2017, മേയ് 16, ചൊവ്വാഴ്ച

മോഹന്‍ ജൊദാരോ
1
മരിച്ചവരുടെ കുന്നിന്റെ
കാടുനീക്കിയ ലോഹക്കൈ
കുന്നിന്റെ പള്ളകീറി
പുറത്തെടുത്തത്
ഒരു സംസ്കാരമായിരുന്നു
നഗരമായിരുന്നു
ആസൂത്രണമികവിന്റെ
മനുജവൈഭവമായിരുന്നു
ചുടുകട്ടയിലെഴുതിയ
ജീവിതമായിരുന്നു !

2
തിരക്കേറിയ നഗരം
ജീവിതം തിളയ്ക്കുന്ന ചത്വരങ്ങള്‍
മണ്ണുമെരുക്കുമായുധങ്ങള്‍
വിത്തുനട്ട് വിളകൊയ്ത
കൃഷിപ്പാട്ടുകള്‍
കൂടിയാടിയ ചുവടുകള്‍
അഴുക്കൊഴിച്ച
കുളിയിടങ്ങള്‍
വേവിച്ച മണ്‍കട്ടകളില്‍
ഒളിച്ചുവച്ച വിശപ്പ്
എക്കല്‍മണ്ണിന്റെ
സമൂഹഗാനം !

3
കരുത്തിന്റെ വെളിപാടുകള്‍
സ്തുതിപാഠകന്‍മാരുടെ
വചനവര്‍ഷം
കൊണ്ടാടലുകളുടെ
ആഘോഷം
പക്ഷേ,
ജീവിച്ചതിന്റെ
ഒരസ്ഥിസാക്ഷ്യംപോലും
കണ്ടുകിട്ടിയില്ല !

4
ഇനിയിപ്പോള്‍,
ആര്‍ക്കും വേണ്ടാതായ
കവിതകളെ
ആഴത്തില്‍ കുഴിച്ചുമൂടുമ്പോള്‍,
എന്നെങ്കിലും
പ്രളയം വരുമെന്നും
പിന്നെ
നൂറ്റാണ്ടുകള്‍ക്കപ്പുറം
കാലത്തിന്റെ പള്ളകീറി
പുറത്തെടുക്കാന്‍
ആ കവിതകള്‍ മാത്രമേ
ഉണ്ടാവുകയുള്ളൂവെന്നും
ചിന്തിക്കുകയാണ്
കവി !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ