2022, ജനുവരി 14, വെള്ളിയാഴ്‌ച

 

ഗൃഹാതുരം 13
-ബാലകൃഷ്ണൻ മൊകേരി
കുരുത്തംകെട്ട ബാല്യത്തിൻ
വിരുത്തമോർത്തിരിക്കവേ,
കാണാകുന്നു വീണ്ടും നിന്നെ
കണ്ണിലുത്സവദീപ്തിപോൽ !
വിളയാടും കൂട്ടരൊത്തു
കളിയാടും ദിനങ്ങളിൽ
ഇരയായ്ത്തീർന്നു നീയെന്നും,
കരയാൻ കഴിയാത്തവൾ!
എത്രയേകാഗ്രരായ് ഞങ്ങൾ
പിന്തുടർന്നു പിടിച്ചുനിൻ
വാലിന്മേൽ നൂലുകൊണ്ടുള്ള
താലിയൊന്നണിയിക്കയായ്!
അതോടെ തീർന്നുപോകുന്നുൂ
സ്വാതന്ത്ര്യംപൂത്തജീവിതം
തന്നിഷ്ടക്കാർക്കുമുന്നിൽ നീ
മിന്നുന്ന കളിപ്പാവയായ് !
നിലപാടിൻ കരുത്തെന്നു
കാലുറപ്പിച്ച കല്ലുകൾ,
നീ ചുമന്നു കൊടുംഭാരം
മറക്കുന്നൂ ചിറകുകൾ!
ചിരിച്ചാർത്തു മടുക്കുമ്പോൾ
കരത്തിൽച്ചേർത്ത നൂലിനെ
കൈവിടും ഞങ്ങ,ളന്നേരം
നീ പറക്കാൻ ശ്രമിച്ചിടും !
കാലിന്മേൽ ശിലതൻഭാരം,
നൂലുകെട്ടിയ ജീവിതം
മുൾപ്പടർപ്പിൽ കുരുങ്ങുന്നൂ,
താൻപടുത്ത കിനാവുകൾ !
അന്നത്തെത്തുമ്പിയാണല്ലോ
ഇന്നു ഞാ,നെന്ന ബോധമെൻ
കാലിൽ കാണ്മതുഭൂഭാരം,
നൂലിന്നദൃശ്യബന്ധനം !
**********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ