2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച


പക്ഷിശാസ്ത്രം
ചൂടുപെയ്യുംപക,ലന്നൊരുച്ചയില്‍
കേറിവന്നാള്‍ കുറത്തി,യെന്‍വീടിന്റെ-
യങ്കണത്തില്‍ പതുക്കെയിരുന്നവള്‍
ഏറെയാവില്ല പ്രായം,മുറുക്കിനാല്‍-
ചോന്ന ചുണ്ടുകള്‍,മഷിചേര്‍ന്ന കണ്ണുകള്‍,
(കണ്ണിലെക്കയനീലിമയ്ക്കുള്ളിലെ
വെള്ളിമീനുകള്‍ ചാടിക്കളിച്ചുവോ? )
നെറ്റിയില്‍ കുറി,രുദ്രാക്ഷമാലയൊ-
ന്നാകഴുത്തില്‍,വിയര്‍പ്പില്‍ കുളിക്കയാം.
തോളിലുണ്ട് തുണിസഞ്ചി,കൈകളി-
ലൊന്നിലാകിളിക്കൂട്,ആ കൂട്ടിലോ
നിന്നുറങ്ങുന്നു പഞ്ചവര്‍ണ്ണക്കിളി!
"എന്തു വേണം ?"പറഞ്ഞിടാമൊക്കെയും,
പക്ഷിശാസ്ത്രം,പഴുതറ്റ വാക്കുകള്‍.
വര്‍ത്തമാനവും, ഭൂതവും ഭാവിയും
ചെറ്ററിയാന്‍ കൊതിയിരിപ്പീലയോ ?
കൂട്ടിലെക്കിളിച്ചുണ്ടുകള്‍ ചീട്ടുകള്‍
സാറിനായി തെരഞ്ഞെടുക്കട്ടെയോ ?”
സ്തബ്ധനായി ഞാന്‍ തത്തയെ നോക്കവേ,
കൂട്ടിലെക്കിളിയെന്തോ പുലമ്പിയോ !
"കൃത്യമായവള്‍ ചീട്ടുവലിക്കുമെ”-
ന്നപ്പൊഴും പറയുന്നൂ കുറത്തിയാള്‍,
കൂട്ടിലെക്കിളി, യപ്പോഴുമെന്റെ നേര്‍-
ക്കൊച്ചകള്‍ നീട്ടി,യെന്തോ പുലമ്പിയോ ?
കൂടുമേലെയടുക്കിയ ചീട്ടുകള്‍,
ആ കുറത്തി തന്‍മുന്നില്‍ നിരത്തിനാള്‍,
പിന്നെയാക്കിളിക്കൂടു തുറക്കയായ്
പൈങ്കിളി പുറത്തെത്തീ പതുക്കവേ,
ചീട്ടുകള്‍, പല ചിത്രങ്ങളങ്കിത-
മായ ചീട്ടുകള്‍, രാമായണംകഥ,
ഭാരതം, ചില സന്ദര്‍ഭചിത്രങ്ങ-
ളൊക്കെയും പരതുന്നുണ്ട് ശാരിക !
എന്റെ ഭൂതവും ഭാവിയും,പിന്നെയീ
വര്‍ത്തമാനവും, ചീട്ടിലതൊന്നിലും
കണ്ടെടുക്കാന്‍ കഴിയാതെ, പൈങ്കിളി
ഒന്നു നിന്നുവോ, എന്റെയീ കണ്‍കളി-
ലുറ്റുനോക്കിയോ,ഒച്ചയുണ്ടാക്കിയോ ?
ഞെട്ടലില്‍നിന്നുണര്‍ന്നുഞാന്‍ നോക്കവേ
തത്ത വാനില്‍ പറന്നങ്ങു പോകയായ്!
2
"കഷ്ടമായീ, കുറത്തീ,യിനിയെന്തു
ചെയ്തിടും നിങ്ങ"ളെന്നു ചോദിക്കവേ,
ഞെട്ടലോടെ ഞാന്‍ കാണ്മിതവളൊരു
മന്ത്രമോതി,യൊരിറ്റുനീരെന്റെ മേല്‍
മെല്ലെ മെല്ലെ കുടയുന്നു, ഞാനൊരു
തത്തയാകുന്നു,പഞ്ചവര്‍ണ്ണക്കിളി !
എന്‍ ചിറകുകള്‍ കൂട്ടിപ്പിടിച്ചവള്‍
തന്റെ കൂടിനകത്തേക്കെറിയുന്നു,
വാതില്‍ മെല്ലെയടച്ചുപൂട്ടീടുന്നു,
കൂടു തൂക്കി നടക്കുന്നു പിന്നെയും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ