2022, ജൂലൈ 21, വ്യാഴാഴ്‌ച

 

(ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ്, ദയവായി തെളിവിനാവശ്യപ്പെടരുത്.കഥയേക്കാളും വിചിത്രമാണ് ജീവിതമെന്നേ പറയാനുള്ളൂ!)
ഭൗതികമായ ഒരു പ്രണയം
ബാലകൃഷ്ണൻ മൊകേരി
ക്ലാസുകഴിഞ്ഞ് തിരിച്ചെത്തിയാൽ
കോളേജുകുമാരൻ
ദാമുവിന്റെ പലചരക്കുകടയിലെത്തും.
സഹൃദയനായ ദാമുവിനോട്
അയാൾ തന്റെ മനസ്സുതുറക്കും.
നീലക്കണ്ണുകളും പനങ്കുലമുടിയുമുള്ള
ഒരു സുന്ദരിപ്പെണ്ണ്
തന്റെ മനസ്സിന്റെ വാതിലുകൾതുറന്ന്
അകത്തുകടന്നശേഷം
അയാൾക്കു പറയാനുണ്ടായിരുന്നത്,
എന്നും അവളെക്കുറിച്ചായിരുന്നു!
മലര്മന്ദഹാസ മനോഹാരിതയും
വശ്യമായ ചലനങ്ങളും
നിരന്തരം അയാൾ
തന്റെ വാക്കുകളിലാവിഷ്ക്കരിക്കാന് തുടങ്ങി!
ഒടുവിൽ ദാമു പറഞ്ഞു
നീയൊന്നു സങ്കല്പിച്ചുനോക്കൂ,
അവൾ,
വയറിളക്കംവന്ന് ചറപറെ തൂറുന്നത്!
കാമുകന്റെ മുഖം
മഴക്കാലത്തെ ആകാശംപോലായി
അയാൾ ഒന്നുംപറയാതെ
പുറത്തേക്കിറങ്ങിപ്പോയി!
ദാമൂ,ഇതല്പം ഏറിപ്പോയോ ? ഞാൻ ചോദിച്ചു.
കുറേദിവസമായി സഹിക്കുന്നു,
അവന് അങ്ങനെത്തന്നെ വേണം
ദാമു പറഞ്ഞു.
ഭൗതികമായ പ്രണയങ്ങളെപ്പറ്റി ആലോചിച്ച എനിക്ക്
പക്ഷേ ചിരിക്കാൻ കഴിഞ്ഞില്ല.
********************************************


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ