2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

 

ഗൃഹാതുരം 16
തൊട്ടാവാടി
ബാലകൃഷ്ണൻ മൊകേരി
ഞാനൊരു വെറും തൊട്ടാ-
വാടിയാ,ണതിൻ നേരെ
നിൻചൂണ്ടു വിരൽനീണ്ടാൽ
മതി ഞാൻ തളർന്നുപോം!
അതിനാൽ നിന്നിൽനിന്നു-
മിത്തിരി ദൂരംമാറി
നിന്നുഞാൻ ചിരിക്കുന്നൂ,
പിണങ്ങിപ്പോകാതെ നീ,
എന്തിനു,സദാ സ്നേഹ-
സ്പർശമായ് കടന്നെത്തും
തെന്നലുപോലും തന്റെ
കൈവിരൽ കനപ്പിച്ചാൽ
തളരും ഞാ,നെന്നില
മടക്കിയൊതുങ്ങിപ്പോം!
(കാഴ്ചയിൽ പരുക്കനാ-
ണെങ്കിലും മൃദുചിത്തം,
കാഴ്ചകൾ പലപ്പോഴും
വഴിതെറ്റിപ്പൂ നമ്മെ!)
എപ്പൊഴും "ലജ്ജാലു"വെ-
ന്നറിയപ്പെടുമ്പോഴും
പ്രതിരോധിക്കാൻ സജ്ജ-
മാണെന്റെ കമനകൾ!
പിന്നെയുമുള്ളംതൊടും-
മട്ടിൽനീ,യലോസരം
തുടര്ന്നാ,ലെന്വാക്കുകൾ
തീണ്ടുന്നു മുള്ളായ് നിന്നെ!
നിൻമനം മുറിപ്പെടാൻ
കൊതിയില്ലെനിക്കു,ഞാ-
നനതിനാലല്ലോ തെല്ലു
മാറിനില്ക്കുന്നൂ, നിത്യം!
എന്നെനീ,യെന്നെങ്കിലും
ഞാനായിഗ്രഹിക്കുകിൽ
അന്നറിഞ്ഞീടും ഞാനേ
മുറിവിൻ മരുന്നെന്നും!
*****************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ