2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പൊരുത്തപ്പെടൽ
-ബാലകൃഷ്ണൻ മൊകേരി

അങ്ങാടിയിലെ അറവുകാരൻ
ബൈക്കിൻെറ മുന്നിൽ
ദേശീയപതാകയുമുറപ്പിച്ച്
പറപ്പിച്ച്
പോകുന്നതുകണ്ടാണ്
സ്വാതന്ത്ര്യദിനമെന്നോര്‍ത്തത്.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്
ഏറെനാള്‍ജയിലിൽകിടന്ന
കുട്ടിരാഘവൻ മാഷ്
ആഗസ്റ്റ്മാസം പിറന്നാൽ
കൂട്ടിനുള്ള കൊക്കിക്കുരയുമായി
സ്വാതന്ത്ര്യദിനമാഘോഷിക്കേണ്ടതിനെപ്പറ്റി
വായനശാലയിൽ വന്ന്
ഞങ്ങളോട് പറയുമായിരുന്നു.
പക്ഷേ,
കഴിഞ്ഞ ജനുവരിയിലദ്ദേഹം
മണ്ണിൽനിന്ന് സ്വതന്ത്രനായി
(അഞ്ചുകൊല്ലം മുമ്പ് ഭാര്യയും.)
ബ്രിട്ടനിൽ ജോലിചെയ്യുന്ന
രണ്ടു മക്കള്‍ക്കും വരാൻ കഴിഞ്ഞില്ല
നാട്ടുകാരുടെ നേതൃത്വത്തിലാണ്
ശവമടക്ക് കഴിഞ്ഞത്.
മന്ത്രിമാരൊക്കെവന്ന പരിപാടിയായിരുന്നു.
ചടങ്ങുകളുടെ വീഡിയോ
മക്കള്‍ക്കയച്ചുകൊടുത്തത്
ഞാനാണ്
അവര്‍ക്കെന്തു സന്തോഷമായെന്നോ !
അദ്ദേഹത്തിൻെറ പഴയ വീടിപ്പോള്‍
കാടുപിടിച്ചുകിടപ്പാണ്
വരാന്തയിൽ രാപ്പകലെന്യേ
തെരുവുപട്ടികളുടെ ഉന്മാദമാണ്
ഉമ്മറച്ചുമരിലെ ചില്ലിട്ട ഫോട്ടോകളിൽ നിന്ന്
ഗാന്ധിജിയും നെഹ്റുവും
സൂഭാഷ്ചന്ദ്രബോസും
എപ്പോഴോ മങ്ങിമാഞ്ഞുപോയി!
(പിന്നെ എനിക്കറിയാത്ത ഒരുപാട് നായകരും-
ഇവരെയൊക്കെ ഞാനെങ്ങനെയറിയാനാണ്!)
ഇപ്പോളാവഴിപോകാൻ
ആളുകള്‍ക്ക് പേടിയാണ്.
അങ്ങാടിയിലേക്കിപ്പോള്‍ പുതിയ വഴികളുണ്ട്.
ടാറിട്ട റോഡുകളാണ്
വാഹനങ്ങള്‍
തലങ്ങും വിലങ്ങുമോടും.
വറ്റാത്ത നീരുറവകളും
ചളിയും ചണ്ടിയും പരൽമീനുകളും
തവളകളും നീ‍‍ര്‍ക്കോലികളുമുള്ള,
നുള്ളിക്കയും പുല്ലെണ്ണയും
മഷിത്തണ്ടുകളും സുലഭമായ വഴികളായിരുന്നു
-ഇന്നാര്‍ക്കും ഇതൊന്നും വേണ്ടാതായല്ലോ !
(വയസ്സൻമാര്‍ പോലുമിന്ന്
ആ വഴി മറന്നിരിക്കുന്നു !)
പറ‍ഞ്ഞുപറഞ്ഞ് മറന്നുപോയല്ലോ ഞാൻ,
ചെക്കനുകൊടുക്കാനൊരു പതാകവേണമല്ലോ,
അതിപ്പോ കിട്ടിയില്ലെങ്കിൽ കുഴപ്പമാണ്
വീട്ടിലൊരു സ്വാതന്ത്ര്യസമരം നടന്നേക്കും
ചിരിക്കേണ്ട,എന്തു ചെയ്യാം,
ഓരോരോ പൊരുത്തപ്പെടലുകള്‍ തന്നെ.
മൊയ്തൂക്കയുടേയോ
രാമൻ നമ്പ്യാരുടേയോ കടയിൽ
ഈലോകത്ത് വില്പനയ്ക്കുള്ളതെന്തും
കിട്ടുമെന്നുള്ളതാണ് ആശ്വാസം.
ഞാനൊന്ന് പോയിനോക്കട്ടെ,
ചിരിക്കല്ലേ,
ഇന്നെല്ലാര്‍ക്കും,
പൊരുത്തപ്പെടലുകള്‍തന്നെയാണ് ജീവിതം !

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ