2019, ജൂലൈ 23, ചൊവ്വാഴ്ച

പ്രഹ്ലാദന്‍ (ഏകാങ്കം)

(നാന്ദിയു‌ടെ അവസാനം സൂത്രധാരന്‍ പ്രവേശിക്കുന്നു)
സൂത്രധാരന്‍ :-
തമസ്സാണെങ്ങു,മതന്ധത
തനിയേ വരുത്തിടുമേവനും
തന്നുള്ളിലെ ദ്യുതി ഖദ്യോതതുല്യം
നിന്നുജ്ജ്വലിപ്പിക്കുകതന്നെ മാര്‍ഗ്ഗം
കഷ്ടംതന്നെ. ഇരുട്ടു നിറഞ്ഞ ഈ ഭൂമിയില്‍ സഞ്ചരിക്കുക ഏറെ പ്രയാസംതന്നെ. സമയക്രമമനുസരിച്ച് ഇതു പകലാണല്ലോ !പിന്നെയെന്താവാം ഇവിടെ ഇരുട്ടു
നിറഞ്ഞുനില്ക്കുന്നത് ?
(തപ്പിത്തടഞ്ഞുനടക്കുന്നു.)
(അണിയറയില്‍)
ഹിരണ്യായ നമഃ , ഹിരണ്യായ നമഃ
സൂത്രധാരന്‍ :- എന്താണിത് ? സാക്ഷാല്‍ പരബ്രഹ്മനാമത്തിനു പകരം ഹിരണ്യായ നമഃ എന്നു ജപിക്കയോ ? വെപ്രാളംകൊണ്ട് ഞാനെവിടെയാണ് എത്തിയിരിക്കുന്നത് ? !
( ശ്രദ്ധിച്ചിട്ട് )
ഓ, ത്രൈലോക്യവിജയിയായ അസുരരാജാവ് ഹിരണ്യകശിപുവിന്റെ കൊട്ടാരമാണല്ലോ. ഇവിടെ നാനാവിധദീപമാലകള്‍ എരിയുന്നതായി കാണുന്നുമുണ്ട്, പക്ഷേ, വെളിച്ചം തീരെ കാണുന്നുമില്ല.( ആലോചിച്ച് ) അതാണല്ലേ കാര്യം ! ദുഷ്ടന്മാരുടെ നീതി സത്തുക്കളുടെ അനീതിയാണ്.
ദുഷ്ടര്‍ക്കെന്നു,മവരവര്‍ പടച്ചുവിടുന്ന നീതി
ശിഷ്ടര്‍ക്കനീതി,യതിഗാഢതമസ്സുമത്രേ !
എന്നെങ്കിലും പുലരി പിറക്കുമെന്നു ചിന്തി-
ച്ചെന്നും പ്രതീക്ഷപുലര്‍ത്തിമരുവുന്നു മാളോര്‍ !

ഓ,ഹിരണ്യകശിപു മന്ത്രിമാരുടെകൂടെ സഭാമണ്ഡപത്തിലിരിക്കുകയാണല്ലോ.
അസുരന്മാരുടെ കണ്ണില്‍പ്പെടാതെ ഇവിടെനിന്നും പോയേക്കാം
(പോകുന്നു)
(അനന്തരം സിംഹാസനത്തിലിരുന്നുകൊണ്ട് ഹിരണ്യകശിപുവും ആസനങ്ങളില്‍ ഉപവിഷ്ടരായ നിലയില്‍ രണ്ടു മന്ത്രിമാരും പ്രവേശിക്കുന്നു)
അമാത്യദുര്‍ഗ്ഗുണന്‍ :- ഹിരണ്യായ നമഃ, ഹിരണ്യായ നമഃ ,ഈരേഴു പതിന്നാലു ലോകങ്ങളു‌ടേയും ഭരണകര്‍ത്താവും, അസുരവംശതിലകവുമായ ഹിരണ്യകശിപു ത്തിരുമേനി വിജയിക്കട്ടേ !
ഹിരണ്യകശിപു :- അമാത്യദുര്‍ഗ്ഗുണാ, പറയൂ, എന്തൊക്കെയാണ് നാട്ടിലെ വിശേഷങ്ങള്‍ ?
അമാത്യദുര്‍ഗ്ഗുണന്‍ :- മഹാരാജ്, അവിടുത്തെ നാമം ജപിച്ചുകൊണ്ടാണ് ലോകം ഉണരുന്നതും ഉറങ്ങുന്നതും. അമാത്യഗജരൂപാ, അതങ്ങനെയല്ലേ ?
അമാത്യഗജരൂപന്‍ :- ശരിതന്നെയാണ് അമാത്യദുര്‍ഗ്ഗുണാ. സ്വര്‍ഗ്ഗവീഥികളില്‍പോലും നമ്മുടെ തിരുമേനിയുടെ നാമം മാത്രമേ മുഴങ്ങുന്നുള്ളൂ.
അ.ദുര്‍ഗ്ഗുണന്‍ :- മഹാരാജ്, അവിടുത്തെ ഭയന്ന് ആ മഹാവിഷ്ണുവിന്റെ നിദ്രപോലും നഷ്ടമായത്രേ !
ഹി.കശിപു :- (ഗര്‍ജ്ജനം) നിര്‍ത്തൂ. ആ ദ്രോഹിയുടെ പേര് നമ്മുടെ സഭയില്‍ ഉച്ചരിക്കരുത്. നമ്മുടെ പ്രിയങ്കരനായ സഹോദരന്‍ ഹിരണ്യാക്ഷനെ വധിച്ച ദുഷ്ടനാണയാള്‍. (അനുജന്റെ ഓര്‍മ്മയില്‍...) ഉണ്ണീ, ഹിരണ്യാക്ഷ !, നിന്റെ ചോരയ്ക്ക് ഞാന്‍ പകരം ചോദിക്കതന്നെ ചെയ്യും (മുഖം ഭീഷണമാവുന്നു )

ഉണ്ണീ,ഹിരണ്യാക്ഷ!, നിന്‍സ്മൃതിയെന്റെയുള്ളില്‍
വെണ്ണീറിനുള്ളില്‍ക്കനലെന്നപോലെ
നണ്ണീ, നിതാന്ത,മിവനഗ്രജനുള്ളുറച്ചൂ,
തണ്ണീരിലെച്ചതി പ്രതിക്രിയ വാങ്ങിവയ്ക്കും !

അമാത്യര്‍ (രണ്ടുപേരും ):- ശരിതന്നെ, ശരിതന്നെ മഹാരാജ് ,ഹിരണ്യകശിപു തിരുമേനി തന്റെ അനുജനെക്കൊന്ന വിഷ്ണുവിനോട് തീര്‍ച്ചയായും പ്രതിക്രിയചെയ്യും.
ഹി.കശിപു :- ആസുരജ്വാലകള്‍ ആഞ്ഞടുക്കുമ്പോള്‍ ആര്‍ക്കു പിടിച്ചുനില്ക്കാനാവും ? എങ്കിലും അമാത്യരേ, പ്രതിക്രിയയ്ക്ക് നാം നിശ്ചയിച്ച സമയത്തുതന്നെ നാമതു നിര്‍വ്വഹിക്കും.
(കഞ്ചുകി പ്രവേശിക്കുന്നു)
കഞ്ചുകി :- അസുരചക്രവര്‍ത്തി ഹിരണ്യകശിപുത്തിരുമേനി നീണാള്‍ വാഴട്ടേ. മഹാരാജ്, ശണ്ഡാമര്‍ക്കന്‍ അവിടുത്തെ മുഖം കാണിക്കാന്‍ കാത്തുനില്ക്കുന്നു.
ഹി.കശിപു :- കുലഗുരുവായ ശുക്രമഹര്‍ഷിയുടെ പുത്രന് എന്താണ് വേണ്ടത് ? വരാന്‍ പറയൂ
കഞ്ചുകി :- ഉത്തരവ്. (പോകുന്നു. ശണ്ഡാമര്‍ക്കനൊത്ത് പ്രവേശിക്കുന്നു.)
ശണ്ഡാമര്‍ക്കന്‍ :- മഹാരാജന്‍ വിജയിക്കട്ടേ!.ഒരുകാര്യം ഉണര്‍ത്തിക്കാനുണ്ട്
ഹി.കശിപു. :- പറയൂ.
ശണ്ഡാമര്‍ക്കന്‍ :- അത്....അവിടുത്തെ പുത്രനായ പ്രഹ്ലാദനെപ്പറ്റിയാണ്.
ഹി.കശിപു. :- പ്രഹ്ലാദനെപ്പറ്റിയോ ?
ശണ്ഡാമര്‍ക്കന്‍ :- അതേ മഹാരാജ്.
ഹി.കശിപു :- നമുക്കറിയാം. പ്രഹ്ലാദന് അനുസരണക്കേട് കൂടുതലാണ് ,അല്ലേ ?
ശണ്ഡാമര്‍ക്കന്‍ :- അനുസരണക്കേട് അസുരന്മാര്‍ക്ക് ഭൂഷണമാണ്. പക്ഷേ, മഹാരാജ്,.....കുമാരന്‍....
ഹി.കശിപു :- (രുഷ്ടനായി) അവനെന്തു ചെയ്തു ? പറയൂ
ശണ്ഡാമര്‍ക്കന്‍ :- പഠിപ്പിക്കുന്നതല്ല അവന്‍ പഠിക്കുന്നത്.

ഓതിക്കൊടുക്കുന്ന കാര്യമെല്ലാം
ചോദിച്ച് തര്‍ക്കിച്ചു നിന്നിടുന്നു
അസുരത്വമെന്തെന്ന് പഠിച്ചിടുമ്പോള്‍
സുരപ്രഭാവത്തെ ഗ്രഹിച്ചിടുന്നു !

ഹി.കശിപു :- എന്ത് ? നമ്മുടെ പുത്രന്‍ ദേവപ്രഭാവത്തില്‍ ആകൃഷ്ടനാവുകയോ ?
ശണ്ഡാമര്‍ക്കന്‍ :- മാത്രമല്ല, ആരാണോ സ്വപിതാവിന്റെ കടുത്ത ശത്രുവായിരിക്കുന്നത് , അവന്റെ ഭക്തനായി മാറിയിരിക്കുന്നു പ്രഹ്ലാദന്‍ !

സ്മരിച്ചിടുന്നുണ്ട് ഹരിപ്രഭാവം
തിരഞ്ഞിടുന്നുണ്ടപദാനമെല്ലാം
നിരന്തരം വിഷ്ണുവിശേഷമത്രേ
പറഞ്ഞിടുന്നൂ തവസൂനു നിത്യം !

ഹി.കശിപു :- എന്ത് ? നമ്മുടെ പുത്രനായിട്ടുപോലും അവന്‍ വര്‍ഗ്ഗശത്രുവിനെ ആരാധിക്കുന്നുവെന്നോ ? നിങ്ങള്‍ പഠിപ്പിക്കുന്നതിന്റെ കുഴപ്പമാണ്.
ശണ്ഡാമര്‍ക്കന്‍ :- ഒരിക്കലുമല്ല മഹാരാജ്, അവിടുത്തെഅപദാനങ്ങള്‍മാത്രമേ ഞങ്ങള്‍ കുട്ടികള്‍ക്ക് ഓതിക്കൊടുക്കാറുള്ളൂ
ഹി.കശിപു :- ദണ്ഡനം നടത്തിയില്ലേ ?
ശണ്ഡാമര്‍ക്കന്‍ :- പൊറുക്കണം. അവിടുത്തെ ആജ്ഞയനുസരിച്ചുതന്നെ ചെയ്തു തിരുമേനീ. വിഷ്ണുനാമം ഉച്ചരിക്കുന്നവരെ എങ്ങനെ ശിക്ഷിക്കണമെന്നാണോ അങ്ങയുടെആജ്ഞ, പ്രഹ്ലാദനേയും അങ്ങനെ ശിക്ഷിച്ചു.....
ഹി.കശിപു :- വിശദീകരിക്കൂ
ശണ്ഡാമര്‍ക്കന്‍ :- കുന്തം കൊണ്ട് കുത്തിയെങ്കിലും അവന്റെ ദേഹത്തിന് മുറിവേറ്റില്ല തീയിലെറിഞ്ഞുവെങ്കിലും, പൊള്ളലേറ്റില്ല, കടലിലെറിഞ്ഞുവെങ്കിലും അവനൊരു കുഴപ്പവും പറ്റിയില്ല.

സ്വയം മനസ്സിന്റെ ശ്രീകോവിലിന്റെ
അകത്തളത്തില്‍ ഹരിപൂജ ചെയ് വോര്‍-
ക്കൊരിക്കലും ഖേദമടുത്തിടാതെ
നിറുത്തിടുന്നൂ ഹരി, യെന്നുമെന്നും

ഞങ്ങള്‍ നിസ്സഹായരാണ് മഹാരാജ്, ഇനി എന്തു ചെയ്യണമെന്നു പറയൂ.
ദുര്‍ഗ്ഗുണന്‍ :- മഹാരാജാവേ, പിതൃശത്രുപൂജചെയ് വോനും ശത്രുതന്നെ.
ഗജരൂപന്‍ :- ശരിയാണ്.അവനെ ഇല്ലായ്മ ചെയ്യണം
ഹി.കശിപു :-

ധീരം സമരമുഖങ്ങളിലെതിരിട്ടുകൊണ്ട്
വൈരംജ്വലിപ്പിച്ചുനില്പൊരു വൈരിയേക്കാള്‍
കൂടെനടന്നു, ചിതമോതിയിരുന്നിടുന്ന
ചാരന്‍ കൊടുംവൈരി, സംശയമിങ്ങു വേണ്ട

ആരവിടെ ? പ്രഹ്ലാദനെ ഹാജരാക്കൂ
(കഞ്ചുകി പ്രഹ്ലാദനുമായി വരുന്നു)
പ്രഹ്ലാദന്‍ :- പ്രണാമം പിതാവേ, അവിടുന്നു് എന്നെ കാണാനാഗ്രഹിച്ചുവോ ?
ഹി.കശിപു :- (വാത്സല്യവും കോപവും കലര്‍ന്ന ഭാവം ) ആഗ്രഹിച്ചു.
പ്രഹ്ലാദന്‍ :- പറയൂ പിതാവേ, അടിയനെന്താണ് അവിടേക്കുവേണ്ടി ചെയ്തുതരേണ്ടത് ?
ഹി.കശിപു :- ചെയ്തുതരേണ്ടതോ ? നീ, നമ്മുടെ നിയമങ്ങള്‍ ധിക്കരിച്ചു.
പ്രഹ്ലാദന്‍ :- (അമാത്യനോട്) പിതാവ് സൂചിപ്പിക്കുന്നതെന്താണ് ?
ഗജരൂപന്‍ :- അത് പിന്നെ....കുമാരാ, അവിടുന്ന് പിതൃനാമത്തിനു പകരം വിഷ്ണുനാമമുരുവിട്ടു...
പ്രഹ്ലാദന്‍ :- സന്ധ്യാനാമം ജപിക്കുമ്പോള്‍, ദൈവനാമമല്ലേ വേണ്ടത് ?
ദുര്‍ഗ്ഗുണന്‍ :- കുമാരാ, നമ്മള്‍അസുരന്മാരുടെ ദൈവം ഇവിടുത്തെ പിതാവായ ഹിരണ്യകശിപു തിരുമേനിയാണ്
പ്രഹ്ലാദന്‍ :- അമാത്യദുര്‍ഗ്ഗുണാ, താങ്കളെന്തു വിഡ്ഢിത്തമാണ് പുലമ്പുന്നത് ? ബ്രഹ്മാണ്ഡം മുഴുവന്‍ പരിപാലിക്കുന്ന ദൈവത്തെയല്ലേ എല്ലാ ജീവജാലങ്ങളും പൂജിക്കേണ്ടത് ?
ദുര്‍ഗ്ഗുണന്‍ :- അത് അങ്ങനെ..(ഹിരണ്യ കശിപുവിനെ നോക്കി, പേടിയോടെ ) അതങ്ങനെയല്ല കുമാരാ. ദേവന്‍മാരെ മുഴുവന്‍ തോല്പിച്ച മഹാശക്തിമാനായ , സാക്ഷാല്‍ ഹിരണ്യകശിപുത്തിരുമേനിയാണ്, അവിടുത്തെ പിതാവാണ്, നമ്മുടെ ഈശ്വരന്‍
പ്രഹ്ലാദന്‍ :- എന്റെ പിതാവ് ലോകത്തെ മുഴുവന്‍ അപകടപ്പെടുത്തുന്ന ആളല്ലേ ? അദ്ദേഹം ആരെയാണ് പരിപാലിക്കുന്നത് ? അസുരന്മാരെ മാത്രം. ഈ വിഭാഗീയതയാണോ ഈശ്വരത്വം ?
ഹി.കശിപു :- പ്രഹ്ലാദാ (ചാടിയെണീക്കുന്നു. ഭീഷണമായഭാവം. എല്ലാവരും വിരണ്ടുനില്ക്കുന്നു)
പ്രഹ്ലാദന്‍ :- പിതാവേ, കൈക്കരുത്തില്‍ അഹങ്കരിക്കുന്നവര്‍ മദത്തിന്നടിപ്പെട്ട് സ്വയം ഈശ്വരനാണെന്ന് ഭാവിക്കാറുണ്ട്. എന്നാല്‍ ഈശ്വരന്‍, സാക്ഷാല്‍ പ്രപഞ്ചാധീശ്വരന്‍ മഹാവിഷ്ണുവാണ്.അനന്തശായിയായ പത്മനാഭന്‍. ആ നാരായണനാണ് സകലജീവജാലങ്ങളേയും നിലനിറു‍ത്തുന്നത്.
ഹി.കശിപു :- (പ്രചണ്ഡമായ ചിരി ) സകല ജീവജാലങ്ങളേയും നിലനിറുത്തുന്ന നിന്റെ നാരായണനെന്തുകൊണ്ടാണ് തോറ്റോ‌ടിയ ദേവന്‍മാരെ രക്ഷിക്കാതിരുന്നത് ?
പ്രഹ്ലാദന്‍ :-

സമ്പത്തും സ്ഥാനമാനവും
ദര്‍പ്പമേറ്റുന്നിതാള്‍കളില്‍
ദര്‍പ്പം സ്ഥാനമാനങ്ങള്‍
ഇല്ലാതാക്കിടുമെപ്പൊഴും

ശണ്ഡാമര്‍ക്കന്‍ :- പ്രഹ്ലാദനെന്താണ് പറഞ്ഞുവരുന്നത് ?
പ്രഹ്ലാദന്‍ :- ഗുരോ, സ്ഥാനമാനവും സമ്പത്തുമാണ് ആളുകളെ അഹങ്കാരികളാക്കുന്നത്. അഹങ്കാരം അവരുടെ തോല്‍വിക്കു കാരണമാവുന്നു.
ദേവന്മാര്‍ക്കുപോലും ഇതുതന്നെയാണ് സ്ഥിതി.
ശണ്ഡാമര്‍ക്കന്‍ :- അപ്പോള്‍ ?
പ്രഹ്ലാദന്‍ :- ആചാര്യരേ, അഹങ്കാരമുള്ള മനസ്സ് ദുര്‍ബ്ബലമാണ്. അവരെ എളുപ്പത്തില്‍ കീഴടക്കാം.
ഹി.കശിപു :- എങ്കില്‍ ആരാണ് ശക്തന്‍ ? പറയൂ, എനിക്കവനെ എതിരിടണം.
പ്രഹ്ലാദന്‍ :- മനസ്സില്‍ ഏകാഗ്രമായ ഭക്തി യാതൊരുവനുണ്ടോ, അവനാണ് ശക്തന്‍. പ്രപഞ്ചാത്മാവായ നാരായണന്റെ ഭക്തനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. കാരണം, അവര്‍ സദാ നാരായണന്റെ സംരക്ഷണയിലാണ്. നാരായണ... നാരായണ... ആ ദിവ്യമന്ത്രം ഉരുവിടുന്നതോടെ മനസ്സ് ശാന്തമാവുന്നു, ശക്തമാവുന്നു

ദൈവനാമം ജപിക്കുന്നോന്‍
പേടിക്കേണ്ടൊരു കാര്യവും
ദൈവമുണ്ടാമവന്‍കൂടെ-
യേതു ദുര്‍ഘടകാലവും

ഹി.കശിപു :- (ദേഷ്യത്തില്‍) എങ്കില്‍ എന്റയീ മണ്ഡപത്തില്‍ അവന്‍ വരാത്തത് എന്നെ പേടിച്ചിട്ടാവും !
പ്രഹ്ലാദന്‍ :- അല്ല പിതാവേ,
ഈശ്വരന്‍ ആരേയും പേടിക്കേണ്ടതില്ല.
എവിടെ പ്പോകാനും ഈശ്വരന് ആരുടേയും അനുജ്ഞ ആവശ്യവുമില്ല .
നാരായണസാന്നിദ്ധ്യം ഇവിടെ ഈ മണ്ഡപത്തിലുമുണ്ട്.
ഹി.കശിപു. :- എന്ത് ? നമ്മുടെ സദസ്സില്‍ വരാന്‍ അവന് ധൈര്യമോ ? എവിടെയാണവന്‍ ?
പ്രഹ്ലാദന്‍ :-

ദൈവസാന്നിദ്ധ്യമുണ്ടല്ലോ
ഇപ്രപഞ്ചത്തിലൊക്കെയും
ഏതു രൂപത്തിലും, തീരെ
രൂപമില്ലാതെയും വരും !

അതാണ് വിഷ്ണുലീല !
ഹി.കശിപു :- (പല്ലു ഞെരിച്ച്) എവിടെയുണ്ട് നിന്റെ വിഷ്ണു ?
പ്രഹ്ലാദന്‍ :- ( അര്‍ദ്ധനിമീലിതാക്ഷനായി, കൈ കൂപ്പി ) മഹാവിഷ്ണു സര്‍വ്വവ്യാപിയാണ്.
ഈശ്വരചൈതന്യമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ലതന്നെ.
ഹി.കശിപു. :- (കോപാക്രാന്തനായി ഗദയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു) എവിടെ നിന്റെ നാരായണന്‍ ? നമ്മുടെ ഈ മണ്ഡപത്തിലുമുണ്ടോ ?
പ്രഹ്ലാദന്‍ :- ഉണ്ട് പ്രഭോ.(ഏവരും പേടിയോടെ ചുറ്റും നോക്കുന്നു) ഏതു കല്ലിലും മുള്ളിലും ഈശ്വരനുണ്ട്.
ഹി.കശിപു :- (മണ്ഡപത്തിലെ തൂണു കാണിച്ച്) ഈ തൂണിലുമുണ്ടോ ?
പ്രഹ്ലാദന്‍ :- (സമന്ദഹാസം) ഉണ്ട്. തീര്‍ച്ചയായുമുണ്ട്.
ഹി.കശിപു. :- (തൂണിന്നടുത്തുചെന്ന്, ഗദ ഉയര്‍ത്തി) ഈ തൂണില്‍ നിന്റെ വിഷ്ണുവുണ്ട് അല്ലേ ?
പ്രഹ്ലാദന്‍ :- അതെ പ്രഭോ.
( ഹിരണ്യ കശിപു ഗദകൊണ്ട് തൂണില്‍ ആഞ്ഞടിക്കുന്നു. പിളര്‍ന്ന തൂണില്‍നിന്ന്
നരസിംഹം പ്രത്യക്ഷനാവുന്നു. നരസിംഹത്തിന്റെ ഭീകരമായ അലര്‍ച്ച മുഴങ്ങുന്നു. അസുരന്മാര്‍
ബോധംകെട്ടുവീഴുകയാണ്. ഹിരണ്യകശിപുവിന്റെ കുടല്‍മാല പറിച്ചെടുത്ത് അലറുകയാണ് നരസിംഹം.പ്രഹ്ലാദന്‍ ഹരിനാമമുരുവിട്ടുകൊണ്ട് പ്രാര്‍ത്ഥിച്ചുനില്ക്കുന്നു. ഒ‌ടുവില്‍ പ്രഹ്ലാദനെ അനുഗ്രഹിക്കുന്ന നരസിംഹം. പശ്ചാത്തലത്തില്‍ ഗീതാശ്ലോകം ഉയരുന്നു

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ

ഭരതവാക്യം
പ്രഹ്ലാദമന്നന്‍, പ്രജാക്ഷേമ തത്പര-
നാഹ്ലാദമോടെ ഭരിക്കട്ടേ ഭൂമിയെ
നീക്കട്ടേ സംസാരവുമാത്മ സംഭവന്‍

ലക്ഷ്മ്യാസമേതന്‍ഹരി, നാഗശായിയും.