2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഗൃഹാതുരം 8
ബാലകൃഷ്ണൻ മൊകേരി
മണ്ണിലെന്തെന്തു കൗതുകങ്ങൾ ,നമു-
ക്കെണ്ണിനോക്കിയാൽ തീർന്നുപോം സംഖ്യകൾ!
പച്ചമേലാടചാർത്തിയ കുന്നുകൾ,
പച്ചഞാറുപുതച്ച വയലുകൾ!
ദൂരെയുള്ള നദിയൊന്നുകാണുവാൻ
വെമ്പലാർന്നതാം കൊച്ചുകൈത്തോടുകൾ!
പൈക്കൾമേയുംവെളിമ്പറമ്പിൽ,ചാരെ
മെല്ലെമെല്ലെനടക്കുന്ന കൊറ്റികൾ!
കൂട്ടുകാരെ വിളിക്കുന്ന കൂവലിൻ
നാട്ടുരാഗങ്ങളങ്ങനെയങ്ങനെ....
മോഹഭംഗങ്ങൾ തീക്കാറ്റുപോലെയി-
ങ്ങാഞ്ഞുവീശുന്ന സാന്ധ്യച്ചൊരുക്കിലും
ഞങ്ങൾ കുട്ടികൾ, മണ്ണിന്റെ കൗതുകം
തേടിമാത്രം പലവഴി പോകവേ,
നീ വരാറില്ല,കൂടെയൊരിക്കലും
മണ്ണിലേക്കല്ല നിന്റെയാനോട്ടവും!
എന്നുമെപ്പോഴും വാനിലെയാഴങ്ങൾ
നിൻമിഴിയാലളക്കുകയാണുനീ
കാലുപൊള്ളുംവഴികളീമണ്ണിനെ
ചൂളയാക്കുന്നനേരവും വാനിലെ
കേളിയാടുന്ന മേഘങ്ങളെനോക്കി
നീവരച്ചുകൂട്ടീടും കിനാക്കളിൽ
ഞങ്ങളാരുമേ കാണില്ലയെന്നോര്ത്തു
ക്രോധമോടെ പരിഹസിച്ചന്നുനാം !
മണ്ണിൽനോക്കാത്ത നീ വെറും മാനത്തു-
കണ്ണിയെന്നു നാംകുറ്റപ്പെടുത്തിയും
നിന്റെനെറ്റിയിലുള്ള കുറിനോക്കി
കല്ലെറിയുന്നു,പൊട്ടിച്ചിരിക്കുന്നു!
സ്വപ്നജീവിതം എപ്പോഴുമിങ്ങനെ
കല്ലുകള്ക്കിരയാവുന്നതിപ്പോഴും!
അന്നുഞങ്ങളും സ്വപ്നങ്ങൾകാണുവാൻ
നിന്നിരുന്നെങ്കിലെന്നു നിനയ്ക്കവേ,
ഏതസഹ്യമാംപ്രശ്നത്തുരുത്തിലും
നേർത്തസാന്ത്വനത്തെന്നലായ് വന്നവ
കൂടെനിന്നേനെ, തന്നേനെ, മുന്നോട്ടു
പോകുവാനുള്ളതാങ്ങും തലോടലും!

 

ഗൃഹാതുരം 7
-ബാലകൃഷ്ണൻ മൊകേരി
നാം പഠിച്ചൊരാ വിദ്യാലയത്തിൻ
രൂപഭാവങ്ങളേറെ വ്യത്യസ്തം !
ഓലമേഞ്ഞൊരു ഷെഡ്ഡിലെ ക്ലാസിൽ,
ഓർക്കുവാ,നിന്നു സന്തോഷമെന്നാൽ,
മണ്ണിളകിക്കിടക്കും തറയിൽ
കാറ്റുവന്നാൽ പൊടിമഴപെയ്യും !
പുസ്തകത്തിലും,ബെഞ്ചിലും,പിന്നെ-
ക്കീറൽതുന്നിമറച്ചോടുപ്പിൽ
ചെന്നിറംപൂശിയക്കാറ്റുപോയാൽ
പിന്നെയുംവരും കാറ്റുകൾ വേറെ !
പ്രാർത്ഥനാമണിനാദംകഴിഞ്ഞാൽ
പാതിജീവൻ പറന്നങ്ങുപോവും!
ചൂരൽ,പുസ്തകം,ചോക്കുമായേറെ
ഗൗരവംപൂണ്ടപുഞ്ചിരിതൂകി,
വേറെവേറെ വിഷയങ്ങൾ നമ്മെ
ബോധനംചെയ്തുപോരും ഗുരുക്കൾ,
വന്നുചേരും,നിപുണരാ,ണെന്നാൽ,
വിട്ടുവീഴ്ചകളില്ലവർക്കൊന്നും!
(ഞങ്ങ,ളെന്നാൽ കളിച്ചു മദിക്കാൻ
വിങ്ങലോടെയിരിക്കുവോരല്ലോ !
ഉച്ചയാകാൻ കൊതിച്ചുനില്ക്കുമ്പോൾ,
ചൂരലേകിയ നോവാരിതോർക്കാൻ ?)
അപ്പൊഴെല്ലാമൊരാൾ ഗുരുവിന്റെ
കണ്ണുവെട്ടിച്ചൊളിച്ചിരിപ്പുണ്ടാം,
ക്ലാസിലെപ്പൊടിമണ്ണിൽ,കുഴിയിൽ
കണ്ണുകൾക്കു പിടിതരാമട്ടിൽ,
കുഞ്ഞുചങ്ങാതി നീയൊളിച്ചാലും,
എന്റെ കൂട്ടുകാർ,നിന്നെപ്പിടിച്ചാ
മേശയിൽനിർത്തി വിസ്തരിക്കുമ്പോൾ,
നീ നടക്കുന്നു പിന്നോട്ടുമെല്ലെ,
മുന്നിലേക്കും പതുക്കെപ്പതുക്കേ,
നീയരിച്ചുനടക്കുന്നനേരം
കൈകൾകൊട്ടിച്ചിരിക്കുന്നു ഞങ്ങൾ !
ആനയെന്നേവിളിക്കുന്നു നിന്നെ,
ആരുമപ്പോളറിഞ്ഞീല പൊന്നേ !
പിന്നിലേക്കുനടന്നുനീ പൂഴി
തന്നിൽത്തീർത്ത ചെറുകുഴിക്കുള്ളിൽ,
കുഞ്ഞുറുമ്പിനെപ്പൂഴിക്കടകൻ
വിദ്യയാൽ നീയടിപതറിച്ചൂ!
മണ്ണിലെക്കുഴിതന്നിലായാലും
വിണ്ണിലേറാൻ കൊതിച്ചവനല്ലോ,
നിന്റെ മോഹം ചിറകായ് വിരിഞ്ഞാ-
മോഹവാനിൽ പറന്നുനീ പോകെ,
ഞങ്ങളിപ്പോഴും നില്ക്കുന്നു മണ്ണിൽ
-ഉള്ളിലാരോ മിഴിനിറയ്ക്കുന്നൂ!
............................................
താഴത്തെ ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

 

2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

 പൂമ്പാറ്റയും ചിലന്തിയും
-ബാലകൃഷ്ണൻ മൊകേരി

വെയിലാൽ ‍ഞൊറിയിട്ട്
പൂമണംതൂവിയ
കാറ്റിന്റെ വേദികയൊന്നിൽ,
ചുമ്മാ ചിരിച്ചും,കളിയാടിയും
ഒരു നർത്തകി,പൂമ്പാറ്റവന്നൂ!
അമ്മനോഹാരിത
താങ്ങുവാനാകാതെ
മത്തുപിടിച്ച ചിലന്തി,
തന്നിരതേടുവാൻ,
താൻ പണിതീർത്തതാം
തൻവലനാരിൽ കുരുങ്ങി!
രക്ഷപ്പെടാനായ്
കുതറിപ്പിടയ്ക്കുമ്പോൾ
ഒട്ടിപ്പിടിച്ചുപോയല്ലോ !,
കണ്ണുകളപ്പോഴും
പാറും ശലഭത്തിൻ
പിന്നാലെതന്നെയാണല്ലോ!
കൊച്ചുചിലന്തിത-
ന്നീധർമ്മസങ്കടം

ജീവിതംതന്നെയാണത്രേ !

ഗൃഹാതുരം 6
ബാലകൃഷ്ണൻ മൊകേരി

ഞാറ്റുപാട്ടിന്റെയോളംതുളുമ്പും
ഞാറ്റുവേലതൻ പെയ്ത്തിന്നു ശേഷം,
നീരൊഴുക്കിൻ തെളിമയിൽ മിന്നും
കൊച്ചുകൈത്തോടിനെന്തുസന്തോഷം!
ഞങ്ങളും ചെന്നു ചാടിത്തിമിർക്കും
നഗ്നരാ,യങ്ങു മീനുകൾപോലെ,
നീന്തിയും,പിന്നെമുങ്ങാങ്കുഴിയി-
ട്ടേറെനേരമാ നീറ്റിൽക്കളിക്കേ,
കാണുമെന്നു,മൊരാൾമാത്രമെന്തോ
കാര്യമായിട്ടെഴുതിവെക്കുന്നൂ!
താനെഴുതുന്ന മാധ്യമം തെല്ലും
പോറലേല്ക്കരുതെന്നതുപോലെ,
താനെഴുതുന്നതൊക്കെയും,തീരെ
തൃപ്തിയാകാതെ മായ്ക്കുന്നു വേഗം!
എത്ര നേർത്തവൻ,നൂൽക്കമ്പിപോലെ
കാലുകൾ ,പിന്നെ കൈകളുംതുല്യം
മൊട്ടുസൂചിപോൽ ദേഹമോ ശുഷ്കം,
മോഹമെന്നു,മെഴുതിനിറയ്ക്കാൻ !
അക്ഷരങ്ങൾ   പഠിക്കുവാൻ ഞങ്ങൾ 
നിത്യമെത്തുന്നു വിദ്യാലയത്തിൽ
പറ്റുവോളം പഠിച്ചും,പഠിക്കാൻ
പറ്റിടാത്തവയൊക്കെമറന്നും
ചിന്തയിൽ കളിയെന്നതുമാത്രം
ചന്തമൊടെ പുലർന്നുപോരുമ്പോൾ ,
ഇവനൊരിക്കലുമാപ്പടികേറി,
കൂടെയെത്തിയില്ലെന്നതോർക്കുന്നൂ!
എങ്കിലുമെന്തു ശുഷ്ക്കാന്തിയോടെ
നീയെഴുതുന്നു,മായ്ച്ചുനീങ്ങുന്നൂ!
(മാത്രകൾകൊണ്ട് മാറും ചരിത്രം
മാനവർക്കായെഴുതുകയാവാം !)

 ഗൃഹാതുരം 5
ബാലകൃഷ്ണൻ മൊകേരി

ചെയ്യാൻ മറന്ന ഗൃഹപാഠമൊന്നിന്റെ
ചൂരൽക്കഷായരുചിയോർത്തു മന്ദമായ്,
ഓടാൻ മറക്കുന്ന പാദങ്ങളെന്നെയാ-
പ്പുല്ലുവളർന്ന കുടുസ്സായ പാതയിൽ
വിദ്യാലയത്തിലേക്കങ്ങനെയങ്ങനെ
തള്ളിയെത്തിക്കാൻ കിണഞ്ഞുശ്രമിക്കവേ,
കണ്ണുനിറ,ഞ്ഞൊരുതുള്ളി കവിളിലൂ-
ടൂർന്നിറങ്ങുന്നതറിയുന്നതില്ല ഞാൻ!
എങ്കിലും കാണുന്നു, തിണ്ടിലെക്കൂട്ടുകാർ,
കണ്ണീരണിഞ്ഞങ്ങു നില്ക്കുകയാണവർ!
നിങ്ങളും വീട്ടുപഠനക്കുറിപ്പുകൾ
തട്ടിയുണ്ടാക്കാൻ മറന്നുവോ തോഴരേ!
സാരമില്ലെന്നു ഞാൻ പുല്ലിന്റെ കണ്ണീരു
കണ്ണോടുചേർത്തു സമാശ്വസിപ്പിക്കയായ്!
കൂടെക്കരയാൻ,ചിരിക്കാൻ പ്രകൃതിയും
കൂട്ടുകൂടുന്നൊരാക്കാലം മനോഹരം !.................................................

2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

 പടർപ്പുകൾ

-ബാലകൃഷ്ണൻ മൊകേരി

വഴിയോരങ്ങളിൽ ചില വന്മരങ്ങൾ
വളർന്നു നില്ക്കാറുണ്ട്,
പച്ചയുടെ മാമലയായി,
ഒറ്റയ്ക്കൊരു കാടായി
ഇരുണ്ടുകനത്തങ്ങനെ,
ഒരിക്കലും വറ്റാത്ത
പ്രത്യാശയുടെ തണലായി
വഴിയോരത്ത് ഒറ്റയ്ക്ക് !
കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോൾ,
താങ്ങുതേടിയെത്തുന്ന
ചില വള്ളിപ്പടർപ്പുകൾ
അതിൽ ചുറ്റിപ്പിടിച്ച് പടര്ന്നുകയറും!
ആദ്യമാദ്യം,
ഒരിക്കിളിപോലെ,
പിന്നെയൊരു
സ്നേഹസ്പർശംപോലെ
പടരുന്ന വള്ളികൾക്ക്,
മരം
തന്റെ തലയിലുമിടംനല്കും !
മഴപ്പെയ്ത്തിന്റെ കല്ലേറും
വെയിൽപ്പെയ്ത്തിന്റെ തീമഴയും
കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം
പ്രതിരോധിച്ച്,
മരമാവള്ളിയെ പ്രണയിച്ചുതുടങ്ങും !
അപ്പോഴേക്കും
പടർക്കൈകൾക്ക്
കമ്പക്കയറിന്റെ കരുത്തുവന്ന്
വള്ളികൾ,
മരത്തിനെ വരിഞ്ഞുമുറുക്കുകയാവും !
ഒടുവിലാ വന്മരത്തിനെ
മുഴുവനായി വിഴുങ്ങി
പടർപ്പുകളുടെ ഒരു പിസാഗോപുരം
വഴിയോരത്ത്,
പേരറിയാപ്പൂക്കളുടെ
നിറച്ചാര്ത്തിലുലയും !
പടര്പ്പിനുള്ളിലെ മരം
ശ്വാസംകിട്ടാതെ പിടയുന്നതിനെ,
മരത്തിന്റെ രോമാഞ്ചമെന്നോര്ത്ത്
പരിഭാഷപ്പെടുത്തുന്നവര്ക്ക്,
തീവ്രപ്രണയത്തിന്റെ
ഉജ്വലമാതൃകയായി
ആ മരം
മരിച്ചുമരവിച്ചങ്ങനെ
പ്രണയത്തിന്റെ
രക്തസാക്ഷിയാവും !
****************
Arteria online weekly യുടെ പതിനാറാം ലക്കം പുറത്തിറങ്ങി.അതിൽ എൻ്റെ ഒരു കവിത,പടർപ്പുകൾ,ഹരിതയുടെ മനോഹരമായ ചിത്രത്തോടുകൂടി ഉണ്ട്. ആർട്ടേറിയയിൽ നേരിട്ടും വായിക്കാവുന്നതാണു്

 ക്ലബ്ബ് ഹൗസി

ബാലകൃഷ്ണൻ മൊകേരി
പുതുകവിതയെപ്പറ്റിയായിരുന്നു
ക്ലബ്ബ്ഹൗസിലെ
പുകൾകൊണ്ട ചർച്ച
പുതുകവിത കൃത്രിമമാണെന്ന്
പഴയ ക്ഷുഭിതകവി
സോദാഹരണം
സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ,
പുതുകവിതയാണ്
നൈസർഗ്ഗികമെന്നും
അതിനു മുമ്പുള്ളതെല്ലാം
വെച്ചുകെട്ടുകളാണെന്നും
വാദിച്ചു പുതുക്കവി!
ക്ലബ്ബ്ഹൗസിലല്ലായിരുന്നു ചർച്ചയെങ്കിൽ,
പരസ്പരം വേളയ്ക്കുപിടിക്കുമായിരുന്നു രണ്ടുപേരുമെന്ന്
ഭയന്നത് ഞങ്ങളാണ്
ചോരക്കളിക്ക്
സാക്ഷിയാവാൻ വയ്യെന്ന്
ഞങ്ങൾ പായമടക്കുമ്പോഴേക്ക്
സംഘാടകന്റെ അറിയിപ്പുണ്ടായി :
ഇതേവിഷയത്തിൽ
ചർച്ച
അടുത്തയാഴ്ച തുടരുന്നതാണ്,
ക്ലബ്ബ് ഹൗസിലല്ല,
നമുക്ക് ഭാരതപ്പുഴയോരത്തെ
പൂഴിമണ്ണിൽ
ചാവേറുകളായി ഏറ്റുമുട്ടാം,
പക്ഷേ,
ചര്ച്ചാന്ത്യം പരസ്പരം ബോധ്യപ്പെട്ട
അവതാരകന്മാർ
വിഷയം പരസ്പരം കൈമാറിയാണ്
പൂഴിമണ്ണിൽ ഏറ്റുമുട്ടുന്നതെന്ന്
ആരും മറക്കരുത്.
ശുഭം!

 ഗൃഹാതുരം-4

ബാലകൃഷ്ണൻ മൊകേരി
സ്ലേറ്റിൽ വിരിഞ്ഞതാ,മക്ഷരങ്ങൾ ചേർന്നു
വാക്കുകൾ രൂപപ്പെടുന്നതാമോർമ്മയിൽ,
നിന്റെ പരിഭവം കണ്ണുനീരായ് വന്നു
മായ്ച്ചുകളയുന്നു തെറ്റും ശരികളും!
മണ്ണിനാഴങ്ങളിൽനിന്നുമാവേരുകൾ
ജീവനംതേടും രഹസ്യങ്ങളൊക്കെയും
നിന്നെപ്പിഴുതൊരു കോപ്പയിൽ,വെള്ളത്തിൽ
താഴ് ത്തിവെച്ചെല്ലാം പഠിച്ചവരാണുനാം !
പേനതൻ നീലയാം രക്തബിന്ദുക്കളെ
നിൻകുടിവെള്ളത്തിൽവീഴ് ത്തിക്കലർത്തിനാം
നിന്റെ സുതാര്യമാംജീവഞരമ്പുകൾ
നീലച്ചുപോകുന്ന ദൃശ്യത്തിലങ്ങനെ
ഏറെക്കുതൂഹലചിത്തരായ് നിന്നിട്ടു
നൂറുപരീക്ഷണപ്പാഴ് വേലകൾചെയ്തു!
അന്നറിഞ്ഞീല, വിഷനീലയിൽനിന്റെ
പ്രാണൻ പിടയുന്ന തീവ്രദുഃഖങ്ങളെ!
ചട്ടയടർന്നോരെഴുത്തുപലകയിൽ
നീ,ഹാ !തിരുത്താൻ ശ്രമിച്ച,തെൻജീവിതം!
ഏറെപ്രിയമാർന്ന കൂട്ടുകാരാ,നിന്നെ
നീറും മനസ്സോടെ, തേടുകയാണു ഞാൻ !
*****************************
May be an image of plant and outdoors
Viswanathan TP, Rajan C H Chalil and 110 others
64 Comments
Like
Comment
Share

64

 ഗൃഹാതുരം 3

ബാലകൃഷ്ണൻ മൊകേരി
കറുത്തൊരമ്മയ്ക്കു
പിറന്നു ശ്വേതയാം
മകള,വൾക്കൊരു
മകൾ മനോഹരി !
കടങ്കഥകൾതൻ
പടിപ്പുരകളിൽ
അമര്ന്നിരുന്നതാം
നിറന്ന സന്ധ്യകൾ!
കടങ്ങൾ പൂക്കളായ്
വിരിഞ്ഞുലാവുന്നു,
കഥകളില്ലാതെ
കുളംകലങ്ങുന്നൂ!
കളിതുടരുവാൻ
മറന്നുവോ കാലം?
വടിയുമായൊരാൾ
വിളിച്ചിടുന്നുവോ ?!
(തിരികെ വീടിന്റെ
പടിചവിട്ടുമ്പോൾ
പതുക്കെയെന്നോടു
ചോദിക്കയാണമ്മ,
വഴിയിലെങ്ങാനും
നില് പതു കണ്ടുവോ
അവളെ നീ ?ചേച്ചി
ചിരിക്കയാണല്ലോ !)
**********************
May be an image of flower and nature
Viswanathan TP, ജയശ്രി കെ.വി and 96 others
72 Comments
Like
Comment
Share

72