2016, മേയ് 18, ബുധനാഴ്‌ച

വേനല്‍മഴ

ചൂടു കാറ്റിന്റെ
പുലര്‍കാല വണ്ടിയില്‍
അവളെത്തിയപ്പോള്‍
ഞാനൊന്നുമറിഞ്ഞിരുന്നില്ല.
( കാത്തിരിപ്പിന്റെ
അന്ത്യ യാമങ്ങളിലെപ്പൊഴോ
ഞാനറിയാതെ വന്ന നിദ്ര
എന്റെ കണ്ണുകളുടെ
വാതിലുകളടച്ച്
തഴുതിട്ടിട്ടുണ്ടാവാം )
പിണങ്ങിയാവും
കരഞ്ഞുകൊണ്ടവള്‍
പോയിട്ടുണ്ടാവുക
ഈ വാഴക്കൂമ്പില്‍
തളംകെട്ടിയ
രണ്ടുതുള്ളി കണ്ണീര്‍ മാത്രം
താനെത്തിയതിന്റെ അടയാളമായി
എനിക്കുവേണ്ടി (മാത്രം )
അവള്‍ കാത്തുവച്ചിരിക്കുന്നു !
ഇനിയെപ്പോഴാവും വരികയെന്ന
മേഘദൂതം
ഇപ്പോള്‍ റേഞ്ചില്ലാതെ
അനാഥമാവുകയാണ് !

2016, മേയ് 11, ബുധനാഴ്‌ച

കണ്ടുമുട്ടല്‍

ഇന്നുവീണ്ടും(യുഗങ്ങള്‍ക്കു ശേഷം!)
കണ്ടുമുട്ടുന്നു (സ്വപ്നമോ ?) നമ്മള്‍.

ഓര്‍മ്മയുണ്ടോ? , കവിതയില്‍ കാലം
പൂത്തുലഞ്ഞ പുലരികള്‍ക്കൊപ്പം
നിന്റെ മുഗ്ദ്ധമാംമന്ദഹാസത്തിന്‍
മുക്തഹാരമണിയുവാന്‍വേണ്ടി
പാതയോരത്തു പാഴ്ച്ചെടിപോലും
പൂക്കളാലലങ്കാരമൊരുക്കി !
വീര്‍പ്പുപോലുംവിടാതെനില്ക്കുന്ന
നാട്ടുമാവിന്റെ ശാഖകള്‍തോറും
പാട്ടുപാടീകുരുവികള്‍ നിന്റെ
കണ്‍കളാലൊരു സ്പര്‍ശമോ തേടി?
അന്നു ,നീയാവഴിയിലൂടെത്തും
നേരമങ്ങു വിടര്‍ന്നൂ വസന്തം
എന്റെയുള്ളിലെപ്പാഴ്മണല്‍ക്കാട്ടില്‍-
പ്പോലുമെത്രയോ പൂക്കള്‍നിറഞ്ഞു!
തമ്മില്‍ നന്നായറിയുമെന്നാലും
നിന്നുകൊഞ്ചിക്കുഴഞ്ഞില്ലനമ്മള്‍
ആരെയൊക്കെയോ പേടിച്ചകാലം
മിണ്ടിയതൊക്കെ നോട്ടങ്ങള്‍മാത്രം!
(ഇന്നു കുട്ടികള്‍ കാണുമ്പോഴേക്കും
തമ്മിലുള്ളംതുറന്നുവയ്ക്കുന്നു,
ഉള്ളതെല്ലാംപകുക്കുന്നു, പിന്നെ
ഓര്‍മ്മപോലും വലിച്ചെറിയുന്നു!
ഞങ്ങളോ ,കരള്‍ക്കാമ്പിലെപ്രേമം
ചിപ്പിയില്‍വീണ മണ്‍തരിപോലെ,
നിത്യവേദനവിങ്ങിനിന്നീടും
മുത്തുകള്‍പോലെപേറുന്നകൂട്ടര്‍ !)
വേദിയില്‍നൃത്തമാടുന്നനീ,യെന്‍
പ്രാണനില്‍ പൂഞ്ചുവടുകള്‍ വച്ചു,
പിന്നെയെത്തിയ ഗ്രീഷ്മകാലത്തില്‍
വറ്റി കണ്ണിന്‍നിളാനദിപോലും!
നമ്മളെങ്ങോ പിരിഞ്ഞുപോയ്,കാലം
കാത്തുനിന്നില്ല സ്വപ്നാടനങ്ങള്‍!
ഇന്നുവീണ്ടും(യുഗങ്ങള്‍ക്കു ശേഷം!)
കണ്ടുമുട്ടുന്നു (സ്വപ്നമോ! ) നമ്മള്‍,
സത്ക്കരിച്ചുനീ ശീതീകരിച്ച
മുന്തിരിപ്പഴംനല്കിയിന്നെന്നെ!
തീരെയില്ലപുളി,യതിന്നെന്തു-
മധുരമാണെന്നു ഞാന്‍ മൊഴിയുമ്പോള്‍
നിന്‍ മിഴിക്കോണിലൂര്‍ന്നിറങ്ങുന്നോ
കണ്ണുനീര്‍? അല്ല,തോന്നലാണെല്ലാം!

2016, മേയ് 5, വ്യാഴാഴ്‌ച

പല്ലികളിപ്പോള്‍ ഉത്തരം താങ്ങുന്നില്ല

        പല്ലികളിപ്പോള്‍
ഉത്തരം താങ്ങുന്നതേയില്ല
താങ്ങുവാനൊരു
ഉത്തരം പോലുമില്ലാത്ത പല്ലികള്‍
ഇപ്പോള്‍ തറയിലാണിരതേടുന്നത്.
കുഴപ്പങ്ങളില്‍ കുടുങ്ങുമ്പോള്‍
സ്വന്തം വാല് മുറിച്ചേകി
ബാക്കിയാവുന്ന ജീവിതമാണ് പല്ലി
കുറ്റിവാലുമായി
തറയിലാണ് വാസം
നട്ടുച്ചയ്ക്കുപോലും
ഇരതേടുന്ന പല്ലികള്‍
ആളുകള്‍ വരുമ്പോള്‍
മൂലയിലെ പത്രക്കൂമ്പാരത്തിന് പിന്നില്‍
പതുങ്ങിയിരിക്കുന്നു
ചുമരുകളിലേക്കോടിച്ചാലും
തറയിലേക്കവ തിരിച്ചുവരുന്നു.
വീടുകളെല്ലാം
ഒരുത്തരവും ബാക്കിയാക്കാതെ
ചോദ്യങ്ങളായിത്തന്നെ നില്ക്കുമ്പോള്‍
പല്ലികള്‍ക്ക്
പശയുള്ള നാവുമായി
വീട്ടിനകത്ത്, തറയില്‍തന്നെ
ഇരതേടേണ്ടി വരുന്നു
പറ്റിത്താങ്ങിനില്ക്കാന്‍
ഒരുത്തരവും കിട്ടാതെ
പല്ലികളിനി
ഇടവഴികളിലും
റോഡുകളിലും
ഇറങ്ങുകതന്നെ ചെയ്യും
നമുക്കു മുന്നിലൊരു പിടയ്ക്കുന്ന വാലുമാത്രം
അപ്പോള്‍,
ചോദ്യമായും
ഉത്തരമായും ബാക്കിയാവും