2021, നവംബർ 16, ചൊവ്വാഴ്ച

ഗൃഹാതുരം 9
ബാലകൃഷ്ണൻ മൊകേരി
വീട്ടിലെ വിഴുപ്പുക-
ളലക്കാൻ പോകുന്നേരം,
അമ്മയോടൊപ്പം ഞാനും
തോട്ടിലേക്കോടിച്ചെന്നൂ.
തെളിഞ്ഞ വെള്ളത്തിലെ-
ക്കുഞ്ഞുമീനുകളെന്നെ
കൊതിപ്പി,ച്ചതിൽ നീന്തി-
ത്തുടിക്കുന്നതും നോക്കി,
കരയിൽ,ഹതാശനായ്
ഞാനിരിക്കുമ്പോളമ്മ
പറഞ്ഞൂ,നീയും മേലു-
കഴുകിക്കോളൂ വേഗം!
ഞാനൊരു മീനായ് മാറി
കുഞ്ഞുമീനുകൾക്കൊപ്പം
തുടിക്കുന്നേരം വെള്ളം
കലങ്ങിത്തുടങ്ങുന്നൂ!
അമ്മയ്ക്കു ദേഷ്യംവന്നൂ,
ചെറുക്കാ കേറിക്കോളൂ,
വെള്ളം നീ കലക്കിയാൽ
തുണികൾ വെളുക്കില്ല !
(വെളുപ്പാണത്രേ ശുഭ്രം,
ചേറുമാറിയ തുണി-
യേതുവർണ്ണമായാലും
പറയും,വെളുത്തെന്ന്!)
ഇനിഞാൻ തുടിക്കില്ലെ-
ന്നുറപ്പുകൊടുക്കുന്നൂ,
നെഞ്ചോളം ജലമുടു-
ത്തനങ്ങാതിരിക്കുമ്പോൾ,
മീനുകൾവന്നെൻ ദേഹ-
ത്തുമ്മവെക്കുന്നൂ,ചേറിൻ
കണങ്ങളശിച്ചെന്നെ
വെളുപ്പിച്ചെടുക്കുന്നൂ!
ഇക്കിളികൂടിക്കൂടി-
ച്ചിരിച്ചു ചിരിച്ചുഞാൻ
കരയിൽ ചാടിക്കേറി-
ത്തുവർത്താനൊരുങ്ങുന്നൂ!
ശൈശവം കഴിഞ്ഞുപോയ്,
പിന്നെയാത്തോട്ടിൽ പോവാ-
റില്ല ഞാൻ, കുളിയെല്ലാം
വീട്ടിനുള്ളിലായ്ത്തീർന്നു!
ചേറുക,ളഴുക്കുകൾ
വിയർപ്പിൻ മണമെല്ലാം
നീക്കുവാൻ കഴിവുള്ള
വഴികളനവധി!
എങ്കിലും മനസ്സിന്റെ-
യാഴത്തിലടിയുന്ന
അഴുക്കുംചേറും നീങ്ങാ-
നെന്തുമാർഗ്ഗമാണുള്ളൂ ?
ചുമ്മാതെ തിരയുമ്പോ-
ളോർമ്മയിലൊരു തോടും
പൊടിമീൻ ചൂരുംവന്നു
സ്മരണപുതുക്കുന്നൂ!
ഇന്നുമാ വയലുണ്ടോ,
വയലിൻനടുവിലെ-
ത്തോടുകാണുമോ ? തോട്ടിൽ
മീനുകളുണ്ടാവുമോ?

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ