2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പൊരുത്തപ്പെടൽ
-ബാലകൃഷ്ണൻ മൊകേരി

അങ്ങാടിയിലെ അറവുകാരൻ
ബൈക്കിൻെറ മുന്നിൽ
ദേശീയപതാകയുമുറപ്പിച്ച്
പറപ്പിച്ച്
പോകുന്നതുകണ്ടാണ്
സ്വാതന്ത്ര്യദിനമെന്നോര്‍ത്തത്.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്
ഏറെനാള്‍ജയിലിൽകിടന്ന
കുട്ടിരാഘവൻ മാഷ്
ആഗസ്റ്റ്മാസം പിറന്നാൽ
കൂട്ടിനുള്ള കൊക്കിക്കുരയുമായി
സ്വാതന്ത്ര്യദിനമാഘോഷിക്കേണ്ടതിനെപ്പറ്റി
വായനശാലയിൽ വന്ന്
ഞങ്ങളോട് പറയുമായിരുന്നു.
പക്ഷേ,
കഴിഞ്ഞ ജനുവരിയിലദ്ദേഹം
മണ്ണിൽനിന്ന് സ്വതന്ത്രനായി
(അഞ്ചുകൊല്ലം മുമ്പ് ഭാര്യയും.)
ബ്രിട്ടനിൽ ജോലിചെയ്യുന്ന
രണ്ടു മക്കള്‍ക്കും വരാൻ കഴിഞ്ഞില്ല
നാട്ടുകാരുടെ നേതൃത്വത്തിലാണ്
ശവമടക്ക് കഴിഞ്ഞത്.
മന്ത്രിമാരൊക്കെവന്ന പരിപാടിയായിരുന്നു.
ചടങ്ങുകളുടെ വീഡിയോ
മക്കള്‍ക്കയച്ചുകൊടുത്തത്
ഞാനാണ്
അവര്‍ക്കെന്തു സന്തോഷമായെന്നോ !
അദ്ദേഹത്തിൻെറ പഴയ വീടിപ്പോള്‍
കാടുപിടിച്ചുകിടപ്പാണ്
വരാന്തയിൽ രാപ്പകലെന്യേ
തെരുവുപട്ടികളുടെ ഉന്മാദമാണ്
ഉമ്മറച്ചുമരിലെ ചില്ലിട്ട ഫോട്ടോകളിൽ നിന്ന്
ഗാന്ധിജിയും നെഹ്റുവും
സൂഭാഷ്ചന്ദ്രബോസും
എപ്പോഴോ മങ്ങിമാഞ്ഞുപോയി!
(പിന്നെ എനിക്കറിയാത്ത ഒരുപാട് നായകരും-
ഇവരെയൊക്കെ ഞാനെങ്ങനെയറിയാനാണ്!)
ഇപ്പോളാവഴിപോകാൻ
ആളുകള്‍ക്ക് പേടിയാണ്.
അങ്ങാടിയിലേക്കിപ്പോള്‍ പുതിയ വഴികളുണ്ട്.
ടാറിട്ട റോഡുകളാണ്
വാഹനങ്ങള്‍
തലങ്ങും വിലങ്ങുമോടും.
വറ്റാത്ത നീരുറവകളും
ചളിയും ചണ്ടിയും പരൽമീനുകളും
തവളകളും നീ‍‍ര്‍ക്കോലികളുമുള്ള,
നുള്ളിക്കയും പുല്ലെണ്ണയും
മഷിത്തണ്ടുകളും സുലഭമായ വഴികളായിരുന്നു
-ഇന്നാര്‍ക്കും ഇതൊന്നും വേണ്ടാതായല്ലോ !
(വയസ്സൻമാര്‍ പോലുമിന്ന്
ആ വഴി മറന്നിരിക്കുന്നു !)
പറ‍ഞ്ഞുപറഞ്ഞ് മറന്നുപോയല്ലോ ഞാൻ,
ചെക്കനുകൊടുക്കാനൊരു പതാകവേണമല്ലോ,
അതിപ്പോ കിട്ടിയില്ലെങ്കിൽ കുഴപ്പമാണ്
വീട്ടിലൊരു സ്വാതന്ത്ര്യസമരം നടന്നേക്കും
ചിരിക്കേണ്ട,എന്തു ചെയ്യാം,
ഓരോരോ പൊരുത്തപ്പെടലുകള്‍ തന്നെ.
മൊയ്തൂക്കയുടേയോ
രാമൻ നമ്പ്യാരുടേയോ കടയിൽ
ഈലോകത്ത് വില്പനയ്ക്കുള്ളതെന്തും
കിട്ടുമെന്നുള്ളതാണ് ആശ്വാസം.
ഞാനൊന്ന് പോയിനോക്കട്ടെ,
ചിരിക്കല്ലേ,
ഇന്നെല്ലാര്‍ക്കും,
പൊരുത്തപ്പെടലുകള്‍തന്നെയാണ് ജീവിതം !

 

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

 കിളിയുടെ ഉപമ

ബാലകൃഷ്ണൻ മൊകേരി

പകലിനെ മറച്ച്,
ആകാശംനിറഞ്ഞ് ഭീതിവിതയ്ക്കുന്ന
ഒരു രാജാവിനോട്
നിസ്സാരനായ എനിക്ക്
എന്തു ചെയ്യുവാനാവുമെന്നാരാഞ്ഞ ശിഷ്യനോട്
ഗുരു പറഞ്ഞു :
അവനവൻെറ കരുത്തിനെ കുറച്ചുകാണരുത്.
പര്‍ണ്ണശാലാങ്കണത്തിൽ കൊത്തിപ്പെറുക്കുന്ന
ആ കുഞ്ഞിക്കിളിയെ നോക്കൂ,
അതിന്,
അപ്പുറത്തെ ഭീമാകാരമായ
പാറ പിളര്‍ക്കാനാവും .
കണ്ണു മിഴിച്ച ശിഷ്യനോട് ഗുരു തുടര്‍ന്നു :
ഒരു മരത്തൈ നടുന്നതിലൂടെ
കുഞ്ഞിക്കിളിക്കതിന് സാധിക്കുന്നതാണ്.
കിളികളെങ്ങനെയാണ് മരത്തൈ നടുകയെന്ന്
ശിഷ്യൻ വാ പിളര്‍ത്തിയപ്പോള്‍,
ഗുരു കാരുണ്യത്തോടെ മൊഴിഞ്ഞു :
കിളികള്‍ പഴങ്ങള്‍ ഭുജിച്ച്
പാറപ്പുറത്ത് വിത്തുകള്‍ കാഷ്ഠിക്കുന്നു.
അതിലുള്ള ഏതെങ്കിലുമൊരു വിത്ത്
മുളച്ചുവരികയും,
പാറയുടെ വിള്ളലുകളിലേക്ക് വേരുകളാഴ്ത്തി
ആ പാറയെ വിണ്ടുകീറുകയും,
പിന്നൊരു പെരുംമഴയത്ത്
പാറയിളകിവീണ് തകരുകയും
ഭൂമിശാസ്ത്രം മാറിമറിയുകയും ചെയ്യുന്നു.
അങ്ങനെയാണ്,
കിളിയുടെഉപമയിൽ ഊര്‍ജ്ജംനേടിയ ശിഷ്യൻ
ഒരു കിളിയായി
പറന്നുപോയത്.!

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

 

ശുനകൻെറ ഉപമ

-ബാലകൃഷ്ണൻ മൊകേരി


അടുക്കളപ്പുറത്തമ്മയുണക്കമീനെടുക്കുവാൻ

അടപ്പൊന്നു തുറന്നതാം ചെറിയ പാത്രം,

വിശപ്പാളും ശുനകൻവന്നതിനകം മണപ്പിച്ചു

തലമെല്ലയതിനുള്ളിൽ കടത്തിയപ്പോള്‍,

കുടുങ്ങിപ്പോയതിൻതല,വലിച്ചെടുക്കുവാനാവാ-

തതുമോങ്ങാൻതുടങ്ങുന്നു, കുതിക്കുവാനും !

പതുക്കെച്ചെ,ന്നതിൻതല വലിച്ചെടുക്കുവാനായി

ശ്രമിക്കവേ,മുരണ്ടുകൊണ്ടതു പായുന്നൂ

വഴികാണാതറിയാതെ,പരക്കംപാഞ്ഞൊരു നായ

പഴങ്കിണറൊന്നിൽ ചെന്നു പതിച്ചിടുന്നൂ!

അതിനെയാ കിണറ്റിൽനിന്നെടുക്കണം,തലയിലെ

കുടം വലിച്ചെടുക്കണം,പണിപ്പാടത്രേ.

കൊതിമൂത്ത് പലതിലും തലയിട്ടാൽ ഗതിയിതെ-

ന്നതിനോടു പറഞ്ഞിട്ടു ഫലമുണ്ടാമോ ?

ഇതു നായ,നരന്മാരുമിതേവിധം പലതിലും

കൊതിമൂത്തു തലയിട്ടു കരുങ്ങിടുന്നൂ !

കുരുക്കുകള്‍ മുറുകുമ്പോള്‍,രഹസ്യങ്ങള്‍ പരസ്യമായ്

ശുനകൻെറയുപമകള്‍ കഥയാവുന്നൂ !