2016, ജൂലൈ 18, തിങ്കളാഴ്‌ച

കണ്ണുനീര്‍

ഈയിടെയെന്‍മിഴിരണ്ടിലുമെപ്പോഴും
നീരുറഞ്ഞീടുന്നു ഡോക്ടര്‍ !
പോരുംവഴിയിലെ കാറ്റിന്‍കുസൃതിയില്‍
കണ്ണില്‍ പൊടിവീണതില്ല,
വിങ്ങലുമില്ല,തലവേദനയില്ല
നേത്രരോഗങ്ങളുമില്ല !
ഓര്‍മ്മതന്നാകാശദൂരങ്ങളില്‍പ്പോലും
അശ്രുമേഘങ്ങളുമില്ല !
(ശൈശവത്തിന്‍ കവിള്‍ത്തട്ടിലങ്ങിങ്ങായി
നീര്‍വീണ പാടുകള്‍ കാണാം :
അരുതുകള്‍ ഭേദിച്ചു നേടിയ സമ്മാനം
ചൂരലിന്‍ പാടുകളാണ്,
ബാല്യ,കൗമാരം-മുഖത്തു കണ്ണീരിന്റെ
നക്ഷത്രശോഭകള്‍ മാത്രം !)
യൗവന,മേറെച്ചെമന്ന സ്വപ്നങ്ങളില്‍
തീരെയുറങ്ങാത്ത ലോകം,
വേദനപ്പെട്ട മനസ്സാണിതെങ്കിലും,
തെല്ലും മിഴി നനഞ്ഞില്ല
മാനസച്ചെന്താരറുത്തു നിവേദിക്കെ
നീരസം കാണിച്ചകന്നു്
ലീലയാ പോകുന്ന കാലം-ഒരിക്കലും
കണ്‍കള്‍ നിറച്ചിരുന്നില്ല!
ചങ്ങാതിമാര്‍തന്‍ മുനയുള്ളവാക്കുകള്‍,
ബന്ധങ്ങളെയ്ത ശരങ്ങള്‍,
നാട്ടുകൂട്ടത്തിന്‍ മൊഴിയടുപ്പില്‍ വെന്ത
നാളുകളായിരുന്നെല്ലാം
നോവുകള്‍ക്കായിപ്പിറന്നതാം രാവുകള്‍,
നീറിയെരിഞ്ഞ പകല്‍കള്‍,
ആരുംപൊറുക്കാച്ചതികള്‍തന്‍ സൗഹൃദ-
മൊക്കെത്തനിച്ചു സഹിച്ചു !
കാരാഗൃഹത്തിന്‍ തണുത്ത നീരാളികള്‍
ചോരയന്നൂറ്റിക്കുടിച്ചു
ഒറ്റയ്ക്കിരിക്കെ,കൊതിച്ചുഞാന്‍ കണ്ണീരാ-
ലെങ്ങും പ്രളയമുണര്‍ത്താന്‍ !
എങ്കിലും വന്നീല കണ്ണുനീര്‍മേഘങ്ങ-
ളെന്റെയാകാശത്തിലെങ്ങും !
ഈയിടെ കണ്ണിന്നഗാധസ്ഥലികളില്‍
നിര്‍ഝരിയൊന്നുണരുന്നൂ ,
ആകെക്കലങ്ങിക്കുതിച്ചൊഴുകീടുന്നു,
തീരം തകര്‍ന്നുപോകുന്നൂ !
ഒരുവാക്ക്,ഒരുനോക്ക്,ഓര്‍ക്കാപ്പുറത്തൊരു
സന്ദര്‍ഭദൃശ്യവിന്യാസം
കണ്ണിന്നടിയിലെ പാറയില്‍ത്തീര്‍ക്കുന്നു
ഗന്ധകവിസ്ഫോടനങ്ങള്‍ !
എന്തേ, മനസ്സിന്‍പ്രതിരോധമൊക്കെയും
നേര്‍ത്തുനേര്‍ത്തില്ലാതെയാവാന്‍ ?
(ജീവിതം തന്ന ഹിമാലയസംസ്കൃതി
ഉള്ളിലുരുകുകയാണോ ?)
ഡോക്ടര്‍, പറക,ഇന്നെന്തുകൊണ്ടീവിധം
കണ്‍കള്‍ നിറഞ്ഞുനില്ക്കുന്നൂ ?