2016, മേയ് 11, ബുധനാഴ്‌ച

കണ്ടുമുട്ടല്‍

ഇന്നുവീണ്ടും(യുഗങ്ങള്‍ക്കു ശേഷം!)
കണ്ടുമുട്ടുന്നു (സ്വപ്നമോ ?) നമ്മള്‍.

ഓര്‍മ്മയുണ്ടോ? , കവിതയില്‍ കാലം
പൂത്തുലഞ്ഞ പുലരികള്‍ക്കൊപ്പം
നിന്റെ മുഗ്ദ്ധമാംമന്ദഹാസത്തിന്‍
മുക്തഹാരമണിയുവാന്‍വേണ്ടി
പാതയോരത്തു പാഴ്ച്ചെടിപോലും
പൂക്കളാലലങ്കാരമൊരുക്കി !
വീര്‍പ്പുപോലുംവിടാതെനില്ക്കുന്ന
നാട്ടുമാവിന്റെ ശാഖകള്‍തോറും
പാട്ടുപാടീകുരുവികള്‍ നിന്റെ
കണ്‍കളാലൊരു സ്പര്‍ശമോ തേടി?
അന്നു ,നീയാവഴിയിലൂടെത്തും
നേരമങ്ങു വിടര്‍ന്നൂ വസന്തം
എന്റെയുള്ളിലെപ്പാഴ്മണല്‍ക്കാട്ടില്‍-
പ്പോലുമെത്രയോ പൂക്കള്‍നിറഞ്ഞു!
തമ്മില്‍ നന്നായറിയുമെന്നാലും
നിന്നുകൊഞ്ചിക്കുഴഞ്ഞില്ലനമ്മള്‍
ആരെയൊക്കെയോ പേടിച്ചകാലം
മിണ്ടിയതൊക്കെ നോട്ടങ്ങള്‍മാത്രം!
(ഇന്നു കുട്ടികള്‍ കാണുമ്പോഴേക്കും
തമ്മിലുള്ളംതുറന്നുവയ്ക്കുന്നു,
ഉള്ളതെല്ലാംപകുക്കുന്നു, പിന്നെ
ഓര്‍മ്മപോലും വലിച്ചെറിയുന്നു!
ഞങ്ങളോ ,കരള്‍ക്കാമ്പിലെപ്രേമം
ചിപ്പിയില്‍വീണ മണ്‍തരിപോലെ,
നിത്യവേദനവിങ്ങിനിന്നീടും
മുത്തുകള്‍പോലെപേറുന്നകൂട്ടര്‍ !)
വേദിയില്‍നൃത്തമാടുന്നനീ,യെന്‍
പ്രാണനില്‍ പൂഞ്ചുവടുകള്‍ വച്ചു,
പിന്നെയെത്തിയ ഗ്രീഷ്മകാലത്തില്‍
വറ്റി കണ്ണിന്‍നിളാനദിപോലും!
നമ്മളെങ്ങോ പിരിഞ്ഞുപോയ്,കാലം
കാത്തുനിന്നില്ല സ്വപ്നാടനങ്ങള്‍!
ഇന്നുവീണ്ടും(യുഗങ്ങള്‍ക്കു ശേഷം!)
കണ്ടുമുട്ടുന്നു (സ്വപ്നമോ! ) നമ്മള്‍,
സത്ക്കരിച്ചുനീ ശീതീകരിച്ച
മുന്തിരിപ്പഴംനല്കിയിന്നെന്നെ!
തീരെയില്ലപുളി,യതിന്നെന്തു-
മധുരമാണെന്നു ഞാന്‍ മൊഴിയുമ്പോള്‍
നിന്‍ മിഴിക്കോണിലൂര്‍ന്നിറങ്ങുന്നോ
കണ്ണുനീര്‍? അല്ല,തോന്നലാണെല്ലാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ