2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

 

നാട്ടാഴം
ബാലകൃഷ്ണൻ മൊകേരി
നാട്ടാഴം,കത്തുമുച്ചയ്ക്കും
നീന്തിനില്ക്കുന്ന ഭീതികൾ!
കയത്തിൽ,തെളിവെള്ളത്തിൽ
മയക്കംപൂണ്ട മീനുകൾ
മാനംനോക്കിക്കിടക്കുന്നൂ,
മനക്കണ്ണിൻമടുപ്പുുകൾ !
പൂത്തപാലകളോരത്തായ്
കാത്തുനില്ക്കുന്ന യക്ഷികൾ !
കാഞ്ഞിരത്തിൽ ദ്രവിച്ചേപോയ്
മന്ത്രവാദത്തുരുമ്പുകൾ!
വക്കത്തെ കൈതോലയിൽ,
കൊക്കുതാഴ്ത്തിയ പൊന്മയും
കാത്തിരിക്കുന്നു ,താഴത്തെ
പുൽത്തടത്തിൽ തവളയും!
പായലിൻ മുഖംമൂടിയി-
ട്ടൊളിച്ചേനില്പുു താമര !
കറുത്തിരുണ്ട വെള്ളത്തിൽ
വരാലിനുണ്ടു ജാഗ്രത
പരപ്പിന്നളവുകള്തേടി
പാഞ്ഞുപോകുന്നു പാമ്പുകൾ!
പൊടിമീനുകള് നാണിച്ച്
നാലുപാടുമൊളിക്കയായ്
ആഴത്തിൽ വേറൊരാകാശം
മേഘംപൂത്തുകിടക്കയായ് !
നിധികാക്കുന്നു പൂതങ്ങൾ
നാട്ടാഴത്തിന്റെ നന്മയിൽ!
ജലോപരിയുയർന്നെത്തും
ചിലപ്പോള് ചില കുമിളകൾ!
പൂതത്തിൻ വിനിമയപ്പൂൂരം
പുറത്തേക്കു കുതിക്കയാം
ഇടയ്ക്കാനിധികുംഭങ്ങൾ
വെയിൽക്കണ്ണിലുയർന്നിടും!
അതുകണ്ടാൽ,നോക്കുമാറില്ല
ഞങ്ങള്,തലതിരിഞ്ഞുപോം!
പൂതത്തിൻ കൂടെയുണ്ടാവും
കയത്തിൽച്ചത്ത പിശാചികൾ !
പാതിരാവിൻ നടവരമ്പിൽ-
പ്പാട്ടുപാടുംലഹരികൾ !
നാട്ടാഴം സുന്ദരം, ക്രൗര്യം
നാവുനീട്ടുന്ന വന്യത,
നാട്ടാഴം നന്മതൻനാട്യം,
നട്ടുപോറ്റുുന്ന ജീവിതം!
**********************അക്ഷരം ഡിജിറ്റൽ ത്രൈമാസികത്തിന്റെ പ്രഥമലക്കമാണ്.https://online.fliphtml5.com/qmddh/mddg/#p=1ലിങ്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ