2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

 

വേദവും പശുവും
ബാലകൃഷ്ണൻ മൊകേരി-
ശിഷ്യനൊത്തുള്ള പതിവുസഞ്ചാരത്തിനിടയിൽ
ആരാന്റെ പറമ്പിൽക്കേറി
കുറുകെനടക്കുമ്പോൾ
ഗുരു പശുവിനെ കാണുന്നു.
കഴുത്തിലെ കയറിന്റെ
മറുതലകെട്ടിയ തെങ്ങിനുചുറ്റും
കയറിന്റെ നീളമനുസരിച്ച്,വൃത്തത്തിൽ
ഗ്രാസ് കട്ടറുകൊണ്ടെന്നപോലെ പുല്ലുനീക്കിക്കഴിഞ്ഞ്
അപ്പുറത്തെ പുൽനാമ്പിലേക്ക് നാവുനീട്ടുന്ന
പശുവിനെക്കണ്ട്
കരുണാലോലനായിഭവിച്ച ഗുരു
തന്റെ ശിഷ്യനോട് പശുവിനെ ഉപദേശിക്കാൻ
ആവശ്യപ്പെട്ടാറെ,
ശിഷ്യൻ പശുവിനടുത്തുചെന്ന്,
കയറെന്ന പാരതന്ത്ര്യത്തെപ്പറ്റി
വാചാലനാവുകയും,
അതില്ലാഞ്ഞാലുള്ള സൗകര്യങ്ങളെപ്പറ്റി
അതിനെ ബോധ്യപ്പെടുത്തുകയും ചെയ്താറെ,
പശു മുക്കുറയിട്ടുകൊണ്ട്,
കയറണിയുന്നത് തന്റെ ഇഷ്ടമാണെന്നും
അതിലിടപെടാൻ
ഒരുത്തനും അവകാശമില്ലെന്നും
കൊമ്പുകുലുക്കിക്കൊണ്ട്
അയാളോടമറുകയാണുണ്ടായത്.
പിന്തിരിഞ്ഞോടുന്ന തന്റെ ശിഷ്യന്റെ
പൃഷ്ഠഭാഗത്ത് പശുതന്റെ കൊമ്പുകളാൽ
മുദ്രവെക്കുന്നതും,
അയാൾ പറന്നുവന്ന്
തന്റെ കാല്ക്കൽ തലകീഴായി പതിക്കുന്നതും
ദര്ശിച്ച ഗുരു
ഇപ്രകാരം അരുളപ്പെട്ടു :
വത്സാ, വെട്ടാൻവരുന്ന പോത്തിനോടുമാത്രമല്ല,
കയർ അലങ്കാരമായികാണുന്ന പശുക്കളോടും
വേദമോതരുതെന്ന സത്യം
ഇപ്പോൾ വ്യക്തമായില്ലേ ?
അതിനാൽ, നമുക്കു
യാത്രതുടരുകതന്നെയാണ് കരണീയം.
**********************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ