2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

 

പരിഭാഷ-7

അഗ്നിപര്‍വ്വതങ്ങള്‍

............................

ബാലകൃഷ്ണൻ മൊകേരി


അഗ്നിപര്‍വ്വതങ്ങളെപ്പറ്റിയുള്ള

പഠനങ്ങള്‍ രസകരമാണ്

കീഴ്വഴക്കത്തിന്റെ

ടെക്റ്റോണിക് ഫലകങ്ങള്‍

മധ്യഅറ്റ്ലാന്റിക്കിലെപ്പോലെ അകലുമ്പോഴും,

ശാന്തസമുദ്രമേഖലയിലെപ്പോലെ

കൂട്ടിയിടിക്കുമ്പോഴും

സ്ഫോടനങ്ങളുണ്ടാവാം.

അപ്പോള്‍,

ദുരനുഭവങ്ങളുടെ മാഗ്മയും

തെറിയുടെ വാതകങ്ങളും ചീറ്റിത്തെറിച്ച്,

ഭീതിയുടെ വിഷമയമായ മേഘപാളികളുയരും

കൊടും നാശംവിതയ്ക്കും.

അഗ്നിപര്‍വ്വതങ്ങള്‍ പലതരത്തിലുണ്ട്

പണ്ടെന്നോ പൊട്ടിത്തെറിച്ച്

സ്ഫോടനംതന്നെ മറന്നുപോയവയും,

ഓര്‍മ്മയിലിപ്പോഴുമത് ഓമനിക്കുന്നവയും

പൊട്ടിത്തെറിക്കാൻ കാരണംതേടുന്നവയുമുണ്ട്.

ചിലത് പൊട്ടിത്തെറിക്കുമ്പോള്‍

ഫൗണ്ടൻപോലെയുയര്‍ന്ന് നാലുപാടും ലാവചീറ്റി

കാണികള്‍ക്ക് രസകരമാവും !

എന്നാലതിന്റെ ഒഴുക്കുവഴിയിൽപെട്ടാൽ

എന്തും നശിച്ചുപോവും

ചിലത്, ഭയങ്കരമായി പൊട്ടിത്തെറിച്ച്

കാണികളുടെ ശ്വാസം നിലപ്പിക്കുന്നവയാണ്.

എങ്കിലുമവ പുറത്തുവിടുന്ന

അതുവരെയുള്ള ദുരനുഭവങ്ങളുടെ

ചാരവും പ്യൂമിസും

പൈറോക്ലാസ്റ്റികങ്ങളായി

ജീവിതഭൂമികയെ ഫലഭൂയിഷ്ഠമാക്കും.

അവിടെ ജീവന്റെ നിത്യനൂതനഹരിതവും

പ്രണയത്തിന്റെ സുമവൈവിധ്യവും നിറയും!

എന്നാൽ,

കടലിന്നടിയിലുണരുന്നവയുടെ സ്ഫോടനം

ചിലപ്പോളെങ്കിലും

കുടുബത്തിന്റെ ദ്വീപസഞ്ചയംതന്നെ

ക്രാകതോവാ ദ്വീപുപോലെ

ഉപ്പുനീരിലാഴ്ത്തിക്കളയും!

എന്നാലും ചിലപ്പോളവ,

വാഗ്ദ്ധാനത്തിന്റെ പുതിയ ദ്വീപുകള്‍ക്ക്

ജന്മംനല്കാറുണ്ട്.

അപ്പോഴും, ഹേ അഗ്നിപര്‍വ്വതമേ,

എന്തുധൈര്യത്തിലാണ് ഞങ്ങളവിടെ താമസിക്കുക ?

.......................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ