2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

May be an image of monument

സിംഹാസനം
-ബാലകൃഷ്ണൻ മൊകേരി
തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്ന്,
സിംഹാസനത്തിന്റെ വലംകൈയിലെ സിംഹം
ഇടംകൈയിലെ സിംഹത്തോടു പറഞ്ഞു
നോക്കൂ, നമുക്കിനി വിശ്രമകാലമാകും
ആരും തിരിഞ്ഞുനോക്കാനില്ലാതെ
കൊട്ടാരത്തിന്റെ നിലവറയിൽ
പൊടിപിടിച്ച്,നിറംമങ്ങിയങ്ങനെ...
ഒട്ടും പേടിക്കാനില്ല,
ഇടംകൈയിലെ സിംഹം ചിരിച്ചുകൊണ്ട്
സഹപ്രവർത്തകനോടു പറഞ്ഞു :
നിനക്കോർമ്മയില്ലേ,
വിക്രമാദിത്യനിരുന്നകാലം ?
പിന്നീട് ചരിത്രത്തിന്റെ മണ്ണിന്നടിയിൽനിന്ന്
ഭോജരാജാവ് നമ്മെ കണ്ടെടുക്കാൻ
വെറുമൊരിടയൻ നിമിത്തമായി.
പിന്നീടാരെല്ലാം ഇരുന്നു!
ജന്മംകൊണ്ടുമാത്രം രാജാക്കന്മാരായ
വെറും തെണ്ടികളും
ഭോഷന്മാരും
മതവൈരം ഭൂഷണമാക്കിയവരും
ഏഷണിക്കാരും,
നട്ടെല്ല്
ചേമ്പിൻതണ്ടുപോലെ വളയുന്നവരും
ഇവിടെ നമുക്കിടയിലങ്ങനെ
ഞെളിഞ്ഞിരുന്നു
എത്ര കാലങ്ങളങ്ങനെയങ്ങനെ.,
എത്ര പൃഷ്ഠങ്ങളങ്ങനെയങ്ങനെ..
എന്നിട്ടും നമ്മുടെ സ്ഥാനത്തിനെന്തെങ്കിലും
കുറവുവന്നുവോ?
പിന്നീട് വെളിച്ചംകണ്ടാൽ കണ്ണ്ചുളുക്കുന്ന,
വീണമരത്തിന്നടിയിൽ വളർന്ന
പുല്ലിലപോലെ വെളുത്തപൃഷ്ഠങ്ങൾ
എന്തൊക്കെ കുതന്ത്രങ്ങൾക്കും
ക്രൂരതകൾക്കും
നമുക്കിടയിലിരുന്നവർ രൂപംകൊടുത്തു!
അവരുടെ കൊടിയായിരുന്നല്ലോ,
നമ്മുടെ പിന്നിലന്ന് സ്പന്ദിച്ചിരുന്നത് !
എന്നിട്ടെന്തായി ?
ഒരുപാതിരയ്ക്കവര്
എല്ലാം വിട്ടെറിഞ്ഞ് കപ്പൽകയറിയില്ലേ?
പിന്നെ പുതിയ ഇരിപ്പുകാരുണ്ടായി!
അന്നും,
നമുക്കൊരൂനവും തട്ടിയില്ല.
പഴയ രാജാക്കന്മാരുടെ കാലംപോലെ
ഉപജാപങ്ങളും
തലയണമന്ത്രങ്ങളും
പടലപ്പിണക്കങ്ങളും
വാഴ്ത്തുപാട്ടുകളുംമാത്രം
നമുക്കുചുറ്റുമലയടിച്ചു!
നമ്മൾ കാവൽനില്ക്കുന്ന ഇരിപ്പിടത്തിൽ
ഒരു വെളുത്ത ഖദർഷാളുമാത്രം
മാറ്റത്തിന്റെ സൂചനയായി!
ഇത്രയും കേട്ടവാറെ,
വലത്തേക്കൈയിലെ സിംഹപുരുഷൻ പറഞ്ഞു
ഓരോതവണ ഇരിക്കുന്നവരും
അതിനുമുമ്പിരുന്നവരുടെ
ബദ്ധവൈരികളായിരിക്കെ,
ഇവിടെയിരിക്കുമ്പോൾമാത്രം
അവര്ക്കെല്ലാം ഒരേപൃഷ്ഠമാവുന്നതെങ്ങനെ?
അതിനു കാരണമുണ്ട്,
ഇടത്തേക്കൈയിലെ സിംഹം പറഞ്ഞു
മാറ്റം
ഇവിടെയിരിക്കുന്നവർക്കുമാത്രം,
നോക്കൂ, കൊട്ടാരത്തിന്റെ ഇടനാഴികളിലെല്ലാം
മന്ത്രിച്ചുകൊണ്ടുനടക്കുന്നത്
ചിരപുരാതന ഉപജാപകസംഘമാണ്.
പുതുതായി വരുന്നവർക്കായി
അവർ പഴയതാളത്തിൽത്തന്നെയാണ്
വാഴ്ത്തുപാട്ടുകളെഴുതുന്നത്
അവരെ മുച്ചൂടും മാറ്റാതെ
ഈ സിംഹാസനം ജനകീയമാവില്ല!
മാറ്റം ജനകീയമാവില്ല.
വരുന്നവർ എല്ലായ്പ്പോഴും
വൈതാളികരുടെ വാഴ്ത്തിൽമയങ്ങി
താൻ പഴയരാജാവെന്ന്
വിചാരിക്കയാണ് പതിവ് !
ഇപ്പോള്, തെരഞ്ഞടുപ്പുകഴിഞ്ഞ സ്ഥിതിക്ക്,
ഇരിക്കാൻ വരുന്നവരെ കാണാം
അപ്പോള്നമുക്കുറപ്പിക്കാനാവും
നമ്മുടെ സ്ഥാനം,
മന്ത്രമണ്ഡപത്തിലോ നിലവറയിലോ
എവിടെയായിരിക്കുമെന്ന്.
ഇതുകേട്ടവാറെ,
വലംകൈയിലെ സിംഹം
പ്രതീക്ഷയോടെ തലയാട്ടി!
(സിംഹം തലയാട്ടുന്നതുകണ്ട്
വിരണ്ടുപോയ വൈതാളികന്മാർ
കൊട്ടാരത്തിൽ ഭൂകമ്പമെന്ന് വിളിച്ചുകൂവി
പുറത്തേക്കു കുതിക്കാൻതുടങ്ങി !)
**************************
Picture courtesy Google

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ