2019, ഡിസംബർ 5, വ്യാഴാഴ്‌ച

അനുസ്മരണം
ബാലകൃഷ്ണന്‍ മൊകേരി
അനുസ്മരണവേദിയില്‍
അപദാനങ്ങളുടെ
പെരുമഴ പെയ്യുമ്പോള്‍
പിറകിലൊരു
പ്രാവുതൂറിയ കസാരയിലിരുന്ന്
അന്തംവിടുകയായിരുന്നു.
മലയാളഭാഷയ്ക്കുവേണ്ടി
പല്ലും നഖവുമുപയോഗിച്ചു
പോരടിച്ച സാഹിത്യകാരന്‍,
തന്റെ കൃതികളിലൂടെ
ജന്മഗ്രാമത്തെ അനശ്വരമാക്കിയ
അതുല്യപ്രതിഭ,
നാട്ടുചൊല്‍വടിവുകളില്‍
ചൈതന്യമുണര്‍ത്തിയ കവി,
തീപാറുന്ന രചനകള്‍
ഫാസിസ്റ്റ്മാധ്യമങ്ങള്‍ക്കു നിഷേധിച്ച,
പ്രസിദ്ധീകരണ മാഫിയകള്‍ക്കെതിരെ
നാട്ടിന്‍പുറത്തെ ,അജ്ഞാതരായ
പ്രസിദ്ധീകരണശാലകളിലൂടെ
പുസ്തകമിറക്കിയ വിപ്ലവകാരി,
കിടപ്പാടം പണയപ്പെട്ടപ്പോഴും
കുടുംബം
തന്നെഎഴുതിത്തള്ളിയപ്പോഴും
തലയുയര്‍ത്തി നേരിട്ട വ്യക്തി
വിശേഷണങ്ങള്‍
ഇയ്യാമ്പാറ്റകള്‍പോലെ
അനുസ്മരണഹാളില്‍ നിറയുമ്പോള്‍,
കവിയെ അറിയാതെപോയ
അജ്ഞതയില്‍ കുറ്റബോധം പെരുകി,
അടുത്തുള്ള കാലൊടിഞ്ഞകസേരയിലെ
മൂപ്പീന്നിനോട് ചോദിച്ചു
ആരാണദ്ദേഹം ?
ഇത്രവലിയ കവി ,
മലയാളത്തിന്റെ അഭിമാനം,
ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടിയ
വിപ്ലവകാരികവി ?

എന്നെ നോക്കിച്ചിരിച്ചൂ വയസ്സന്‍ :
കള്ളങ്ങളത്രേയീകേള്‍പ്പതെല്ലാം !
താനെഴുതുവതൊക്കെയും
കവിതയെന്നേകരുതിയ
വിഡ്ഢിയായിരുന്നയാള്‍ !
ആനുകാലികങ്ങളൊന്നും
അടുപ്പിച്ചീലയാളെ,
പ്രസിദ്ധീകരണശാലകളും
ചേര്‍ത്തുനിര്‍ത്തീലയാളെ,
കിടപ്പാടം പണയപ്പെടുത്തി
ഇറക്കിയ പുസ്കകങ്ങള്‍
വായില്ലാകുന്നിലപ്പന്മാരായിത്തീരവേ
പ്രതിഷ്ഠിക്കാനൊരു കുന്നുപോലുമില്ലാതെ
യാത്രതുടര്‍ന്നയാള്‍
വീടും വരവുമില്ലാതായ അയാളെ
എഴുതിത്തള്ളീ കുടുംബവും,
കഞ്ഞിവെള്ളവും കിട്ടാതെ
നാടുനീളെയലഞ്ഞയാള്‍,
പിന്നെയേതോ വഴിയമ്പലത്തില്‍
വീണുചത്തുപോയ്
വിഡ്ഢി !
വയസ്സനോടുകയര്‍ത്തുഞാന്‍ :
ഇവിടെപ്പറഞ്ഞോരെല്ലാം
വെറുതെ വായിട്ടലക്കയോ ?
അറിയുമോ നിങ്ങള്‍ക്കിയാളെ,
വെറുതേ ചൊല്ലരുതൊന്നുമേ !
ചിരിക്കയാണയാള്‍ വീണ്ടും-
അറിയും നന്നായെനിക്കെടോ,
എനിക്കുമാത്രമേ പക്ഷേ,
അറിവതെന്നുമതായിടാം !
ഞെട്ടേണ്ട,ഞാന്‍തന്നെയത്രേ
ഇവിടെ പറയും കവീശ്വരന്‍ !
             ഇതിന്‍ശേഷമാണുഞാന്‍
അനുസ്മരണങ്ങള്‍ക്കു പോകാതെയായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ