2019, ഒക്‌ടോബർ 22, ചൊവ്വാഴ്ച

നായകര്‍
-ബാലകൃഷ്ണന്‍ മൊകേരി

കാടിൻ‍താളമറിഞ്ഞും,ഗഹനത
നിറയുംവഴികളിലുഴറിനടന്നും
ഇരകള്‍ തേടിയു,മൊരുമി,ച്ചൊരുവിധി-
യരുളിയ കാനനലഹരി നുണഞ്ഞും
മുറിവുകള്‍പറ്റിയു,മിടയില്‍ജ്ജീവിത-
മാഹുതിചെയ്തും,മടിയന്മാരായ്
വയറിൻചുളംവിളി കേള്‍ക്കുമ്പോള്‍
മാത്രമുണര്‍ന്നുമണത്തുനടന്നും
പൂര്‍വ്വികരെത്തീ,യുതിരം ചിന്നിയ
നിങ്ങടെ പാചകവേദിക്കരികിൽ
എല്ലുംതോലുമൊരിത്തിരിമാത്രം
ചോറും ദൂരെക്കളയുന്നേരം
കാരണവന്മാര്‍ കൊതിയിൽ വീണ,തി-
നിപ്പുറമൊന്നും കരകയറാതെ
ഒരുചോറുരുളയ്ക്കടിയറവെച്ചൂ,
തലമുറതന്നുടെയടിയാധാരം !
കുഴിയിൽ‍പെട്ടവരന്നും ഇന്നും
കുഴിയിൽ‍ത്തന്നെയിരിപ്പൂ ഞങ്ങള്‍
കാവല്ക്കാരായ് ,സേവകരായീ
കല്ലേറുകളുടെ സേവനമൂല്യം !
ഉടമകള്‍ തീര്‍ത്തൊരു കൊട്ടാരത്തിൻ‍
മുന്നിലൊരുങ്ങിയ, കൂട്ടിൽ ഞങ്ങള്‍
അവരുടെ മതിലിന്നുള്ളിൽ‍,ചങ്ങല-
യതിരുകള്‍തീർക്കും സ്വാതന്ത്ര്യത്തിൽ,
തോതിരമണിയുംവിരലുകള്‍ ചൂണ്ടിയ
ലക്ഷ്യംതേടിക്കുതികൊള്ളുന്നൂ,
അവരുടെ മൃഗയാകേളികള്‍തോറും
ഞങ്ങടെ പല്ലുകളായുധമായി
നായാട്ടെന്നാണല്ലോ പറയുവ-
തവരാണെന്നും നായകവേഷം,
അപകടമില്ലാതവരെ നയിച്ചീ
ഞങ്ങള്‍ പക്ഷേ, നായകളായി.
തെരുവിലെ മാലിന്യങ്ങള്‍ക്കിടയിൽ
തനിയെ മുളച്ചും ജീവൻ‍കാത്തും
വളരും ഞങ്ങടെ കൂട്ടർ‍ക്കെതിരെയു-
മുടമയ്ക്കായുധമായതു ഞങ്ങള്‍ !
അങ്ങനെയെന്നും നായകളായി-
ത്തന്നെയിരിക്കുകയല്ലോ ഞങ്ങള്‍ !
എങ്കിലുമിപ്പോളറിയുന്നുണ്ടേ,
തെരുവിന്‍പട്ടികളല്ലോ ഞങ്ങടെ
വർ‍ഗ്ഗത്തിന്റെ കരുത്തടയാളം,
സ്വാതന്ത്ര്യത്തിൻ‍ കുലപാരമ്യം !
ഒരുദിനമെന്നാ,ലൊരുദിന,മവരുടെ
കൂടെയിറങ്ങിനടക്കാനവരുടെ
കൂടെക്കൂടിക്കുതികൊള്ളാനും
നായകളാവാതിത്തിരിനേരം
നായകരാവാനും കൊതിയുണ്ടേ,
കൊതിയുണ്ടല്ലോ നായകരാവാൻ,
ശുനകചരിത്രം കുതികൊള്ളട്ടേ!
നായകളല്ലിനി,നായകർ നമ്മള്‍ ‍ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ