2022, ജൂലൈ 21, വ്യാഴാഴ്‌ച

 

കരൾ പാതി
ബാലകൃഷ്ണൻ മൊകേരി
മാന്തണൽത്തറയിലൊരന്തിതൻ തളിരുകൾ
ഞെട്ടറ്റു വീഴുന്ന വേളയിലവനോട്
ചോദിക്കയായവൾ,പ്രിയനേ ,പറയുക
ഞാൻ നിനക്കാരാണ് ?, നീ പറഞ്ഞീടുക
തറയിൽ, കിടന്നുകൊണ്ടാകാശരാശികൾ
നിർമ്മമം വീക്ഷിക്കുമവനൊന്നു ഞെട്ടിയോ !
നീയെന്റെ കരളാണ്,ജീവനാണെപ്പോഴും
നീയില്ലയെങ്കിൽ, ഉറപ്പാണ് ഞാനില്ല,
സൂരപ്രകാശം കടന്നുചെല്ലാത്തൊരു
ദൂരഗ്രഹമായ് തികച്ചുമജ്ഞാതമായ്
നിർജ്ജീവമായി നിലച്ചുപോയേനെ ഞാൻ
നീയെന്റെയാത്മന്റെ ചൈതന്യമാണെടോ
സർവ്വംനിനക്കായി നേദിക്കുവോനിവൻ!
ചോദിക്കയാണവൾ, നീയെനിക്കേകുമോ
നിൻകരൾപാതിയെ, നിശ്ചയമെന്നവൻ.
ഇങ്ങനെയിങ്ങനെ വർത്തമാനങ്ങളിൽ
മങ്ങാതെ നില്ക്കുന്ന സ്നേഹത്രിസന്ധ്യയിൽ
കാമുകിമെല്ലെയെഴുന്നേറ്റു,പോകുവാ-
നോങ്ങുന്ന വേളയിലിങ്ങനെ ചൊല്ലിനാൾ
നാളെപ്പുലർച്ചെ നീ
എത്തണം,എൻ കൂടെ,
ഹോസ്പിറ്റലിൽ
എന്റെ അച്ഛൻകിടക്കുന്നു
കരൾപോയൊരച്ഛന്,
നിൻകരൾ പാതി നീ
നല്കണം,ടെസ്റ്റുക-
ളൊക്കെ നടത്തിടാം.
നാളെവരാതെനീ
പോവുകിൽ നിന്നോടു
മിണ്ടാനൊരുങ്ങില്ല
ഞാനൊരുകാലവും
(സൂര്യനല്ലന്നസ്തമിച്ചതാക്കാമുകൻ,
പിറ്റേന്നു സൂര്യനെപ്പോലുദിച്ചില്ലയാൾ !)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ