2019, ഒക്‌ടോബർ 22, ചൊവ്വാഴ്ച

നായകര്‍
-ബാലകൃഷ്ണന്‍ മൊകേരി

കാടിൻ‍താളമറിഞ്ഞും,ഗഹനത
നിറയുംവഴികളിലുഴറിനടന്നും
ഇരകള്‍ തേടിയു,മൊരുമി,ച്ചൊരുവിധി-
യരുളിയ കാനനലഹരി നുണഞ്ഞും
മുറിവുകള്‍പറ്റിയു,മിടയില്‍ജ്ജീവിത-
മാഹുതിചെയ്തും,മടിയന്മാരായ്
വയറിൻചുളംവിളി കേള്‍ക്കുമ്പോള്‍
മാത്രമുണര്‍ന്നുമണത്തുനടന്നും
പൂര്‍വ്വികരെത്തീ,യുതിരം ചിന്നിയ
നിങ്ങടെ പാചകവേദിക്കരികിൽ
എല്ലുംതോലുമൊരിത്തിരിമാത്രം
ചോറും ദൂരെക്കളയുന്നേരം
കാരണവന്മാര്‍ കൊതിയിൽ വീണ,തി-
നിപ്പുറമൊന്നും കരകയറാതെ
ഒരുചോറുരുളയ്ക്കടിയറവെച്ചൂ,
തലമുറതന്നുടെയടിയാധാരം !
കുഴിയിൽ‍പെട്ടവരന്നും ഇന്നും
കുഴിയിൽ‍ത്തന്നെയിരിപ്പൂ ഞങ്ങള്‍
കാവല്ക്കാരായ് ,സേവകരായീ
കല്ലേറുകളുടെ സേവനമൂല്യം !
ഉടമകള്‍ തീര്‍ത്തൊരു കൊട്ടാരത്തിൻ‍
മുന്നിലൊരുങ്ങിയ, കൂട്ടിൽ ഞങ്ങള്‍
അവരുടെ മതിലിന്നുള്ളിൽ‍,ചങ്ങല-
യതിരുകള്‍തീർക്കും സ്വാതന്ത്ര്യത്തിൽ,
തോതിരമണിയുംവിരലുകള്‍ ചൂണ്ടിയ
ലക്ഷ്യംതേടിക്കുതികൊള്ളുന്നൂ,
അവരുടെ മൃഗയാകേളികള്‍തോറും
ഞങ്ങടെ പല്ലുകളായുധമായി
നായാട്ടെന്നാണല്ലോ പറയുവ-
തവരാണെന്നും നായകവേഷം,
അപകടമില്ലാതവരെ നയിച്ചീ
ഞങ്ങള്‍ പക്ഷേ, നായകളായി.
തെരുവിലെ മാലിന്യങ്ങള്‍ക്കിടയിൽ
തനിയെ മുളച്ചും ജീവൻ‍കാത്തും
വളരും ഞങ്ങടെ കൂട്ടർ‍ക്കെതിരെയു-
മുടമയ്ക്കായുധമായതു ഞങ്ങള്‍ !
അങ്ങനെയെന്നും നായകളായി-
ത്തന്നെയിരിക്കുകയല്ലോ ഞങ്ങള്‍ !
എങ്കിലുമിപ്പോളറിയുന്നുണ്ടേ,
തെരുവിന്‍പട്ടികളല്ലോ ഞങ്ങടെ
വർ‍ഗ്ഗത്തിന്റെ കരുത്തടയാളം,
സ്വാതന്ത്ര്യത്തിൻ‍ കുലപാരമ്യം !
ഒരുദിനമെന്നാ,ലൊരുദിന,മവരുടെ
കൂടെയിറങ്ങിനടക്കാനവരുടെ
കൂടെക്കൂടിക്കുതികൊള്ളാനും
നായകളാവാതിത്തിരിനേരം
നായകരാവാനും കൊതിയുണ്ടേ,
കൊതിയുണ്ടല്ലോ നായകരാവാൻ,
ശുനകചരിത്രം കുതികൊള്ളട്ടേ!
നായകളല്ലിനി,നായകർ നമ്മള്‍ ‍ !

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍
---ബാലകൃഷ്ണന്‍ മൊകേരി
ഇന്നലെ പുലരാന്‍നേരം
കിനാവൊന്ന് തെളിഞ്ഞുവന്നു :
ഏറെ പരിചയംതോന്നുന്ന
അറിയാത്ത വഴിയിലൂടെ
നടന്നുപോകുമ്പോള്‍
മുന്നില്‍,നിലത്തായി
നാലഞ്ച് വലിയമുട്ടകള്‍,
ചിലതിന്റെ പുറന്തോല് ചുളുങ്ങി,
ചിലതില്‍ വടുക്കള്‍വീണ്
ഉടയോരറ്റനിലയില്‍,
പടുകുഴിയിലും പുറത്തുമായി.
അടുത്തെത്തിയപ്പോളവയില്‍നിന്ന്
ഒച്ചകള്‍ കേള്‍ക്കായി
അടുത്തുചെന്ന്
ആരാണെന്താണെന്ന് ചോദിക്കെ,
ഒട്ടകപ്പക്ഷിയുടെ മുട്ടകളെന്ന്
അരുളപ്പെട്ടു.
ഉടയൊരെവിടെന്ന
ഉരിയാട്ടത്തിന്,
പുലിവന്നപ്പോള്‍ തടികാത്തെന്ന
മുട്ടപ്പേച്ചുവന്നു.
മുട്ടകളെപ്പുലിക്കുവിട്ട്
ഉയിര്‍കാക്കാനോടിയ
പറവപ്പെരിയോരെ
തെറിനാലുപറയാതെങ്ങെനെ
പോകുമെന്നുഴറുന്നേരം,
ഉറയുന്നേരം,
ചിരിക്കുന്നു മുട്ടകള്‍ :
മണ്ടാ മരമണ്ടാ !നീ,
പൊയ് വാക്കു പറയാതേ പോ,
തടിപോറ്റും പറവയ്ക്കല്ലാം
ചേരുന്നൊരു കാലംവന്നാല്‍
പെറ്റുകൂട്ടാം മുട്ടകളിനിയും,
അതിജീവനതത്വമതല്ലോ!
കണ്ണുപായുന്നിടത്തെല്ലാം
നിറയെക്കാണ്മതു മുട്ടകള്‍,
ഒട്ടകപ്പക്ഷിമുട്ടകള്‍ !
ഉരിയാട്ടംനിലച്ചുഞാന്‍
തിരിയെപ്പോകാനൊരുങ്ങവേ,
കിനാപ്പോള തകര്‍ന്നുപോയ്
ഉറക്കം കാടുകടന്നുപോയ്.
...............................................