2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

പൊന്നുരുക്കുന്നിടത്ത്
ഗംഗൻ സ്രാപ്പിൻെറ
കടയിലിരുന്ന്
പൊന്നുരുക്കുന്നത്
കാണുകയായിരുന്നു.
ആവണിപ്പലകയില് ചമ്രംപടിഞ്ഞിരുന്ന്,
അടിപൊട്ടിയ കലം കമഴ്ത്തിയിട്ട്
മേലെവച്ച ചട്ടിക്കഷണത്തിലെ ഉമിക്കരിയില്
ഇരുന്നലുകളിട്ട്,
പൈപ്പിലൂടെ ഊതിയൂതി
തീച്ചൂടിനെ വരുതിയിലാക്കി
ഉരുക്കിയ കാതിലക്കമ്മല്
കട്ടയാക്കി വെള്ളത്തില് മുക്കി
കുട്ട്യോളെ അടിക്കുമ്പോലെ
പതുക്കനെ അടിച്ച്
പരുവപ്പെടുത്തുമ്പോള്
ഒരുകഷണം മുറിഞ്ഞ്
എങ്ങോ തെറിച്ചുപോയി
പൊന്നല്ലേ, സ്രാപ്പും ഞങ്ങളും
പരതിപ്പരതി വശംകെട്ടു
തെറിച്ചത് കിട്ടീല
സാരമില്ലെന്ന് സ്രാപ്പ്
പണിതുടരുന്നു
പുറത്തിറങ്ങി നടന്നനേരം
ഒരു പരുങ്ങല് വന്ന്
എൻെറ തോളിലിരുന്നു
പൊങ്കഷണം ഞാനെടുത്തെന്ന്
ഗംഗൻസ്രാപ്പു കരുതുമോ ?
കടയിലിരുന്ന മറ്റുള്ളോരും
സംശയിക്കുന്നുണ്ടാവുമോ ?
ഞാനാ പൊങ്കഷണം
സത്യമായും എടുത്തിരിക്കുമോ ?!
എന്നെപ്പറ്റി
എനിക്കുതന്നെ സംശയമായി
കാലുകളിടറി
മുഖം മഞ്ഞളിച്ച്
വിവശനായി
തിരിച്ചുചെന്നപ്പോള്
ഗംഗൻ സ്രാപ്പ് പറയുന്നു :
തെറിച്ചുപോയ കഷണംകിട്ടി
അതെൻെറ ഉടുമുണ്ടിലൊളിച്ചതാ
അതിനുശേഷമാണ് പൂച്ചകള്,
പൊന്നുരുക്കുന്നിടത്ത്
പോകാതെയായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ