2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

 പടർപ്പുകൾ

-ബാലകൃഷ്ണൻ മൊകേരി

വഴിയോരങ്ങളിൽ ചില വന്മരങ്ങൾ
വളർന്നു നില്ക്കാറുണ്ട്,
പച്ചയുടെ മാമലയായി,
ഒറ്റയ്ക്കൊരു കാടായി
ഇരുണ്ടുകനത്തങ്ങനെ,
ഒരിക്കലും വറ്റാത്ത
പ്രത്യാശയുടെ തണലായി
വഴിയോരത്ത് ഒറ്റയ്ക്ക് !
കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോൾ,
താങ്ങുതേടിയെത്തുന്ന
ചില വള്ളിപ്പടർപ്പുകൾ
അതിൽ ചുറ്റിപ്പിടിച്ച് പടര്ന്നുകയറും!
ആദ്യമാദ്യം,
ഒരിക്കിളിപോലെ,
പിന്നെയൊരു
സ്നേഹസ്പർശംപോലെ
പടരുന്ന വള്ളികൾക്ക്,
മരം
തന്റെ തലയിലുമിടംനല്കും !
മഴപ്പെയ്ത്തിന്റെ കല്ലേറും
വെയിൽപ്പെയ്ത്തിന്റെ തീമഴയും
കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം
പ്രതിരോധിച്ച്,
മരമാവള്ളിയെ പ്രണയിച്ചുതുടങ്ങും !
അപ്പോഴേക്കും
പടർക്കൈകൾക്ക്
കമ്പക്കയറിന്റെ കരുത്തുവന്ന്
വള്ളികൾ,
മരത്തിനെ വരിഞ്ഞുമുറുക്കുകയാവും !
ഒടുവിലാ വന്മരത്തിനെ
മുഴുവനായി വിഴുങ്ങി
പടർപ്പുകളുടെ ഒരു പിസാഗോപുരം
വഴിയോരത്ത്,
പേരറിയാപ്പൂക്കളുടെ
നിറച്ചാര്ത്തിലുലയും !
പടര്പ്പിനുള്ളിലെ മരം
ശ്വാസംകിട്ടാതെ പിടയുന്നതിനെ,
മരത്തിന്റെ രോമാഞ്ചമെന്നോര്ത്ത്
പരിഭാഷപ്പെടുത്തുന്നവര്ക്ക്,
തീവ്രപ്രണയത്തിന്റെ
ഉജ്വലമാതൃകയായി
ആ മരം
മരിച്ചുമരവിച്ചങ്ങനെ
പ്രണയത്തിന്റെ
രക്തസാക്ഷിയാവും !
****************
Arteria online weekly യുടെ പതിനാറാം ലക്കം പുറത്തിറങ്ങി.അതിൽ എൻ്റെ ഒരു കവിത,പടർപ്പുകൾ,ഹരിതയുടെ മനോഹരമായ ചിത്രത്തോടുകൂടി ഉണ്ട്. ആർട്ടേറിയയിൽ നേരിട്ടും വായിക്കാവുന്നതാണു്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ