2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

ചളിക്കണ്ടം
ബാലകൃഷ്ണൻ മൊകേരി
കുറിയാടുകള് മദി-
ച്ചെത്തിയ പൊടിമണ്ണിൽ,
കുറിയോനൊരാള് പെരും-
കലപ്പക്കൊഴുപോലെ
പരന്ന പാദങ്ങളാൽ
ചവിട്ടിത്താഴ്ത്തീപോലും,
പ്രജകള്ക്കൊരേപോലെ
അന്നമായ് വിശപ്പാറ്റി
നിന്നരാജനെ,ക്കാലം
കലങ്ങിമറിഞ്ഞുപോൽ,
തിളച്ചു കുറുകിപോൽ !
നോവുകള് പ്രതീക്ഷയായ്
വാറ്റിയ ലഹരിയിൽ
പുഴുക്കള്പോലെയവര്
ശലഭക്കൊതികളിൽ
കാത്തിരുന്നുപോ,ലൊരു
തിരിച്ചുവരവിനെ!
മാനവും മണ്ണും തെളി-
വെയിലിൽ കുളികഴി-
ഞ്ഞെത്തുന്ന ജലയാന-
വഴിയിൽ കാത്തേനിന്നു!
മഞ്ഞലോഹത്തിൻ നിറം
ശ്രാവണപ്പകൽകളിൽ
പകരും നിറച്ചാര്ത്തിൻ
പൊലിമയ്ക്കരുനിന്നൂ!
തലയിൽ സുവര്ണ്ണമാം
മുടിയേന്തിയ രാജൻ
നാടിനെയൂട്ടാനെത്തി
നോവിനെ മറക്കവേ,
പൂവേന്തി വരവേറ്റൂ
കാടുക,ളുത്സാഹത്തി-
ന്നാരവങ്ങളിൽ നീന്തി
നടന്നൂ ജനതതി!
ഉടുത്തൂ, പുതിയതാ-
മാടകള്,ക്ഷാമത്തിന്റെ
വയറും നിറഞ്ഞ,തു
മതികെട്ടുറക്കമായ്!
ഉയിരിൻ തിമര്പ്പുക,-
ളുയരും താലോലങ്ങള്,
മണ്ണിലും വിണ്ണിൻ ചേലിൽ
സുഗന്ധം പരക്കുന്നൂ!
അലസം ദിനം പോകെ
ക്കലഹം മനങ്ങളിൽ
കൂടുകള് പണിയുന്നൂ
കാടുകള് വളരുന്നൂ!
പിന്നെയും മാഞ്ഞൂ പക-
ലിരുളിൻ കനംവായ്ച
മൂകതയ്ക്കുള്ളിൽ മൂടി-
ക്കിടന്നൂ മണ്ണിൻ വിധി!
അപ്പോഴാക്കുറിയവൻ
വീണ്ടുമെത്തുന്നൂ,പൊന്നിൻ
മന്നനെ,ക്കുറിയാടിൻ
തിറയാടിയമണ്ണിൽ
ചവിട്ടിയമര്ത്തുന്നൂ,
നടുവു നിവര്ത്തുന്നൂ!
പിന്നെയും കാലം വെറും
കാത്തിരിപ്പായ്തീരുന്നൂ,
ചരിത്രം തുടര്ച്ചതൻ
ചളിക്കണ്ടവുമത്രേ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ