2021, നവംബർ 16, ചൊവ്വാഴ്ച

ഗൃഹാതുരം 10
ബാലകൃഷ്ണൻ മൊകേരി
കൂട്ടുകാരൊത്തു തോട്ടിൽക്കുളിക്കാൻ
ഇഷ്ടമാണെനി,ക്കെങ്കിലുമെന്നെ
പോകുവാനമ്മ സമ്മതിക്കില്ല,
നീന്തുവാനെനിക്കാവതില്ലല്ലോ!
പണ്ടുപണ്ടേ ജലരാശിയൊപ്പം
കൊണ്ടുപോയോർ കഥകളാകുന്നൂ,
അക്കഥകൾ ! ,മടുത്തുപോയെന്റെ
ശൈശവം! എന്തു കഷ്ടമക്കാലം !
തിണ്ടിലേറിയിരുന്നുഞാനൊന്നും
മിണ്ടിടാതെ,യക്കൂട്ടുകാർപോകും.
ഏറെനേരം മദിച്ചു,ചെമന്ന
കൺകളോടെയവർതിരിച്ചെത്തും,
ഏറെനേരമാ വെള്ളത്തിനുള്ളിൽ
മുങ്ങിനിന്നതും,മത്സരംവെച്ചു
നീന്തി ദൂരത്തുപോയതുമൊക്കെ
കേട്ടുകേട്ടു കരഞ്ഞുപോംഞാനും!
നീപഠിക്കുക നീന്തുവാനെന്നാ-
യമ്മസമ്മതംതന്നവസാനം!
"തൊണ്ടെര"കെട്ടിയെത്തിചങ്ങാതി
"കണ്ടുവോനിന്റെ നീന്തൽസഹായി!”
തെങ്ങിൽവന്നുപിറന്നുവെന്നാലും
കാമ്പുകാണാത്ത ജന്മവൈചിത്ര്യം!
കാണുവോർക്കു കലിപ്പേകിടുന്ന
ശാപമായൊരാപ്പാഴായ ജന്മം
ഇന്നെനിക്കെന്റെ ജീവിതയാനം
ഭദ്രമാക്കാൻ സഹായമേകുന്നൂ!
രണ്ടുതൊണ്ടുകള് മടലിന്റെ ചേരി-
നാരുകള് തമ്മിൽ ചേർത്തുകെട്ടുന്നൂ!
കെട്ടുകള്ക്കുമേൽ ഞാൻ കിടക്കുമ്പോള്,
തൊണ്ടുകള് ഇരുഭാഗത്തുമായി
പൊന്തിനില്ക്കുന്നു,താഴാതെഞാനും
മെല്ലെമെല്ലെപ്പഠിക്കുന്നുനീന്താൻ!
എത്രനാളുകളാവിധംതന്നെ
താങ്ങുതന്നാരവരെനിക്കായി!
നീന്തുവാൻഞാൻ നിപുണനായപ്പോള്
നിഷ്ക്കരുണമുപേക്ഷിച്ചുവല്ലോ!
തൊണ്ടുകള് ഞാൻ, മറന്നൂ സകലം
ജീവിതമെനിക്കെന്റെയാണല്ലോ !
സപ്തസാഗരമൊക്കെയും നീന്തി-
യക്കരെക്കടന്നങ്ങുനില്ക്കുമ്പോള്,
നിഷ്ഫലമായ ജീവിതംകൊണ്ടെൻ
യാത്രകള്ക്കു കരുത്തേകിയോരെ
സ്വാർത്ഥഹീനരാംചങ്ങാതിമാരെ,
യോർത്തുപോകെ മിഴിനനയുന്നൂ!
*********************************

 

 

അമൃത്
ബാലകൃഷ്ണൻ മൊകേരി
                        

കാനനവൃക്ഷത്തിന്മേൽ
മൗനമായ് പടർന്നേറി
മാനത്തിന് സന്ദേശങ്ങൾ
മനസാ പാനംചെയ്കെ,
ആരാണ് കടയ്ക്കലെൻ
മെയ് പിടിച്ചുലയ്ക്കുന്നൂ
വലിച്ചുപറിക്കുന്നൂ ,
തറിച്ചു നുറുക്കുന്നു!
അപ്പൊഴും മാനത്തിന്റെ
സാന്ത്വനംശ്രവിച്ചെന്റെ
തലയാമരക്കൊമ്പിൻ
വലയിൽക്കിടക്കയാം!
എത്രനാൾ നിരന്തര
ധ്യാനത്തിൽ ലയിക്കണം
പുതുവേരുകൾ,നീണ്ടു
മണ്ണിനെസ്പർശിക്കുവാൻ!
എങ്കിലുമജയ്യമാ-
മിച്ഛതൻ കരുത്തിനാൽ,
വേരിന്റെയറ്റംകൊണ്ടീ
മണ്ണിനെത്തൊടുന്നേരം,
നേർത്തവേരിനാൽ മണ്ണിൻ
കരുത്തുമോന്തിക്കുടി-
ച്ചങ്ങനെ വീണ്ടും ഞാനാ-
പ്പഴയ രൂപംതേടും,
ഇത്തിരിനേരം,കാലം
കടമായരുളിയ
ജീവിതമെന്നിൽപ്പുതു
ശക്തികൾ പകർന്നിടും !
മരുന്നാണത്രേ,പല-
രോഗവുമെന്നെക്കാൺകെ
കുറ്റിയുംപറിച്ചോടി-
പ്പോയിടും,അമൃതത്രേ!
കയ്പാണ് രുചി,യാർക്കും
സഹിപ്പാനാവില്ലെന്നെ,
യതിനാൽ വളപ്പിലെ-
ക്കാട്ടുമൂലയിലെങ്ങാൻ
പലപീഢകള് സഹി-
ച്ചിങ്ങനെ ശേഷിക്കുമ്പോൾ,
നിങ്ങളെത്തുന്നൂ വീണ്ടും
പറിച്ചെടുക്കാനെന്നെ,
പിഴിഞ്ഞു കുറുക്കിയി-
ട്ടമൃതം വാറ്റാനായി!
അപ്രിയമെന്നോടെന്നു
മെങ്കിലുമെൻജീവന്റെ
രാസലീലയിൽമൂക്കു-
മൗഷധം നിങ്ങൾക്കിഷ്ടം !
..................................
                         
ഗൃഹാതുരം 9
ബാലകൃഷ്ണൻ മൊകേരി
വീട്ടിലെ വിഴുപ്പുക-
ളലക്കാൻ പോകുന്നേരം,
അമ്മയോടൊപ്പം ഞാനും
തോട്ടിലേക്കോടിച്ചെന്നൂ.
തെളിഞ്ഞ വെള്ളത്തിലെ-
ക്കുഞ്ഞുമീനുകളെന്നെ
കൊതിപ്പി,ച്ചതിൽ നീന്തി-
ത്തുടിക്കുന്നതും നോക്കി,
കരയിൽ,ഹതാശനായ്
ഞാനിരിക്കുമ്പോളമ്മ
പറഞ്ഞൂ,നീയും മേലു-
കഴുകിക്കോളൂ വേഗം!
ഞാനൊരു മീനായ് മാറി
കുഞ്ഞുമീനുകൾക്കൊപ്പം
തുടിക്കുന്നേരം വെള്ളം
കലങ്ങിത്തുടങ്ങുന്നൂ!
അമ്മയ്ക്കു ദേഷ്യംവന്നൂ,
ചെറുക്കാ കേറിക്കോളൂ,
വെള്ളം നീ കലക്കിയാൽ
തുണികൾ വെളുക്കില്ല !
(വെളുപ്പാണത്രേ ശുഭ്രം,
ചേറുമാറിയ തുണി-
യേതുവർണ്ണമായാലും
പറയും,വെളുത്തെന്ന്!)
ഇനിഞാൻ തുടിക്കില്ലെ-
ന്നുറപ്പുകൊടുക്കുന്നൂ,
നെഞ്ചോളം ജലമുടു-
ത്തനങ്ങാതിരിക്കുമ്പോൾ,
മീനുകൾവന്നെൻ ദേഹ-
ത്തുമ്മവെക്കുന്നൂ,ചേറിൻ
കണങ്ങളശിച്ചെന്നെ
വെളുപ്പിച്ചെടുക്കുന്നൂ!
ഇക്കിളികൂടിക്കൂടി-
ച്ചിരിച്ചു ചിരിച്ചുഞാൻ
കരയിൽ ചാടിക്കേറി-
ത്തുവർത്താനൊരുങ്ങുന്നൂ!
ശൈശവം കഴിഞ്ഞുപോയ്,
പിന്നെയാത്തോട്ടിൽ പോവാ-
റില്ല ഞാൻ, കുളിയെല്ലാം
വീട്ടിനുള്ളിലായ്ത്തീർന്നു!
ചേറുക,ളഴുക്കുകൾ
വിയർപ്പിൻ മണമെല്ലാം
നീക്കുവാൻ കഴിവുള്ള
വഴികളനവധി!
എങ്കിലും മനസ്സിന്റെ-
യാഴത്തിലടിയുന്ന
അഴുക്കുംചേറും നീങ്ങാ-
നെന്തുമാർഗ്ഗമാണുള്ളൂ ?
ചുമ്മാതെ തിരയുമ്പോ-
ളോർമ്മയിലൊരു തോടും
പൊടിമീൻ ചൂരുംവന്നു
സ്മരണപുതുക്കുന്നൂ!
ഇന്നുമാ വയലുണ്ടോ,
വയലിൻനടുവിലെ-
ത്തോടുകാണുമോ ? തോട്ടിൽ
മീനുകളുണ്ടാവുമോ?

 

2021, നവംബർ 2, ചൊവ്വാഴ്ച

Lima World Library Nov. 1,2021 പേജിൽ വന്ന കവിത

കടൽ,(കരയും)

-ബാലകൃഷ്ണൻ മൊകേരി.

ദൂരെ, വിശാലമായ്

കാഴ്ചകള്‍ക്കപ്പുറം,

രൂപംതരാതൊരു

നേര്‍രേഖയായവള്‍,

ഏറെയഗാധമാ-

മാഴങ്ങളിൽ,തുള്ളി

പോലും വെളിച്ചം

കടക്കാക്കയങ്ങളാം

മാനസമുള്ളവള്‍ !,

അവള്‍ കടൽ,-

എപ്പോഴുമെപ്പോഴും

കാത്തിരിക്കുന്നവള്‍,

കണ്ണുചിമ്മാത്തവള്‍ !

നേര്‍ത്തൊരു കാറ്റിന്റെ

ശ്വാസമേല്ക്കുമ്പൊഴേ

ഉള്ളം തുളുമ്പി

ത്തുടങ്ങും കടലവള്‍ !,

ന്യൂനമര്‍ദ്ദങ്ങള്‍തൻ

ക്ഷോഭാഹവങ്ങളെ-

രൂക്ഷമായെപ്പോഴും

പങ്കുവെക്കുന്നവള്‍!

കടലാണവള്‍, മനം

തിങ്ങിപ്പതയുന്ന

പ്രണയാഗ്നിനാളത്തെ

യൂതിയാളിച്ചിട്ട്,

സര്‍വ്വസംഹാരക-

ത്തിരകളായ് മാറ്റുവോള്‍ ,

അവള്‍ കടൽ!

കരയാണവൻ,

കടലിൻ നിലയ്ക്കാ

ത്തിരച്ചലു,

മലച്ചലും

മിഴിനീരു തൂവുന്ന

രോഷക്കലമ്പലും,

തെറിയും,തിമര്‍ക്കുന്ന

കലിയുറയലും,

രാഗവായ്പിൻ

ഞെരിക്കലും

തഴുകലും

പിച്ചലും

നൂറുഭാവങ്ങളും,

(ഭാവാന്തരങ്ങളും !)

നെഞ്ചിലേക്കെപ്പോഴു-

മേറ്റുവാങ്ങുന്നവൻ

കരയാണവൻ,

തീരെ കരയാത്തവൻ!

അല്പാല്പമായവ-

ളശിച്ചുതീര്‍ക്കുമ്പോഴു-

മാരാഗവായ്പിലായ്

തീരെ ലയിച്ചു

മറയാൻ കൊതിക്കുവോൻ,

കരയവൻ!

കടലാണവള്‍

അവൻ കരയും,

കടലിന്റെ

പൂര്‍ണ്ണതയത്രേ കര,

കരയ്ക്കീക്കടൽ !

***************************