2022, ജൂലൈ 21, വ്യാഴാഴ്‌ച

 

മണ്ണാത്തിപ്പുള്ള്
-ബാലകൃഷ്ണൻ മൊകേരി
കിണര്മൂടിയ വലയ്ക്കുള്ളിൽ
പെട്ടുപോയ മണ്ണാത്തിപ്പുള്ള്
പുറത്തേക്കു വഴി കാണാതെ
നിസ്സഹായയായും
പരിഭ്രാന്തിയിൽ കേണും
തലങ്ങും വിലങ്ങും പറക്കുന്നു,
അതിനോടുചോദിച്ചു :
നീയെന്തിനാണ്
വലയ്ക്കുള്ളിൽ കയറിയത് ?
വലയ്ക്കുള്ളിൽ വലതീര്ത്ത
എട്ടുകാലിയെകണ്ട് കയറിയെന്നും
അങ്ങനെ കുടുങ്ങിയെന്നും പുള്ള് .
അകത്തുകേറും വഴിതന്നെ
പുറത്തിറങ്ങാൻ തടസ്സമോ ?
മോഹങ്ങളുടെ പിന്നാലെ പറക്കുമ്പോള്
രക്ഷാമാര്ഗ്ഗങ്ങളൊന്നും
ചിന്തയിൽ വരില്ലെന്നും
അകപ്പെട്ടാൽ,
വിവേചനബുദ്ധി മായുന്നുവെന്നും,
നിസ്സഹായത
ആരേയും തകര്ക്കുമെന്നും
പുള്ളിന്റെ അനുഭവപാഠം!
ഞാൻ ചിരിച്ചപ്പോള്,
പുറത്തുള്ളവരുടെ യുക്തികൊണ്ട്
ഇരകളെ നിരൂപണംചെയ്യരുതെന്നു്
പുള്ള് ദേഷ്യപ്പെട്ടു.
വലയുടെ ഒരുവശമുയര്ത്തി
ഞാൻ രക്ഷാമാര്ഗ്ഗം കാട്ടിയപ്പോള്,
രക്ഷകനെന്ന മിഥ്യാഭിമാനം വേണ്ടെന്നും
വലയിൽ ചെന്നുപെടാനും
പെട്ടാൽ കരഞ്ഞുവിളിക്കാനുമുള്ള വാസന
ജീവിസഹജമാണെന്നും
പതിയെ പാടിക്കൊണ്ട് പുള്ള്
ആകാശത്തിലേക്കുയര്ന്നുപോയി.
ആപത്തിൽപ്പെട്ട ജീവികളുടെ
തത്ത്വചിന്തയെപ്പറ്റി
ഗവേഷണം നടത്താനുറച്ച്
ഞാൻ യൂനിവേഴ്സിറ്റിയിലേക്കു പുറപ്പെടുകയും ചെയ്തു
*********************************
 May be an image of bird and nature

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ