2021, ജനുവരി 24, ഞായറാഴ്‌ച

 

ആൺകുട്ടികളുടെ മൂത്രപ്പുര
ബാലകൃഷ്ണൻ മൊകേരി
1
ആൺകുട്ടികളുടെ മൂത്രപ്പുര
വെളുപ്പാൻകാലത്തെ ആകാശമാണ്.
നോക്കിയിരിക്കേ,
ഓരോന്നായി തെളിഞ്ഞുവരും!
കുറ്റിയില്ലാവാതിലും
ചെരിപ്പടയാളം കൊളാഷ്തീര്ത്ത
ചവിണ്ടുപോയ ചുമരുകളും
പരീക്ഷാസുരക്ഷയുടെ
തുണ്ടുകടലാസുകള്
മുങ്ങിമരിച്ച ക്ലോസറ്റുകളും
അതിന്റെ വക്കിൽ അടയാളംതീര്ത്ത
ഒറ്റയൊറ്റ രോമങ്ങളും,
കൂറമുട്ടായിയുടെ മണത്തെ അതിജീവിക്കുന്ന
ടെസ്റ്റോസ്റ്റിറോൺ നാറ്റവും
എഴുത്തറ്റെറിഞ്ഞ പേനകളും
രേതസ്സിൻ കണികകള്പോലെ
കഫത്തരികളും
ഓവടഞ്ഞ് തളംകെട്ടിയ
തറയിലെ വെള്ളവും
ആൺകുട്ടികളുടെ മൂത്രപ്പുരയെ
നരകത്തോടുപമിക്കുന്നു!
2
ചുമരിൽ തെളിയുന്ന
ഗണിതമുദ്രകളിൽ
കൗമാരപ്രണയത്തിന്റെ
തെറ്റിപ്പോയ സമവാക്യങ്ങളുണ്ട്
ചുമരിലെ ചെരിപ്പടയാളങ്ങളിൽ
അമര്ത്തിയ കണ്ണീരിന്റെ
പാടുകളുണ്ട്
ചെരിപ്പുമുദ്രകള്ക്കടിയിൽ,
ഗമകാട്ടുന്ന മാഷിന്റെ പേരുണ്ട്,
പൊക്കിളിനുതാഴെയുടുത്ത
സാരിയുടെ രേഖാചിത്രത്തിൽ
അമ്പുതറച്ച ചങ്കടയാളം മിടിക്കുന്നുണ്ട്,
ഇരട്ടപ്പേരുകളുടെ
എഴുത്തെതിരുകള് നിറയെയുണ്ട്,
ഒത്തുതീര്പ്പിനുവഴങ്ങാത്ത പ്രിൻസിപ്പാളിനു
മിനുസപ്പെടുത്താത്ത തെറിയുടെ
പുഷ്പാര്ച്ചനചെയ്തിട്ടുണ്ട്,
പ്രണയംതകര്ക്കുന്ന കരിമ്പൻമാഷിന്
മുടിയുടെ തമിഴ് വിശേഷണം
ഉദാരമായി സമര്പ്പിച്ചിട്ടുണ്ട്,
ആലോചിക്കുമ്പോള്,
ആൺകുട്ടികളുടെ മൂത്രപ്പുരയിൽ
ഗുഹാജീവിതത്തിന്റെ തളംകെട്ടിയ
മുഷിവുമണം നിറയുകയാണ്!
3
നോക്കൂ,നോക്കുന്തോറും
നിറന്നുവരികയാണ് പലതും
തിളങ്ങുന്ന പുറംപൂച്ചുകളും
പരസ്യങ്ങളിലെ വിജയശതമാനവും
മാത്രമല്ല സ്കൂളെന്നും,
പാളിപ്പോയ വിപ്ലവങ്ങളുടെ
അടുക്കളകളായ മൂത്രപ്പുരകളാണ്
ഓരോ സ്കൂളിന്റേയും
മികവിന്റെ സൂചകമെന്നും
ഏതു മല തുരന്നാണ്
നിങ്ങളിനി കണ്ടെത്താൻപോകുന്നത് ?
..............................................................

2021, ജനുവരി 15, വെള്ളിയാഴ്‌ച

 മാഷും കുട്ടിയും

ബാലകൃഷ്ണൻ മൊകേരി

കണ്ണടയും കാൽശരായിയുമണിഞ്ഞ
ഉയരമുള്ള സുന്ദരൻ,
സിദ്ധാര്ത്ഥൻമാഷ്,
തലേന്നുകൊടുത്ത ചോദ്യങ്ങള്ക്ക്
ഉത്തരമെഴുതാതെവന്ന
രാഗിണിയെ ശകാരിച്ചു :
എന്താ കുട്ടീയിങ്ങനെ ?
ഒരിഞ്ച് കനത്തിൽ പൗഡറിടാനും
മിന്നുന്ന പൊട്ടുതൊടാനും
വാലിട്ടു കണ്ണെഴുതാനും
ചെവിക്കരികിലൂടെ കവിളത്തേക്ക്
മുടിചുരുളാക്കിയിടാനും
നീ മറന്നില്ലല്ലോ !
പെൺകുട്ടികള് മാത്രമുള്ള ക്ലാസ്സിൽ
അവിവാഹിതനായ മാഷിന്റെ
ഒരമുള്ള വര്ത്താനം കേട്ട്
രാഗിണിക്കു കലിവന്നു!
പോടാ നായിന്റെമോനേ,
എനക്കു മനസ്സില്ലാഞ്ഞിറ്റാ
എഴുതാണ്ട് വന്നത്,
അയിനിഞ്ഞെന്നെ തൊലിക്കുമെന്ന്
പകുതി മനസ്സിലും
പകുതി തൊട്ടടുത്തുള്ള പത്മിനിക്കുമാത്രം
കേള്ക്കാൻ പാകത്തിലും
പറയുമ്പോള്
അവളുടെ കണ്ണുകള് നിറഞ്ഞിരുന്നു !
കന്യയുടെ പൂങ്കണ്ണീരുകണ്ട്
തൃപ്തനായ സിദ്ധാര്ത്ഥൻ മാഷ്,
സാരല്യ, നാളെ എഴുതിക്കൊണ്ടൊന്നോളൂ
എന്ന് അവളെയിരുത്തിയപ്പോള്
പത്മിനി അവളോട് മന്ത്രിച്ചു :
ഓന് അങ്ങനെത്തന്നെ മാണം,
അല്ല പിന്നെ !
.............................................

 കർഷകൻ്റെ ഉപമ

ബാലകൃഷ്ണൻ മൊകേരി.

നട്ടുനനച്ചുണർത്തിയ
മോഹങ്ങളെല്ലാം
പ്രാണികളും വരൾച്ചയും
കരിച്ചുകളഞ്ഞതുകാണുന്ന കർഷകൻ,
കൃഷിയിടത്തിന് തീകൊടുത്ത്
നിറകണ്ണുകളോടെ കണ്ടുനില്ക്കുന്നത്,
വീണ്ടും മണ്ണൊരുക്കി,
വളംചേര്ത്തുലർത്തി,
പുതിയ വിത്തുകൾ പാകി,
കരുത്തുള്ള പുതിയ പ്രതീക്ഷകൾ
കുരുത്തുവരുന്നത് കാണാനാണ് !
പോയ്പോയതിൻ്റെ കണക്കെടുപ്പിലല്ല
അയാളുടെ നരച്ച നോട്ടം
ഇടറിവീഴുന്നത്!
വന്നുചേരുന്നതിൻ്റെ
ഇടകിളച്ച്,
വായുസഞ്ചാരം ഉറപ്പിക്കുകയാണ്,
പാഴ് മണ്ണിനെ വിളഭൂമിയാക്കുകയാണ്,
പിടിച്ചുനില്ക്കുകയാണ്,
തലയുയർത്തുകയാണ്
കർഷകൻ !
അയാളേതു തരിശുഭൂമി കാണുമ്പോഴും
മനസ്സിലൊരു പച്ചക്കടൽ
തിരയിളക്കുകയാവും !