2021, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

 

*പൂക്കളം
ബാലകൃഷ്ണൻ മൊകേരി
    നീയെത്രനേരമായ്
മുറ്റത്തിനോരത്ത്,
മിണ്ടാതെ നില്ക്കയാണല്ലോ!
എന്തോ പറയുവാ-
നായുന്നു,വാക്കുകള്
നാവിൽ വരണ്ടുപോയെന്നോ !
ഒറ്റയ്ക്കു നീയേതു-
പോയകാലത്തിന്റെ-
യോര്മ്മകള് പേറിവരുന്നൂ ?
പേക്കാലമൂടലാ-
ണെങ്കിലുമോര്മ്മയിൽ
പൂഞ്ചിരിത്തെല്ലുണരുന്നൂ!
നീ,തുമ്പയല്ലേ ?
വരുന്നുണ്ടൊരോണമെ,-
ന്നോര്മ്മതരാൻ വന്നുവല്ലേ ?
ആരും വിളിക്കാതെ-
യെത്തിയിങ്ങെങ്കിലും,
എന്നെ നീയോര്ക്കുന്നുവല്ലോ !
എല്ലാം മറന്നുഞാ,-
നെങ്കിലും നിൻചാരെ-
യോര്മ്മകള് പൂത്തുതുടങ്ങീ!
ഇമ്മഹാമാരിത-
ന്നുമ്മറത്തും,വരൂ
പൂക്കളം തീര്ക്കാൻതുടങ്ങാം !
....................................
( * മഴക്കാലത്ത് മുറ്റത്ത് പലതരം പുല്ലുകളുംമറ്റും നിറഞ്ഞിരുന്നു
അതു പറിച്ചുവൃത്തിയാക്കുന്നതിനിടയിലാണ് ഒരാളെ കാണുന്നത്.
ബാല്യത്തിലെ ചങ്ങാതി, തുമ്പ,ഓണത്തുമ്പ! ആ കണ്ടുമുട്ടലാണ്
ഇക്കവിത )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ