2021, ജനുവരി 15, വെള്ളിയാഴ്‌ച

 കർഷകൻ്റെ ഉപമ

ബാലകൃഷ്ണൻ മൊകേരി.

നട്ടുനനച്ചുണർത്തിയ
മോഹങ്ങളെല്ലാം
പ്രാണികളും വരൾച്ചയും
കരിച്ചുകളഞ്ഞതുകാണുന്ന കർഷകൻ,
കൃഷിയിടത്തിന് തീകൊടുത്ത്
നിറകണ്ണുകളോടെ കണ്ടുനില്ക്കുന്നത്,
വീണ്ടും മണ്ണൊരുക്കി,
വളംചേര്ത്തുലർത്തി,
പുതിയ വിത്തുകൾ പാകി,
കരുത്തുള്ള പുതിയ പ്രതീക്ഷകൾ
കുരുത്തുവരുന്നത് കാണാനാണ് !
പോയ്പോയതിൻ്റെ കണക്കെടുപ്പിലല്ല
അയാളുടെ നരച്ച നോട്ടം
ഇടറിവീഴുന്നത്!
വന്നുചേരുന്നതിൻ്റെ
ഇടകിളച്ച്,
വായുസഞ്ചാരം ഉറപ്പിക്കുകയാണ്,
പാഴ് മണ്ണിനെ വിളഭൂമിയാക്കുകയാണ്,
പിടിച്ചുനില്ക്കുകയാണ്,
തലയുയർത്തുകയാണ്
കർഷകൻ !
അയാളേതു തരിശുഭൂമി കാണുമ്പോഴും
മനസ്സിലൊരു പച്ചക്കടൽ
തിരയിളക്കുകയാവും !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ