2021, നവംബർ 16, ചൊവ്വാഴ്ച

ഗൃഹാതുരം 10
ബാലകൃഷ്ണൻ മൊകേരി
കൂട്ടുകാരൊത്തു തോട്ടിൽക്കുളിക്കാൻ
ഇഷ്ടമാണെനി,ക്കെങ്കിലുമെന്നെ
പോകുവാനമ്മ സമ്മതിക്കില്ല,
നീന്തുവാനെനിക്കാവതില്ലല്ലോ!
പണ്ടുപണ്ടേ ജലരാശിയൊപ്പം
കൊണ്ടുപോയോർ കഥകളാകുന്നൂ,
അക്കഥകൾ ! ,മടുത്തുപോയെന്റെ
ശൈശവം! എന്തു കഷ്ടമക്കാലം !
തിണ്ടിലേറിയിരുന്നുഞാനൊന്നും
മിണ്ടിടാതെ,യക്കൂട്ടുകാർപോകും.
ഏറെനേരം മദിച്ചു,ചെമന്ന
കൺകളോടെയവർതിരിച്ചെത്തും,
ഏറെനേരമാ വെള്ളത്തിനുള്ളിൽ
മുങ്ങിനിന്നതും,മത്സരംവെച്ചു
നീന്തി ദൂരത്തുപോയതുമൊക്കെ
കേട്ടുകേട്ടു കരഞ്ഞുപോംഞാനും!
നീപഠിക്കുക നീന്തുവാനെന്നാ-
യമ്മസമ്മതംതന്നവസാനം!
"തൊണ്ടെര"കെട്ടിയെത്തിചങ്ങാതി
"കണ്ടുവോനിന്റെ നീന്തൽസഹായി!”
തെങ്ങിൽവന്നുപിറന്നുവെന്നാലും
കാമ്പുകാണാത്ത ജന്മവൈചിത്ര്യം!
കാണുവോർക്കു കലിപ്പേകിടുന്ന
ശാപമായൊരാപ്പാഴായ ജന്മം
ഇന്നെനിക്കെന്റെ ജീവിതയാനം
ഭദ്രമാക്കാൻ സഹായമേകുന്നൂ!
രണ്ടുതൊണ്ടുകള് മടലിന്റെ ചേരി-
നാരുകള് തമ്മിൽ ചേർത്തുകെട്ടുന്നൂ!
കെട്ടുകള്ക്കുമേൽ ഞാൻ കിടക്കുമ്പോള്,
തൊണ്ടുകള് ഇരുഭാഗത്തുമായി
പൊന്തിനില്ക്കുന്നു,താഴാതെഞാനും
മെല്ലെമെല്ലെപ്പഠിക്കുന്നുനീന്താൻ!
എത്രനാളുകളാവിധംതന്നെ
താങ്ങുതന്നാരവരെനിക്കായി!
നീന്തുവാൻഞാൻ നിപുണനായപ്പോള്
നിഷ്ക്കരുണമുപേക്ഷിച്ചുവല്ലോ!
തൊണ്ടുകള് ഞാൻ, മറന്നൂ സകലം
ജീവിതമെനിക്കെന്റെയാണല്ലോ !
സപ്തസാഗരമൊക്കെയും നീന്തി-
യക്കരെക്കടന്നങ്ങുനില്ക്കുമ്പോള്,
നിഷ്ഫലമായ ജീവിതംകൊണ്ടെൻ
യാത്രകള്ക്കു കരുത്തേകിയോരെ
സ്വാർത്ഥഹീനരാംചങ്ങാതിമാരെ,
യോർത്തുപോകെ മിഴിനനയുന്നൂ!
*********************************

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ