്കൊണ്ടിരിക്കുന്നു!
********************

2021, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

 മെറ്റൽ ഡിറ്റക്റ്റര്‍

 ബാലകൃഷ്ണൻ മൊകേരി

നിൻപ്രണയത്തിൻ

മധുവൂറുന്ന മൊഴികളെ,-

യെൻവിവേകത്തിൻ

ലോഹനിര്‍ണ്ണയ യന്ത്രം വഴി

വെറുതേ പരീക്ഷിക്കെ,-

യെന്തിനു വിളറുന്നൂ ?

പ്രണയമേ,നീയി-

തെങ്ങുപോയ് മറയുന്നൂ ? 

*****************

 

*പൂക്കളം
ബാലകൃഷ്ണൻ മൊകേരി
    നീയെത്രനേരമായ്
മുറ്റത്തിനോരത്ത്,
മിണ്ടാതെ നില്ക്കയാണല്ലോ!
എന്തോ പറയുവാ-
നായുന്നു,വാക്കുകള്
നാവിൽ വരണ്ടുപോയെന്നോ !
ഒറ്റയ്ക്കു നീയേതു-
പോയകാലത്തിന്റെ-
യോര്മ്മകള് പേറിവരുന്നൂ ?
പേക്കാലമൂടലാ-
ണെങ്കിലുമോര്മ്മയിൽ
പൂഞ്ചിരിത്തെല്ലുണരുന്നൂ!
നീ,തുമ്പയല്ലേ ?
വരുന്നുണ്ടൊരോണമെ,-
ന്നോര്മ്മതരാൻ വന്നുവല്ലേ ?
ആരും വിളിക്കാതെ-
യെത്തിയിങ്ങെങ്കിലും,
എന്നെ നീയോര്ക്കുന്നുവല്ലോ !
എല്ലാം മറന്നുഞാ,-
നെങ്കിലും നിൻചാരെ-
യോര്മ്മകള് പൂത്തുതുടങ്ങീ!
ഇമ്മഹാമാരിത-
ന്നുമ്മറത്തും,വരൂ
പൂക്കളം തീര്ക്കാൻതുടങ്ങാം !
....................................
( * മഴക്കാലത്ത് മുറ്റത്ത് പലതരം പുല്ലുകളുംമറ്റും നിറഞ്ഞിരുന്നു
അതു പറിച്ചുവൃത്തിയാക്കുന്നതിനിടയിലാണ് ഒരാളെ കാണുന്നത്.
ബാല്യത്തിലെ ചങ്ങാതി, തുമ്പ,ഓണത്തുമ്പ! ആ കണ്ടുമുട്ടലാണ്
ഇക്കവിത )