2022, ജനുവരി 31, തിങ്കളാഴ്‌ച

 

ഗൃഹാതുരം 15
പിറന്ന വീട്
-ബാലകൃഷ്ണൻ മൊകേരി
പിറന്നവീടിന്റെപടികൾകേറിഞാ-
നറിയുമോ എന്നെയെന്നുചോദിക്കവേ,
ചെറിയമുറ്റത്തെ മുഴുവൻ കൈയേറി
വളർന്ന കാടുകളൊന്നു നടുങ്ങിയോ ?
ഇളകിടുന്നുണ്ട് ചെടികളൊക്കെയു-
മൊരുകാറ്റുവന്നു പതുങ്ങിനില്ക്കയായ്!
ചുവന്ന കാവിയാൽ മെഴുകിമിന്നിച്ച
വരാന്തയിൽ പൊടി കനത്തുനില്ക്കുന്നു!
ചുമരിൽ മാറാല,യൊളിച്ചിരിക്കുന്നു
ചിലന്തികൾ,മുരണ്ടുണരും പ്രാവുകൾ,
നിലവിളക്കിന്റെ തിരിതെളിഞ്ഞൊരു
സ്ഥലിയിൽ,ശുഷ്ക്കമാം പറവതൻജഡം,
പുറത്തുസ്വപ്നത്താൽനനച്ചു ഞാൻ നട്ട
ചെടികളൊക്കെയുമുണങ്ങിനില്ക്കുന്നു!
ഉണക്കമേശാതെയൊരു ബോഗൺവില്ല
ച്ചെടിമാത്രം കാൺമൂ നരച്ചപൂവുമായ്,
പഴയ സ്വപ്ന ത്തിന്നടുത്തുനില്ക്കവേ-
യൊരുകാറ്റുവീശി, പുണരുകയായെന്നെ!
അതിന്റെ മുള്ളുകൾ ദൃഢമാണിപ്പോഴും
മുറിവുകൾതന്നെ തരുന്നതെപ്പോഴും
ഒരുനിണബിന്ദു പുറത്തേക്കുവന്നു,
പുതുക്കുകയാവാം അതിൻരക്തബന്ധം!
പിറന്നവീടിനെക്കൊതിച്ചുവന്നുഞാ-
നിവിടെയാരുമി,ല്ലനക്കവുമില്ല!
എപ്പോഴെത്തിനീ,യെന്നൊരു ചോദ്യമോ,
വിളർത്തുപോയിനീ,യെന്ന വിതുമ്പലോ,
ഇവിടെയാരുമി,ല്ലവരൊക്കെയേതോ
മറുലോകംപൂണ്ടു,ദിനങ്ങളേറെയായ്!
(ഇവിടെ,യേട്ടനും കുടുംബവും,അവർ
നഗരസാമീപ്യം കൊതിച്ചുപോയവർ!
അവരു,പൂട്ടിയിട്ടിരിക്കുന്നൂ,വിറ്റു-
മുറിക്കുവാൻ പക്ഷേ,നിനച്ചുകാണില്ല !)
പഴയവീടിന്റെയടുത്തുമൂകനായ്
നിനവിലാഴവേ,മിഴിനനയവേ,
പുറത്തുനിന്നൊരാൾ,പറയുന്നൂ,നിങ്ങൾ
തിരിച്ചുപോകുവിൻ,അവിടാരുമില്ല!
*****************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ