2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

 ഇരയും വേട്ടക്കാരനും

 ......................................

ബാലകൃഷ്ണൻ മൊകേരി

പകയും വിദ്വേഷവും
പുകയായ് പരക്കുമ്പോൾ,
ആരു നീ, ഞാനാരെന്ന്
വീരവാദങ്ങൾ ചുറ്റും !
കാറ്റിലെക്കരിയില
പോലവ കണ്ണിൽ വീണു
കരടായ്, കടച്ചിലായ്
മാറുന്ന നിമിഷങ്ങൾ!
എൻ പക, വടിവാളായ്
മാറുമ്പോൾ, നിനക്കുള്ളിൽ
വിളയും പക, ബോംബായ്,
ഉഗ്ര വിസ്ഫോടങ്ങളായ് !
ചിതറിത്തെറിക്കുന്ന -
തീഞാനോ, നീയോ, നമ്മൾ
രണ്ടുപേരുമോ? കാലം
നമ്മളൊത്തൊടുങ്ങിയോ?
ഒടുവിൽ നീയും ഞാനും
കഥയായ് മാറുമ്പോഴും
പകതൻ പരാഗണം
തുടരാതിരിക്കുമോ?
അപ്പോഴും നീയും ഞാനും
കൊല്ലുവാനൊരുങ്ങുമോ?
അപ്പോഴും ചാവുന്നതീ -
നമ്മളാകുമോ? നമു-
ക്കിവിടെപ്പുലരുവാൻ
തടസ്സം നാം തന്നെയോ?
ഇരയായ്, വേട്ടക്കാര-
നായി,നാമിടയ്ക്കിടെ -
ക്കെട്ടിയാടിടും വേഷം
ചിരമായുപേക്ഷിക്കാം,
മനസ്സിൽ വിടരുന്ന
പക തൻ വിഷച്ചെടി
വേരോടെ പിഴുതിടാം!
കിളച്ചു മറിച്ചിടാം!
അവിടെ സ്നേഹത്തിൻ്റെ
ഗന്ധമൂറിടും പൂക്കൾ
വിടരും ചെടിയൊന്നു
നട്ടിടാം, മറക്കാതെ!