2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഗൃഹാതുരം 6
ബാലകൃഷ്ണൻ മൊകേരി

ഞാറ്റുപാട്ടിന്റെയോളംതുളുമ്പും
ഞാറ്റുവേലതൻ പെയ്ത്തിന്നു ശേഷം,
നീരൊഴുക്കിൻ തെളിമയിൽ മിന്നും
കൊച്ചുകൈത്തോടിനെന്തുസന്തോഷം!
ഞങ്ങളും ചെന്നു ചാടിത്തിമിർക്കും
നഗ്നരാ,യങ്ങു മീനുകൾപോലെ,
നീന്തിയും,പിന്നെമുങ്ങാങ്കുഴിയി-
ട്ടേറെനേരമാ നീറ്റിൽക്കളിക്കേ,
കാണുമെന്നു,മൊരാൾമാത്രമെന്തോ
കാര്യമായിട്ടെഴുതിവെക്കുന്നൂ!
താനെഴുതുന്ന മാധ്യമം തെല്ലും
പോറലേല്ക്കരുതെന്നതുപോലെ,
താനെഴുതുന്നതൊക്കെയും,തീരെ
തൃപ്തിയാകാതെ മായ്ക്കുന്നു വേഗം!
എത്ര നേർത്തവൻ,നൂൽക്കമ്പിപോലെ
കാലുകൾ ,പിന്നെ കൈകളുംതുല്യം
മൊട്ടുസൂചിപോൽ ദേഹമോ ശുഷ്കം,
മോഹമെന്നു,മെഴുതിനിറയ്ക്കാൻ !
അക്ഷരങ്ങൾ   പഠിക്കുവാൻ ഞങ്ങൾ 
നിത്യമെത്തുന്നു വിദ്യാലയത്തിൽ
പറ്റുവോളം പഠിച്ചും,പഠിക്കാൻ
പറ്റിടാത്തവയൊക്കെമറന്നും
ചിന്തയിൽ കളിയെന്നതുമാത്രം
ചന്തമൊടെ പുലർന്നുപോരുമ്പോൾ ,
ഇവനൊരിക്കലുമാപ്പടികേറി,
കൂടെയെത്തിയില്ലെന്നതോർക്കുന്നൂ!
എങ്കിലുമെന്തു ശുഷ്ക്കാന്തിയോടെ
നീയെഴുതുന്നു,മായ്ച്ചുനീങ്ങുന്നൂ!
(മാത്രകൾകൊണ്ട് മാറും ചരിത്രം
മാനവർക്കായെഴുതുകയാവാം !)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ