2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

 പരിഭാഷ - 5

കാലിഡോണിയയിലെ തോട്ടക്കാരൻ
...................................................................
ബാലകൃഷ്ണൻ മൊകേരി.
കാലിഡോണിയയിലെ
കെന്നത്ത് പ്രഭുവിൻ്റെ പ്രസിദ്ധമായ
പൂന്തോട്ടം സന്ദർശിക്കുന്നതിനിടയിൽ,
ബോൺസായ് വിഭാഗത്തിൽ
തോട്ടക്കാരനെ പരിചയപ്പെട്ടു.
അയാളെനിക്ക്
വർഷങ്ങളുടെ പഴക്കമുള്ള
വൻമരങ്ങളുടെ കുഞ്ഞു പതിപ്പുകൾ
ചെറിയ ചെറിയ മരപ്പാത്രങ്ങളിൽ
നിരത്തിവെച്ചത് കാണിച്ചു തന്നു .
അവയൊക്കെ
സ്കൂൾ യൂനിഫോമിൽ ഞെരുങ്ങുന്ന
കൗമാരക്കാരെപ്പോലെ തോന്നിച്ചു .
ഇവയൊക്കെ താൻ രൂപപ്പെടുത്തിയെന്നും
ഇവയ്ക്കെല്ലാം നാല്പതു വയസ്സുണ്ടെന്നും
അയാൾ പറഞ്ഞു.
വൻമരങ്ങളുടെ കുഞ്ഞുതൈകളെടുത്ത്
ചട്ടിയിൽ നടുന്നതു മുതൽ
പ്രൂ ണിംഗ്, റൂട്ട് റിഡക്ഷൻ
പോട്ടിംഗ് എന്നിങ്ങനെ
അയാളെനിക്ക് വിവരിച്ചു തന്നു!
എനിക്കാകെ മനസ്സിലായത്
മുരടിപ്പിച്ചു കളഞ്ഞ മരങ്ങളുടെ
ആത്മസംഘർഷമാണ്!
അവയ്ക്കിപ്പോൾ
ആയിരക്കണക്കിന് പൗണ്ടുകളുടെ
വിലയുണ്ടെന്നും അയാൾ പറഞ്ഞു.
അവയോരോന്നും ഓരോ കലാസൃഷ്ടികളാണത്രേ
താനടുത്ത വർഷം
തോട്ടക്കാരൻ്റെ പണിയിൽ നിന്ന്
വിരമിക്കയാണെന്നും,
തുടർന്നു് ബ്രസീലിൽ പോകുമെന്നും
അയാൾ പറഞ്ഞു.
അവിടെ, ആമസോൺ മഴക്കാടുകളിൽ
ഒരു കുടിൽ കെട്ടി,
അംബരചുംബികളായ
മരമുത്തശ്ശന്മാർക്കിടയിൽ കിടന്ന്
മരിക്കണമെന്നും
അയാൾ പറഞ്ഞു.
എനിക്കീ തോട്ടക്കാരനെ
മനസ്സിലാകുന്നതേയില്ലല്ലോ!
Nandanan Mullambath, Pradeep K and 56 others
26 Comments
Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ